വിജയം ഉറപ്പിക്കും മുമ്പേ ഗ്രൂപ്പ് പോര് അതിശക്തമാകുന്നു; കെസിയെ അട്ടിമറിക്കാന്‍ ഇമെയില്‍ അയയ്ക്കാന്‍ ഗ്രൂപ്പുകളില്‍ സന്ദേശം; യുകെ ഗ്രൂപ്പിലെ സന്ദേശം ഗൗരവത്തില്‍ എടുക്ക് ഖാര്‍ഗെ; മുഖ്യമന്ത്രിയാവാന്‍ സോഷ്യല്‍ മീഡിയയില്‍ പടയൊരുക്കം; അധികാരം മോഹത്തോടെയുള്ള നീക്കത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി; 'ഇമെയില്‍ തന്ത്രം' വിവാദത്തില്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയപ്രതീക്ഷയില്‍ നില്‍ക്കെ, മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസിനുള്ളില്‍ ചേരിതിരിവ് ശക്തമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാപക പ്രചാരണത്തിന് പിന്നില്‍ സതീശന്‍ ക്യാമ്പാണെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഹൈക്കമാന്‍ഡ് അതീവ അതൃപ്തിയിലാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പങ്കിടുന്നതിന് മുന്‍പേ ഗ്രൂപ്പ് പോര് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സതീശനായി പ്രചാരണം കൊഴുപ്പിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ തഴഞ്ഞ് സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കൂട്ടത്തോടെ ഇമെയില്‍ അയക്കാനാണ് 'കൊച്ചി ലോബി'യുടെ ആഹ്വാനം. യു.കെയിലെ ഒരു മലയാളി അസോസിയേഷന്‍ ഗ്രൂപ്പില്‍ സതീശന്‍ അനുകൂലി പങ്കുവെച്ച സന്ദേശം ഇതിനകം പുറത്തുവന്നിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് അയക്കേണ്ട സന്ദേശവും അവരുടെ ഇമെയില്‍ ഐഡികളും സഹിതമാണ് ഈ പ്രചാരണം.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗ്രൂപ്പ് തര്‍ക്കങ്ങളില്ലാതെ പാര്‍ട്ടിയെ നയിച്ച കെ.സി. വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് വലിയ മതിപ്പാണുള്ളത്. എന്നാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ അവസാന കാലയളവില്‍ വി.ഡി. സതീശന്‍ എടുത്ത ചില നിലപാടുകള്‍ പാര്‍ട്ടിക്കും സമുദായ സംഘടനകള്‍ക്കും ഇടയില്‍ വലിയ അകല്‍ച്ചയുണ്ടാക്കിയെന്ന് ഹൈക്കമാന്‍ഡിന് പരാതി ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ മുഖ്യമന്ത്രി പദം ഉറപ്പിക്കാനുള്ള സതീശന്‍ ക്യാമ്പിന്റെ നീക്കത്തെ ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് കാണുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കമുണ്ടാകില്ലെന്ന് കെ.സി. വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും നിലപാടെടുത്തിട്ടുണ്ട്. കരുണാകരന്‍-ആന്റണി കാലഘട്ടത്തിലെ ഗ്രൂപ്പ് വഴക്കുകളിലേക്ക് പാര്‍ട്ടിയെ തിരികെ കൊണ്ടുപോകുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലിരിക്കുകയാണ് എഐസിസി.
ഫലം വരാനിരിക്കെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളി സജീവമാക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സാധാരണ പ്രവര്‍ത്തകര്‍. ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള 'ഇമെയില്‍ തന്ത്രം' സതീശനെതിരെ തിരിയ്ക്കാനാണ് ചിലരുടെ നീക്കം.
