സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍; ബ്ലോക്ക് പഞ്ചായത്തിലെ അംഗത്വം രാജിവെച്ചു മറുകണ്ടം ചാടല്‍; സ്മിതക്കായി വര്‍ക്കല സീറ്റ് ബിഡിജെഎസില്‍ നിന്നും തിരിച്ചെടുത്തു ബിജെപി; മുന്‍ സിപിഎം നേതാവ് സുന്ദരശേന്റെ മകളുടെ വരവോടെ വര്‍ക്കല സീറ്റില്‍ ത്രികോണപ്പോര്

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍

Update: 2026-03-22 11:31 GMT

തിരുവനന്തപുരം: വര്‍ക്കല നിയമസഭാ മണ്ഡലത്തിലും ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍ ചേര്‍ന്നുതോടെയാണ് മണ്ഡലത്തിലെ ചിത്രം മാറി മറിയുന്നത്. വര്‍ക്കലയില്‍ സ്മിത സുന്ദരേശന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. മുന്‍ വര്‍ക്കല ബ്ലോക്ക് പ്രസിഡന്റായിരുന്നു. നിലവില്‍ ബ്ലോക്ക് അംഗമാണ്.

ഒറ്റൂര്‍ ഡിവിഷന്‍ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയില്‍ ചേരുന്നത്. മുന്‍ സിപിഎം നേതാവ് സുന്ദരശേന്റെ മകളാണ് അഡ്വ. സ്മിത സുന്ദരേശന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

വര്‍ക്കല സീറ്റ് ബിഡിജെഎസിന് നല്‍കിയതില്‍ പ്രാദേശിക ബിജെപിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് വര്‍ക്കല സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ തീരുമാനമായത്. അഡ്വ. സ്മിത സുന്ദരേശന്‍ വര്‍ക്കലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. സിപിഎമ്മിന്റെ മൂല്യച്യുതിയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അഡ്വ. സ്മിത സുന്ദരേശന്‍ പറഞ്ഞു. സിപിഎമ്മില്‍ വ്യക്തി താല്‍പര്യവും സ്വാര്‍ത്ഥ താല്‍പര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകര്‍ഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്കെത്തിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ക്കല സീറ്റ് ബിഡിജെഎസിന് നല്‍കിയതില്‍ പ്രാദേശിക ബിജെപിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സീറ്റ് ആദ്യം ബിജെപി ഏറ്റെടുക്കുമെന്നായിരുന്നു കരുതിയത്. തുടര്‍ന്ന് ചുവരെഴുത്ത് ആരംഭിക്കുകയും ചെയ്തു. എന്നാല്‍, സീറ്റ് ബിഡിജെഎസിന് നല്‍കിയതോടെ സ്ഥാനാര്‍ത്ഥിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് ബിജെപി ഗ്രൂപ്പില്‍ ഓഡിയോ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. വര്‍ക്കല കഹാറിന് വോട്ട് മറിക്കാനായിരുന്നു ആഹ്വാനം.

പിന്നീട് പ്രാദേശിക ബിജെപി നേതാവ് ആലംകോട് ദാനശീലന്‍ വിമത സ്ഥാനാര്‍ഥിയാകുമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വര്‍ക്കല സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ തീരുമാനമായത്. ഈ സീറ്റിലേക്കാണ് സിപിഎം പക്ഷത്തു നിന്നും സ്ഥാനാര്‍ഥി എത്തുന്നത്. ബിജെപി മണ്ഡലം ഏറ്റെടുത്തതോടെ മണ്ഡലത്തില്‍ ത്രികോണപോരാട്ടത്തിന് വഴിയൊരുങ്ങുകയാണ്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വി.ജോയി ഒന്നാംഘട്ട പ്രചാരണവും പൂര്‍ത്തിയാക്കി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. .യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വര്‍ക്കല കഹാറും നാളെ പത്രിക സമര്‍പ്പിക്കും. കാപ്പില്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്കെത്തിയ ഭക്തജനങ്ങളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചായിരുന്നു ജോയി കഴിഞ്ഞദിവസം പ്രചാരണത്തിന് തുടക്കം കുറിച്ചത്.

Tags:    

Similar News