'ആ വിവാഹം 'റിയല്‍ കേരള സ്റ്റോറി' തന്നെയാണ്; ആധാര്‍ കാര്‍ഡും രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയത്; വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്താണ് കുഴപ്പം? കേസ് വരുമ്പോള്‍ പേടിച്ച് മാളത്തില്‍ ഒളിക്കുന്ന സൈസാണ് നമ്മളെന്നാണോ വിചാരിച്ചിരിക്കുന്നത്; വിവാദങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍'; കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

Update: 2026-04-12 13:00 GMT

തിരുവനന്തപുരം: പ്രയാഗ് രാജിലെ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാദമായ വിവാഹത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം കേരള സ്റ്റോറി തന്നെയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്താണ് കുഴപ്പമെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു. വിവാഹത്തില്‍ പങ്കെടുത്തതില്‍ നിയമപരമായ തടസങ്ങളില്ലെന്നും, എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ വിവാഹം കഴിക്കാന്‍ സാഹചര്യമുണ്ട് എന്നറിഞ്ഞ് യുവതിയും യുവാവും കേരളത്തിലെ പൊലീസ് സ്റ്റേഷനില്‍ വരികയായിരുന്നു. രേഖകള്‍ പരിശോധിച്ചാണ് വിവാഹം നടത്തിയത്. ആധാര്‍ കാര്‍ഡും മറ്റു രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയതെന്നും എല്ലാം പൊലീസ് പരിശോധിച്ചുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

വിവാഹം കഴിച്ചവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. അവരുടെ കൈയിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പോലീസ് പരിശോധിച്ചിട്ടുണ്ടെന്നും രണ്ടിലും ഒരേ ജനനത്തീയതിയാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിനെതിരേ പോക്സോ കേസെടുത്തതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച ഗോവിന്ദന്‍ ആ വിവാഹം 'റിയല്‍ കേരള സ്റ്റോറി' തന്നെയാണെന്നും വ്യക്തമാക്കി. അതിന്റെ ഭാഗമായിത്തന്നെയാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയല്ലേ എന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ അത് നിമയപരമായ പ്രശ്നമല്ലേ എന്നായിരുന്നു മറുപടി. എല്ലാം പരിശോധിച്ചിട്ടാണ് പോയതെന്നും പാര്‍ട്ടി സെക്രട്ടറിക്ക് ആ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് എന്താണ് നോക്കേണ്ടതെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു.

''ആദ്യത്തെ കേസാണോ ഇത്. കേസൊക്കെ എത്രയാണെങ്കിലും വരും. ആരൊക്കെ കേസ് കൊടുത്തിട്ടുണ്ട്. എത്രയോ കേസുകള്‍ അഭിമുഖീകരിച്ചിട്ടാണ് ഇവിടെ നില്‍ക്കുന്നത്. കേസ് വരുമ്പോള്‍ പേടിച്ച് മാളത്തില്‍ ഒളിക്കുന്ന സൈസാണ് നമ്മളെന്നാണോ വിചാരിച്ചിരിക്കുന്നത്. കേരളത്തില്‍ വിവാഹം കഴിക്കാന്‍ പറ്റുന്ന ഒരു അന്തരീക്ഷമുണ്ട് എന്ന് മനസിലാക്കിയിട്ട് രണ്ട് യുവതീയുവാക്കള്‍ കേരളത്തില്‍ വരികയും പോലീസ് സ്റ്റേഷനില്‍ പോകുകയും ചെയ്തു. അച്ഛനെ കൂട്ടിയാണ് പോയത്. അച്ഛന്‍ കൊടുത്ത രേഖയാണ് അവിടെയുള്ളത്. ആ രേഖകളിലെല്ലാം കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. ആധാറും പാന്‍ കാര്‍ഡുമാണ് അവരുടെ പക്കലുള്ള രേഖ. ഇതിലെല്ലാം ഒരേ ജനനത്തീയതിയാണുള്ളത്. ആദ്യത്തെ രേഖ അഞ്ചാമത്തെ വയസില്‍ എടുത്തിട്ടുള്ളതാണ്. എല്ലാം പോലീസ് പരിശോധിച്ചിട്ടുണ്ട്. പോലീസ്, ക്ഷേത്ര കമ്മിറ്റി, വിവാഹ രജിസ്ട്രേഷനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരെല്ലാം രേഖകള്‍ പരിശോധിച്ചിട്ടുണ്ട്'', എം.വി ഗോവിന്ദന്‍ പറഞ്ഞു.

