യുഎന്‍ കാലാവസ്ഥ ഉച്ചകോടിക്ക് എത്തിയ കാമറൂണുകാരന്‍ സ്വവര്‍ഗ പ്രേമിയെന്നു പറഞ്ഞ് അഭയാര്‍ത്ഥി വിസ നേടി; നാട്ടില്‍ ഭാര്യയും കുട്ടികളും ഉണ്ടെന്ന് പിന്നീട് കണ്ടെത്തി; ബ്രിട്ടന്റെ അഭയാര്‍ത്ഥി വിസക്കെതിരെ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

യുഎന്‍ കാലാവസ്ഥ ഉച്ചകോടിക്ക് എത്തിയ കാമറൂണുകാരന്‍ സ്വവര്‍ഗ പ്രേമിയെന്നു പറഞ്ഞ് അഭയാര്‍ത്ഥി വിസ നേടി

Update: 2026-03-23 05:00 GMT

ലണ്ടന്‍: ബ്രിട്ടീഷ് അഭയാര്‍ത്ഥി വിസ നല്‍കുന്നതിലെ പിഴവുകള്‍ പുറത്തുകൊണ്ടുവരുന്ന മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മരിയസ് കാംന എന്ന വ്യക്തി തന്റെ സ്വദേശമായ കാമറൂണില്‍ നിന്നും ആദ്യമായി ബ്രിട്ടനില്‍ എത്തുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു. മദ്ധ്യ ആഫ്രിക്കയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ച്ചകള്‍ പങ്കുവയ്ക്കുന്നതിനു പകരം, താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അവകാശപ്പെട്ട് ബ്രിട്ടനില്‍ അഭയത്തിനായി അയാള്‍ അപേക്ഷിച്ചപ്പോള്‍ അയാള്‍ക്കൊപ്പം എത്തിയ മറ്റ് പ്രതിനിധികള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടു. 2021 ലെ യു എന്‍ ഗ്ലാസ്‌ഗോ സമ്മേളനത്തിനെത്തിയ ഇയാളുടെ സഹ പ്രതിനിധികള്‍ ശരിക്കും ഞെട്ടിയത് നാട്ടില്‍ ഒരു ഭാര്യയും കുട്ടിയും ഉള്ളപ്പോഴാണ് ഈ 35 കാരന്‍ സ്വവര്‍ഗ്ഗാനുരാഗി എന്ന് അവകാശപ്പെട്ട് അഭയത്തിനായി അപേഷിച്ചത് എന്നറിഞ്ഞപ്പോഴായിരുന്നു.

അപേക്ഷ പരിഗണിക്കുന്ന പാനലിനു മുന്‍പില്‍ ഭാര്യയും കുട്ടിയും ഉള്ള കാര്യം ഇയാള്‍ അറിയിച്ചിരുന്നില്ല. പ്രക്രിയകള്‍ പൂര്‍ത്തിയാക്കി കാംനയ്ക്ക് പാനല്‍ ബ്രിട്ടനില്‍ അഭയം നല്‍കുകയും ചെയ്തു. 1,377 പേരാണ് അവരുടെ ലൈംഗിക സ്വഭാവം ചൂണ്ടിക്കാട്ടി ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിച്ചിരിക്കുന്നത്. മൊത്തം അഭയാര്‍ത്ഥികളുടെ 2 ശതമാനം വരും ഇത്. സ്വവര്‍ഗ്ഗാനുരാഗം അനുവദനീയമല്ലാത്തതിനാല്‍ തങ്ങളുടെ നാട്ടില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമെന്ന അവകാശവാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇവരില്‍ പലരും അങ്ങനെയുള്ളവരല്ലെന്നും, നിയമത്തിലെ ചില പഴുതുകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുക മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു ഭാര്യ ഉണ്ടെന്നത് തന്നെ കാംനയെ ഇത്തരത്തില്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നവരുടെ കൂട്ടത്തില്‍ കൂട്ടാന്‍ മതിയായ കാരണമാണ്. എന്നാല്‍, തന്റെ രാജ്യത്തെ സാമൂഹിക ചുറ്റുപാടുകളില്‍ ഒറ്റപ്പെടാതിരിക്കാനായി വിവാഹം കഴിക്കാനും കുഞ്ഞിന് ജന്മം നല്‍കാനും താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണ് കാംന അവകാശപ്പെടുന്നത്. അടിസ്ഥാനപരമായി താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്നും അയാള്‍ പറയുന്നു. യു കെയില്‍ എല്‍ ജി ബി ടി പ്ലസ് എന്നറിയപ്പെടുന്ന വിഭാഗത്തില്‍ പെടുന്നവര്‍ക്കെതിരെ കാമറൂണില്‍ കര്‍ശന ശിക്ഷാനടപടികള്‍ ഉണ്ടാകാറുണ്ട് എന്നത് വാസ്തവം തന്നെയാണ്.

സമൂഹത്തില്‍ കടുത്ത വിവേചനം അനുഭവിക്കേണ്ടി വരുമെന്ന് മാത്രമല്ല പലപ്പോഴും നിയമനടപടികളും ഇക്കൂട്ടര്‍ക്ക് നേരിടേണ്ടി വരാറുണ്ട്. കാര്‍ഡിഫില്‍, ഇയാള്‍ ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പിലെത്തി അന്വേഷിച്ച ഡെയിലി മെയില്‍ പ്രതിനിധിയോട് താന്‍ ഒരു ബൈസെക്ഷ്വല്‍ ആണെന്നാണ് ഇയാള്‍ പറഞ്ഞത്. പിന്നീട് അത് തിരുത്തി താന്‍ പൂര്‍ണ്ണമായും ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഇയാള്‍ പറഞ്ഞു. തനിക്ക് 15 വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ അങ്ങനെ ആയതാണെന്നും അയാള്‍ പറഞ്ഞു.

തന്റെ ലൈംഗിക ആഭിമുഖ്യത്തെ കുറിച്ച് അറിഞ്ഞതോടെ തന്നെ ഉപേക്ഷിച്ച മാതാപിതാക്കളെ തിരികെ ലഭിക്കുന്നതിനായിട്ടായിരുന്നു താന്‍ വിവാഹം കഴിച്ചതെന്നും അയാള്‍ പറഞ്ഞു. തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയ മാതാപിതാക്കളുടെ സ്‌നേഹം പിടിച്ചു വാങ്ങുന്നതിനായിരുന്നു വിവാഹമെന്നും, താന്‍ മാറുകയാണെന്ന് അവരുടെ മുന്‍പില്‍ അഭിനയിക്കുകയായിരുന്നു എന്നും അയാള്‍ പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗി ആയിരുന്നിട്ടു കൂടി തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും മകന്‍ ജനിച്ചു എന്നും ഇയാള്‍ സമ്മതിച്ചു. മകന് ഇപ്പോള്‍ ഏഴ് വയസ്സുണ്ട്.

Tags:    

Similar News