'ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചു, അന്വേഷണം പുകമറ മാത്രം; ഇത്തരം കേസുകളില്‍ ചെറിയ ശിക്ഷ ലഭിക്കുന്നിടത്തോളം കാലം ഒരു മാറ്റവും ഉണ്ടാകില്ല'; നിതിന്‍ രാജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി സിദ്ധാര്‍ഥിന്റെ അമ്മ
'ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചു, അന്വേഷണം പുകമറ മാത്രം
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ച കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആര്‍ എല്‍ നിതിന്‍രാജിന് അന്ത്യാഞ്ലി അര്‍പ്പിക്കാനെത്തി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ. നിതിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനായി എത്തിയതെന്ന് സിദ്ധാര്‍ഥിന്റെ അമ്മ പറഞ്ഞു.
ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നു. അതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു സിദ്ധാര്‍ഥന്റെ അമ്മ പറഞ്ഞു. അന്വേഷണത്തില്‍ ഒന്നും നടക്കില്ല. അധ്യാപകരെ സസ്പെന്റ് ചെയ്ത നടപടി വെറും പുകമറ മാത്രമാണെന്നും അമ്മ പറഞ്ഞു.
'റിസര്‍വേഷനിലൂടെ സീറ്റ് കിട്ടുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. ഇത് മൂലം മറ്റുള്ളവരുടെ ചാന്‍സ് നഷ്ടമാകുന്നതുകൊണ്ടാണോയെന്ന് അറിയില്ല. ഇത്തരം കേസുകളില്‍ ചെറിയ ശിക്ഷ ലഭിക്കുന്നിടത്തോളം കാലം ഒരു മാറ്റവും ഉണ്ടാകില്ല. സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായവരെ തന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചെടുത്തില്ലേ?, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്താല്‍ കുറച്ചെങ്കിലും മാറ്റമുണ്ടാകുമായിരുന്നു. ആര്‍ക്കും പേടിയില്ല. ഗവര്‍ണര്‍ ഇടപെട്ടതുകൊണ്ടാണ് അല്‍പമെങ്കിലും നീതിയെങ്കിലും കിട്ടിയത്. സ്വാഭാവികമരണമാണ് എന്നാണ് അദ്യം പറഞ്ഞത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. ഇത്രനാളും പോരാടിയത് വെറുതെയായി.' അമ്മ പറഞ്ഞു.
സംഭവത്തില്‍ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിതിന്റെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. കോളജിലെ അധ്യാപകന്‍ മകനെ ജാതി പറഞ്ഞും 'പുഴുത്ത പട്ടി' എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജന്‍ ആരോപിച്ചു. കോളജിലെ 3 അധ്യാപകര്‍ക്കെതിരെയാണ് ആരോപണങ്ങള്‍. സംഭവത്തില്‍ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
നിതിന്‍ രാജിനുനേരെ മറ്റു വിദ്യാര്‍ഥികള്‍ക്കു മുന്നില്‍വച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും പിതാവിന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. പരീക്ഷയ്ക്ക് തോല്‍പിക്കുമെന്നും പരാതിപ്പെട്ടാല്‍ നിന്റെ 'ബോഡി'യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരികയെന്നും ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി നിതിന്റെ സഹോദരീഭര്‍ത്താവ് അശോകന്‍, അടുത്ത ബന്ധു വിശ്വംഭരന്‍ എന്നിവര്‍ പറഞ്ഞു. അധ്യാപകരില്‍നിന്നു നേരിട്ട ദുരനുഭവം പറഞ്ഞു നിതിന്റേതായി ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.
