മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു; ദരിദ്രരായ ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സഹായവും നല്‍കി; പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വലിയ അളവില്‍ ഇറച്ചിയും കോഴിയിറച്ചിയും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും എഫ്.ഐ.ആറില്‍

മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു

Update: 2026-04-12 07:55 GMT

ഭോപ്പാല്‍: മതപരിവര്‍ത്തനം ആരോപിച്ചു മധ്യപ്രദേശില്‍ വീണ്ടും പോലീസ് നടപടി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ രോഗശാന്തി ശുശ്രൂഷയുടെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ട് പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ ബ്രിജേഷ് ബൈരാഗി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് ആളുകളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ പരാതിയിലുള്ളത്. മാത്രമല്ല ദരിദ്രരായ ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തുവെന്നും ആരോപിക്കുന്നുണ്ട്. കൂടാതെ, പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വലിയ അളവില്‍ ഇറച്ചിയും കോഴിയിറച്ചിയും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു.

മതപരിവര്‍ത്തനത്തിന് തയ്യാറാകാത്തവര്‍ക്ക് രോഗശാന്തി ലഭിക്കില്ലെന്നും അവര്‍ നിത്യകാലം നരകയാതന അനുഭവിക്കേണ്ടി വരുമെന്നും പാസ്റ്റര്‍മാര്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍ ആരോപിച്ചു. മതം മാറിയാലും പേരോ ജാതിയോ മാറ്റേണ്ടതില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്നും ഇവര്‍ ഗ്രാമീണരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. മോഹന്‍പൂര്‍ കൂര്‍ത്ത് ഗ്രാമത്തിലെ ഒരു താല്‍ക്കാലിക പന്തലില്‍ വെച്ചാണ് സംഭവം നടന്നത്.

ഈ പ്രാര്‍ത്ഥനാ യോഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവയും സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത വസ്തുക്കളും പോലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും ഇതിന് പിന്നില്‍ വലിയൊരു ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പാസ്റ്റര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗുണ പോലീസ് അറിയിച്ചു.

Tags:    

Similar News