'മറിയയെയും പരിഗണിച്ചിരുന്നു, ഞങ്ങള് ചിലതൊക്കെ ആലോചിച്ചിരുന്നു; പക്ഷേ തലവിധി മറ്റൊന്നായി'; യുഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ വെളിപ്പെടുത്തലുമായി അടൂര്‍ പ്രകാശ്; ആ സ്ഥാനാര്‍ഥിത്വം നഷ്ടമായത് ചാണ്ടി ഉമ്മന്റെ എതിര്‍പ്പിലോ? യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണ വേദികളില്‍ സജീവമായി ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്‍

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണ വേദികളില്‍ സജീവമായി ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്‍

Update: 2026-03-22 13:23 GMT

പത്തനംതിട്ട: ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയ ഉമ്മനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ പല മണ്ഡലങ്ങളിലേക്കും പരിഗണിച്ചിരുന്നു. എന്നാല്‍, ചാണ്ടി ഉമ്മന്റെ എതിര്‍പ്പിലാണ് സ്ഥാനാര്‍ഥിത്വം നഷ്ടമായത് എന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇതിനിടെ മറിയയെ സ്ഥാനാര്‍ഥിയായി പരിഗണിച്ചു എന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പ്രതികരിച്ചത്.

കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് അടൂര്‍ പ്രകാശിന്റെ വെളിപ്പെടുത്തല്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കോന്നിയിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് സംസാരിക്കുന്നതിനിടെയാണ് മറിയ ഉമ്മന്‍ വേദിയിലേക്ക് വന്നത്. ഈ സമയത്താണ് മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ തലവിധി മറ്റൊന്നായിപ്പോയിയെന്നും അദ്ദേഹം പറഞ്ഞത്.

അതേസമയം മറിയ ഉമ്മന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചാണ്ടി ഉമ്മന്‍ നേരത്തെ രംഗദത്തുവന്നിരുന്നു. പാര്‍ട്ടിയാണ് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നതെന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്. എന്നാല്‍ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മറിയ ഉമ്മനെ പരിഗണിക്കുന്നതില്‍ ചാണ്ടി ഉമ്മന് അതൃപ്തി ഉണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. മറിയയെ സ്ഥാനാര്‍ഥിയാക്കിയാല്‍ രാജി വെക്കുമെന്നാണ് ചാണ്ടി ഉമ്മന്‍ അറിയിച്ചത്.

വി.ഡി സതീശനെയും കെ.സി വേണുഗോപാലിനെയും നിലപാട് അറിയിച്ചിരുന്നു. കുടുംബത്തില്‍ നിന്ന് രണ്ട് പേര്‍ വേണ്ട എന്നും മറിയക്ക് മത്സരിക്കണമെങ്കില്‍ പുതുപ്പള്ളിയില്‍ നിന്ന് മാറിത്തരാമെന്നും ചാണ്ടി നേതാക്കളെ അറിയിച്ചു. ഒരു കുടുംബത്തില്‍ നിന്ന് രണ്ട് പേര്‍ മത്സര രംഗത്ത് എത്തിയാല്‍ അത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ആദര്‍ശത്തിന് എതിരാണ് എന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.

നിയമസഭയില്‍ സ്ഥാനാര്‍ഥിയായില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചരണ രംഗത്ത് ശക്തമായി നിലയുറപ്പിച്ചിരിക്കയാണ് മറിയ ഉമ്മന്‍. ഓരോ മണ്ഡലങ്ങളിലെത്തുമ്പോഴും അവര്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുണ്ട് താനും. ഇക്കുറി മറിയയുടെ ഭര്‍ത്താവ് ട്വന്റി 20 സ്ഥാനാര്‍ഥിയായും മത്സരിക്കാന്‍ ഇറങ്ങുന്നുണ്ട്. എന്നല്‍, തന്റെയും ഭര്‍ത്താവിന്റെയും രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ വ്യത്യസ്തമാണ് എന്നാണ് മറിയ വ്യക്തമാക്കുന്നത്. പിതാവിന്റെ പാതയില്‍ തന്നെയാണ് സഹോദരന്‍ ചാണ്ടി ഉമ്മനും സഞ്ചരിക്കുന്നതെന്നും അത് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും മറിയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Tags:    

Similar News