വനിതാ സംവരണത്തില്‍ 'മാസ്റ്റര്‍ പ്ലാനുമായി' പ്രധാനമന്ത്രി; ബില്‍ വ്യാഴാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസ്സാക്കാന്‍ നീക്കം; വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസം പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് എംപിമാര്‍ക്ക് നിര്‍ദേശം; വിപ്പ് നല്കി; എതിര്‍പ്പുമായി കോണ്‍ഗ്രസ്; മണ്ഡല പുനര്‍നിര്‍ണ്ണയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഭിന്നത നിലനില്‍ക്കെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസം പാര്‍ലമെന്റില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കി. ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ എല്ലാവരും നിര്‍ബന്ധമായും പതിനാറ് മുതല്‍ പതിനെട്ട് വരെ പാര്‍ലമെന്റിില്‍ ഉണ്ടാകണം എന്ന് ബിജെപി നേതൃത്വം നിര്‍ദ്ദേശിച്ചു. ബില്ലില്‍ നിര്‍ണ്ണായകമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നീക്കത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. എന്നാല്‍, മണ്ഡല പുനര്‍നിര്‍ണ്ണയം അടക്കമുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്താതെ മുന്നോട്ട് പോകുന്നത് രാഷ്ട്രീയ ലാഭത്തിനാണെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രംഗത്തെത്തിയതോടെ വിഷയം വരും ദിവസങ്ങളില്‍ സഭയില്‍ കനത്ത വാഗ്വാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പായി. വനിത സംവരണ ബില്‍ വ്യാഴാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസ്സാക്കണം എന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഖര്‍ഗെ രംഗത്ത് വന്നു. മണ്ഡല പുനര്‍നിര്‍ണ്ണയത്തെക്കുറിച്ച് ആദ്യം സര്‍വ്വകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഖര്‍ഗെ കത്തു നല്കി.
വനിത സംവരണ ബില്ലില്‍ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ എല്ലാ കക്ഷി നേതാക്കള്‍ക്കും കത്ത് നല്കിയിരുന്നു. വനിത സംവരണം നടപ്പാക്കാനുള്ള ഉചിതമായ സമയമാണിതെന്നും ഇക്കാര്യത്തില്‍ ഒന്നിച്ചു മുന്നോട്ടു പോകാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കക്ഷി നേതാക്കളുമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായും പ്രധാനമന്ത്രി കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കൂടിയാലോചന നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി. മണ്ഡല പുനര്‍നിര്‍ണ്ണയം എങ്ങനെ എന്ന് ഇതുവരെ പ്രതിപക്ഷത്തെ അറിയിച്ചിട്ടില്ല. 543ല്‍ നിന്ന് 816 ആക്കി ലോക്‌സഭ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ഭേദഗതി സര്‍ക്കാര്‍ കൊണ്ടു വരും എന്നാണ് സൂചന. ഇതിനൊപ്പം 2029 മുതല്‍ ലോക്‌സഭയിലും നിയമസഭകളിലും സംവരണം നടപ്പാക്കാനുള്ള പ്രത്യേക ബില്ലും ഉണ്ടാകും.
സീറ്റുകളുടെ എണ്ണം, മണ്ഡല പുനര്‍നിര്‍ണ്ണയം എന്നിവ സര്‍വ്വകക്ഷിയോഗം വിളിച്ച് ബംഗാളിലെ വോട്ടെടുപ്പിനു ശേഷം ചര്‍ച്ച ചെയ്യണമെന്ന് ഖര്‍ഗെ നിര്‍ദ്ദേശിച്ചു. ഇതിനു ശേഷം പാര്‍ലമെന്റ് ചേര്‍ന്നാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. ബുധനാഴ്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഖര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേരും. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ഇപ്പോള്‍ ഇത് ചര്‍ച്ചയാക്കുന്നത് എന്ന വിമര്‍ശനവും ഖര്‍ഗെ കത്തില്‍ ഉന്നയിച്ചു. ഒന്നുകില്‍ നിലവിലെ സീറ്റുകള്‍ കൂട്ടാതെ തന്നെ സംവരണം നടപ്പാക്കണം എന്നാണ് ചില കക്ഷികളുടെ നിര്‍ദ്ദേശം. ഇല്ലെങ്കല്‍ സെന്‍സസ് കണക്ക് വ്യക്തമായി വന്ന ശേഷം മണ്ഡലങ്ങളുടെ എണ്ണം തീരുമാനിക്കണമെന്നും പ്രതിപക്ഷം പറയുന്നു. അതേസമയം നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് ബിജെപി നല്കുന്നത്.
ഭേദഗതികളും സീറ്റ് വര്‍ദ്ധനയും
ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര മന്ത്രിസഭ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. നിലവിലെ 543 ലോക്‌സഭാ സീറ്റുകള്‍ 816 ആയി ഉയര്‍ത്താനാണ് നീക്കം. അതായത്, സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തും. അധികമായി വരുന്ന 273 സീറ്റുകള്‍ പൂര്‍ണ്ണമായും വനിതകള്‍ക്കായി സംവരണം ചെയ്യുന്ന രീതിയിലാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം (Delimitation) നടത്തി 2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതല്‍ സംവരണം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഡീലിമിറ്റേഷന്‍ ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. 2023-ല്‍ 'നാരി ശക്തി വന്ദന്‍' ബില്‍ പാസായെങ്കിലും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ തടസ്സങ്ങള്‍ നീക്കി 15 വര്‍ഷത്തെ കാലയളവിലേക്ക് സംവരണം ഉറപ്പാക്കാനാണ് പുതിയ ഭേദഗതിയിലൂടെ ശ്രമിക്കുന്നത്.