രണ്ട് വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ വിവാഹം കഴിക്കുന്നതിനെ സംഘപരിവാര്‍ ഭീഷണിയായി കാണുന്നുവെന്നും ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ അവരാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ത്തന്നെ തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നാണ് വിവാഹിതരായവര്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''രണ്ട് മതവിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ കല്ല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നു. ഇവിടെ വന്നു. പോലീസ് സ്റ്റേഷനില്‍ പോയി. അവരുടെ അംഗീകാരത്തോടുകൂടി ക്ഷേത്ര കമ്മറ്റിയുമായി ബന്ധപ്പെട്ടു. ക്ഷേത്രത്തില്‍ വിവാഹിതരായി. അവര്‍ക്ക് ആശംസയറിയിക്കാന്‍ വേണ്ടി അവിടെ പോയി എന്നത് മാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ. ആ പോയത് ശരിയാണെന്നാണ് അന്നും ഇന്നും ഞങ്ങളുടെ അഭിപ്രായം. ഈ നിലപാട് ഇനിയും തുടരും'', എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (എന്‍സിഎസ്ടി) കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ താരവും നടിയുമായ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിക്ക് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരേ പോക്സോ കേസ് ചുമത്തിയിരുന്നു. അതേസമയം, കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ ഒരു വീഴ്ചയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണ് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. യുഐഡിഎഐ സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ ആധാര്‍ നമ്പറാണ് ജനന സര്‍ട്ടിഫിക്കറ്റിലും ഉള്ളത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ മാസം 22ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന് മുമ്പില്‍ ഡിജിപി ഹാജരാകണമെന്നാണ് നിര്‍ദേശം.

വൈറല്‍ താരത്തിന്റെ വൈറല്‍ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ കണ്ടെത്തല്‍. 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോക്‌സോ കേസ് കൂടാതെ പട്ടിക വര്‍ഗപീഡന കുറ്റവും വ്യാജരേഖ ചമച്ചതും ചുമത്തണമെന്നാണ് ഉയരുന്ന ആവശ്യം. ഇക്കാര്യം വ്യക്തമാക്കി പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന പട്ടികജാതി കമ്മീഷന്‍ നിയമോപദേശകന്‍ പ്രകാശ് ഉയ്‌ക്കെ വ്യക്തമാക്കി. സംഭവത്തില്‍ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിവാഹത്തിന് നേതൃത്വം നല്‍കിയവരെ എല്ലാം പ്രതികളാക്കണമെന്നും പരാതിക്കാരന്‍ പ്രഥം ദുബൈ പ്രതികരിച്ചു. മറ്റ് അന്വേഷണങ്ങള്‍ നടത്താതെ കേവലം ആധാര്‍ കാര്‍ഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചു. കേരളത്തിലെത്തി താന്‍ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായി. ഈ വിവാഹത്തിന് സഹായം നല്‍കിയ എല്ലാവരെയും പ്രതിയാക്കണമെന്നും പ്രകാശ് ഉയ്‌കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെത്തി വിവാഹം നടത്തിയത് ദൂരൂഹമാണെന്നും സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരന്‍ പ്രഥം ദുബൈ ആരോപിച്ചു. ഫര്‍മാനെതിരായ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

വിവാഹത്തെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിച്ചും ഗൂഢാലോചന ആരോപിച്ചും പ്രതിപക്ഷം രംഗത്തെത്തിയതോടെ വിഷയം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒരു ഭാഗത്ത് രേഖകളുടെ ആധികാരികതയെക്കുറിച്ചുള്ള തര്‍ക്കങ്ങളും മറുഭാഗത്ത് മതനിരപേക്ഷ വിവാഹത്തിനുള്ള പിന്തുണയും തമ്മിലുള്ള പോരാട്ടമായി ഈ സംഭവം മാറിയിരിക്കുകയാണ്. പോക്‌സോ കേസും വ്യാജരേഖ ചമച്ചതിനെതിരെയുള്ള അന്വേഷണവും പുരോഗമിക്കുന്നതോടെ ഈ 'വൈറല്‍ വിവാഹം' വരും ദിവസങ്ങളില്‍ കൂടുതല്‍ നിയമപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.

Tags:    

Similar News