കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹം: മാതാപിതാക്കളുടെ മൊഴിയെടുത്തു; വ്യാജരേഖ ചമച്ചതില്‍ തെളിവുകള്‍ ശേഖരിച്ചു; അന്വേഷണം ഊര്‍ജിതമാക്കി മധ്യപ്രദേശ് പോലീസ്; കൂടൂതല്‍ പേരെ പ്രതിയാക്കുന്നതില്‍ നിയമോപദേശം തേടി മഹേശ്വര്‍ പോലീസ്; എം.വി. ഗോവിന്ദനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസും

കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹം

Update: 2026-04-12 01:18 GMT

ന്യൂഡല്‍ഹി: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതില്‍ തെളിവുകള്‍ ശേഖരിച്ചു. കൂടൂതല്‍ പേരെ പ്രതിയാക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വര്‍ പോലീസ്. ഈ മാസം 22ന് പൂര്‍ണ്ണമായ റിപ്പോര്‍ട്ട് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന് സമര്‍പ്പിക്കുമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

അതിനിടെ വിവാഹം നടത്തിയതില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും രംഗത്തെത്തി. എം.വി. ഗോവിന്ദന്‍, വി. ശിവന്‍കുട്ടി, എ.എ. റഹീം എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി നല്‍കിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദാണ് പരാതി നല്‍കിയത്.

മാര്‍ച്ച് 11നാണ് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ച് വൈറല്‍ താരത്തിന്റെ വിവാഹം നടന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കഴിഞ്ഞ 10ന് മധ്യപ്രദേശ് പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവിന് എതിരെയാണ് കേസ്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെയായിരുന്നു പൊലീസ് നടപടി.

കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ക്ക് ഡല്‍ഹിയില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഏപ്രില്‍ 22ന് ഇരുവരും ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നും കമ്മീഷന്‍ കണ്ടെത്തി. പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നെന്ന് ആശുപത്രി രേഖകളില്‍ നിന്ന് കണ്ടെത്തി.

അതേസമയം, വിവാഹത്തിന് എത്തിയപ്പോള്‍ ഇരുവരും രേഖകള്‍ കാണിച്ചെന്നും പ്രാഥമിക പരിശോധന മാത്രമേ തങ്ങള്‍ക്ക് നടത്താന്‍ കഴിയുള്ളു എന്നുമായിരുന്നു ശ്രീ നയിനാര്‍ദേവ ക്ഷേത്രം ട്രസ്റ്റിന്റെ വിശദികരണം. ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ചും വെരിഫിക്കേഷന്‍ നടത്തിയിരുന്നുവെന്നും തെളിവെടുപ്പിനായി ക്ഷേത്രത്തിലെത്തിയ ദേശീയ പിന്നാക്ക കമ്മീഷന്‍ കെ ഡിസ്‌ക് വഴിയാണ് രേഖകള്‍ എടുത്തതെന്നും ട്രസ്റ്റ് സെക്രട്ടറി അജിത്ത് പറഞ്ഞു.

എന്നാല്‍ പരാതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് സിപിഐയുടെ പക്ഷം. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ചായിരുന്നു വിവാഹം നടത്തിയതെന്നും ഇരുവരുടെയും വിവാഹം റിയല്‍ കേരളാ സ്റ്റോറി തന്നെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.

വിഷയം കേരളത്തിലെ ബിജെപിയും ഏറ്റുപിടിച്ചിട്ടുണ്ട്. കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹം ഗൂഢാലോചന ആയിരുന്നു എന്നാരോപിച്ചു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് രംഗത്തുവന്നു. എന്തുക്കിട്ടിയാലും വിഴുങ്ങി മതേതരത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിന് കിട്ടിയ തിരിച്ചടി. 16 വയസുള്ള കുട്ടിയെ കല്യാണം കഴിപ്പിക്കല്‍ ആണോ ഇവരുടെ പണി. വേറെ പണി ഒന്നും ഇല്ലേ?. ഇതൊരു ഗൂഢാലോചന ആയിരുന്നുവെന്നും സുരേഷ് ആരോപിച്ചു.

ഇന്ത്യന്‍ ശിക്ഷ നിയമം പ്രകാരം എം വി ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എന്നിവര്‍ ജയിലില്‍ കിടക്കാന്‍ തക്കവണ്ണം കുറ്റം ചെയ്തവര്‍. 16 വയസുകാരി കുട്ടി മറ്റൊരു നാട്ടില്‍ വന്നാല്‍ കല്യാണം കഴിപ്പിക്കല്‍ അല്ല ഉത്തരവാദിത്വം എന്ന് ബോധമില്ലേ. 16 വയസുകാരിയെ കല്യാണം കഴിപ്പിക്കാന്‍ ആര് അധികാരം കൊടുത്തുവെന്നും എസ് സുരേഷ് ചോദിച്ചു.

Tags:    

Similar News