സാദിഖലി തങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന് വ്യാജ ഐഡി നിര്‍മ്മിച്ചത് തായ് വാനില്‍? വിപിഎന്‍ ഉപയോഗിച്ചുണ്ടാക്കിയ അക്കൗണ്ട് പോലീസ് അന്വേഷണത്തിന് പിന്നാലെ റിമൂവ് ചെയ്തു; വ്യാജ ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ലീഗ്; പോസ്റ്റിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ അന്വേഷണം

Update: 2026-03-23 01:45 GMT

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ വന്‍ ഗൂഢാലോചനയെന്ന് സൂചന. തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ച വ്യാജ ഐഡിയില്‍നിന്നാണ് ആരോപണം ഉയര്‍ന്നത്. വി.പി.എന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തായ്വാനില്‍ നിന്ന് ലോഗിന്‍ ചെയ്താണ് അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചതെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റൊരു രാജ്യത്തിന്റെ ഐ.പി അഡ്രസ്സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വിപിഎന്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നു വേണമെങ്കിലും തായ് വാനില്‍ നിന്നെന്ന പോലെ പോസ്റ്റിടാം.

ആരോപണം പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഐഡി അപ്രത്യക്ഷമായി. വിവാദ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പോലീസില്‍ പരാതി നല്‍കിയതോടെ പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് അക്കൗണ്ട് അടിയന്തരമായി നീക്കം ചെയ്തതെന്നാണ് കരുതപ്പെടുന്നത്. സംഭവത്തില്‍ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പോലീസില്‍ പരാതി നല്‍കി. ഏത് രാജ്യത്തില്‍ നിന്നാണ് പോസ്റ്റിട്ടതെന്ന് കണ്ടെത്താനാണ് ശ്രമം.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വ്വമായ നീക്കമാണിതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങളെ എന്ത് വിലകൊടുത്തും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 'വ്യക്തിപരമായ തേജോവധം ലക്ഷ്യമിട്ടുള്ള ഇത്തരമൊരു ഗൂഢാലോചനയില്‍ ആരും വഞ്ചിതരാകരുത്. അടിയന്തരമായി പ്രതികളെ കണ്ടെത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,' കുഞ്ഞാലിക്കുട്ടി തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

സൈബര്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രം വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഐ.പി അഡ്രസ്സുകള്‍ ഉപയോഗിച്ച് ഐഡികള്‍ നിര്‍മ്മിക്കുന്നത് ഗൗരവകരമാണെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തായ്വാന്‍ ലൊക്കേഷന്‍ കാണിച്ചെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

ചില ഇടത് ഹാന്‍ഡിലുകളും തീവ്ര വലതുപക്ഷ മാധ്യമങ്ങളുമാണ് ഈ വ്യാജ വാര്‍ത്തയ്ക്കും പ്രചാരണങ്ങള്‍ക്കും പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ചില തീവ്ര വലതുപക്ഷ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചു. ഇന്നലെ വൈകീട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അജ്ഞാതന്‍ ഫേസ്ബുക്കിലൂടെ വ്യാജ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ ലീഗ് നേതൃത്വം അടിയന്തരമായി പൊലീസില്‍ പരാതി നല്‍കി. നിയമനടപടികളിലേക്ക് നീങ്ങുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതിന് പിന്നാലെ, ആരോപണം പോസ്റ്റ് ചെയ്തയാള്‍ അത് പിന്‍വലിക്കുകയും അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് അക്കൗണ്ട് അപ്രത്യക്ഷമായതെന്നാണ് നിഗമനം.

സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും നിയമപരമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ സെര്‍വറുകള്‍ ഉപയോഗിച്ച് നടത്തിയ ഈ സൈബര്‍ ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News