'ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ'; വിവാദ പരാമര്‍ശത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു; വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കി; കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയിലേക്ക്?
തിരുവനന്തപുരം: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ 'ഹിന്ദു എംഎല്‍എ' വിവാദ പരാമര്‍ശത്തില്‍ ഗുരുവായൂര്‍ പൊലീസ് കേസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്ടറാണ് നടപടിക്ക് ഉത്തരവിട്ടത്. ഗോപാലകൃഷ്ണന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു. ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളുമടക്കം പരാതിയുമായി കമ്മീഷനെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതി ലഭിച്ച ഉടനെ വിഷയത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ എടുത്ത നടപടികളടക്കമുള്ളവ സംബന്ധിച്ച് ഇന്ന് തന്നെ റിപ്പോര്‍ട്ട് ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് പ്രസ്തുത പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. പ്രസ്തുത വ്യക്തി പങ്കുവെച്ച വീഡിയോ പ്രകാരം, വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കില്‍ സാമുദായിക വികാരങ്ങള്‍ ഉപയോഗിച്ച് അഭ്യര്‍ത്ഥിക്കാന്‍ പാടില്ല. പള്ളികള്‍, ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന , മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ഗുരവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആറിട്ട് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ബി ഗോപാലാകൃഷ്ണന്‍ ഉപയോഗിച്ച ഓരോ വാക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാണോ എന്ന് പരിശോധിക്കും. എല്ലാ തരത്തിലുള്ള ലംഘനങ്ങളും അതീവ ഗൗരവകരമായാണ് കമ്മീഷന്‍ കാണുന്നത്. ഇതില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം
ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശമാണ് വിവാദമായത്. കൊടുങ്ങല്ലൂരമ്മയുടെ നടയില്‍നിന്ന് താന്‍ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാന്‍ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാന്‍ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചത്.
