ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി സൂക്ഷിച്ച സ്വര്‍ണ്ണം മുതല്‍ കൊച്ചു കുട്ടികളുടെ സമ്പാദ്യക്കുടുക്കകള്‍ വരെ; ഇറാനില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങായി കശ്മീരികള്‍; ഈ മനുഷ്യത്വവും കാരുണ്യവും ഒരിക്കലും മറക്കില്ല; പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇറാന്‍ എംബസി
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ കനത്ത ആഘാതം നേരിടുന്ന ഇറാന്‍ ജനതയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ഇന്ത്യന്‍ ജനതയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ ഇറാനിയന്‍ എംബസി. 'നന്ദി ഇന്ത്യ' എന്ന് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ച എംബസി, കശ്മീരിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യത്തെ പ്രത്യേകിച്ച് പ്രശംസിച്ചു. തന്റെ സമ്പാദ്യക്കുടുക്കയുമായി നില്‍ക്കുന്ന കശ്മീരിലെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നും എംബസി കുറിച്ചു.
കശ്മീരിലെ കൊച്ചു കുട്ടികള്‍ തങ്ങളുടെ സമ്പാദ്യക്കുടുക്കകള്‍ ഇറാന് സഹായമായി നല്‍കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടാണ് ഇറാന്റെ ഇന്ത്യയിലെ എംബസി നന്ദി പറഞ്ഞിരിക്കുന്നത്. 'കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ ഞങ്ങള്‍ കശ്മീരിലെ ജനങ്ങളോട് നന്ദി പറയുന്നു. ഇറാനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിങ്ങളുടെ ഈ സ്‌നേഹം ഒരിക്കലും മറക്കില്ല,' എംബസി കുറിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങള്‍ക്ക് കശ്മീരിലെ ബുദ്ഗാം, ബാരാമുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ ദുരിതാശ്വാസ സഹായം നല്‍കി. പണം, സ്വര്‍ണ്ണം, കന്നുകാലികള്‍ എന്നിവയുള്‍പ്പെടെയുള്ള സംഭാവനകള്‍ക്കാണ് ഇന്ത്യയിലെ ഇറാനിയന്‍ എംബസി നന്ദി അറിയിച്ചത്.
ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിലെ സന്നദ്ധപ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങിയാണ് ദുരിതാശ്വാസ വസ്തുക്കള്‍ സമാഹരിച്ചത്. ജനങ്ങള്‍ പണം, സ്വര്‍ണം - വെള്ളി ആഭരണങ്ങള്‍, കന്നുകാലികള്‍, എന്നിവയെല്ലാം സംഭാവനയായി നല്‍കി. ഇറാന്റെ പുനര്‍നിര്‍മ്മാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത ഇന്ത്യക്കാരുടെ കാരുണ്യത്തിനും മനുഷ്യത്വത്തിനും ഇന്ത്യയിലെ ഇറാനിയന്‍ എംബസി നന്ദി പറഞ്ഞു.
നിരവധി സ്ത്രീകള്‍ അവരുടെ സ്വര്‍ണ്ണാഭരണങ്ങളും വിലപിടിപ്പുള്ള ഉപകരണങ്ങളും സംഭാവന ചെയ്തു. കുട്ടികള്‍ തങ്ങള്‍ക്ക് സമ്മാനമായി കിട്ടിയ പണം നല്‍കി. ബുദ്ഗാം എംഎല്‍എ മുന്‍താസിര്‍ മെഹ്ദി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി- 'സഹായവും ഐക്യദാര്‍ഢ്യവുമായി ഇറാനിലെ ജനതയ്ക്ക് ഒപ്പം നിന്ന കശ്മീരിലെ ദയാലുക്കളായ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കശ്മീരില്‍ നിന്നുള്ള ഒരു സഹോദരി, 28 വര്‍ഷം മുമ്പ് അന്തരിച്ച ഭര്‍ത്താവിന്റെ സ്മരണയ്ക്കായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം ഇറാനിലെ ജനങ്ങള്‍ക്കായി സംഭാവന ചെയ്തു. ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ'- എന്നാണ് ഇറാനിയന്‍ എംബസി എക്സില്‍ കുറിച്ചത്.
ഇസ്രയേലും അവരെ പിന്തുണയ്ക്കുന്നവരും തുടങ്ങിയ ഈ യുദ്ധം മൂലം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് സംഭാവന നല്‍കിയവര്‍ പറയുന്നു. പരിഷ്‌കൃത ലോകത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം ഇറാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം അയയ്ക്കുക എന്നതാണെന്നും അവര്‍ പറയുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ പിന്തുണയ്ക്കുന്നതിനായി ഇറാന്‍ എംബസി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കിട്ടതിന് പിന്നാലെ സംഭാവനകള്‍ ഒഴുകിയെത്തി എന്നത് ശ്രദ്ധേയമാണ്.
