തല്‍ക്കാലം വീണ്ടും ഒരു വിവാഹത്തിന് പദ്ധതിയില്ല; വിവാഹം എന്നത് വെറുമൊരു കടലാസ് രേഖ മാത്രമാണെന്നും സൗഹൃദത്തിനും സ്‌നേഹത്തിനുമാണ് തങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രിയദര്‍ശന്‍; ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കും; നിയമപരമായി വിവാഹ മോചനം നേടിയവര്‍ ഒരുമിക്കുന്നത് മക്കളുടെ ശ്രമ ഫലം; ഇനി ലിസിക്കൊപ്പം പ്രിയന്‍
ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ പ്രിയദര്‍ശനും ലിസിയും നീണ്ട 10 വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം വീണ്ടും ഒരുമിക്കുന്നു. സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ഈ വാര്‍ത്ത. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും വിവാഹമോചനത്തിനും ഒടുവിലാണ് ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചത്. പ്രിയദര്‍ശന്‍ തന്നെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഈ പുനസ്സമാഗമം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ ഒത്തുചേരലിന് പിന്നില്‍ മക്കളായ നടി കല്യാണി പ്രിയദര്‍ശന്റെയും സിദ്ധാര്‍ത്ഥിന്റെയും നിരന്തരമായ പരിശ്രമങ്ങളും ആഗ്രഹവുമുണ്ടായിരുന്നു. മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മാതാപിതാക്കള്‍ പഴയ പിണക്കങ്ങള്‍ മറന്ന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തല്‍ക്കാലം വീണ്ടും ഒരു വിവാഹത്തിന് ഇരുവരും പദ്ധതിയിട്ടിട്ടില്ല. വിവാഹം എന്നത് വെറുമൊരു കടലാസ് രേഖ മാത്രമാണെന്നും സൗഹൃദത്തിനും സ്‌നേഹത്തിനുമാണ് തങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരിയില്‍ സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് ഈ ചര്‍ച്ചകള്‍ സജീവമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കൈകോര്‍ത്ത് പൊതുവേദിയില്‍ എത്തിയത് ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ സന്തോഷമാണ് നല്‍കിയത്. തുടര്‍ന്ന് ലിസിയുടെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഇവരുടെ മടങ്ങിവരവ് ഉറപ്പിക്കുകയായിരുന്നു.
നിയമപരമായി വിവാഹമോചനം നേടിയതിനാല്‍ ഇനി ഇവര്‍ 'ലിവിംഗ് ടുഗദര്‍' പങ്കാളികളായിട്ടായിരിക്കും അറിയപ്പെടുക. 1990-ല്‍ വിവാഹിതരായ ഇവര്‍ 24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014-ലാണ് വേര്‍പിരിഞ്ഞത്. 2016-ല്‍ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചിരുന്നു. പ്രിയദര്‍ശന്റെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു ലിസി. ഇപ്പോള്‍ ചെന്നൈയില്‍ മക്കള്‍ക്കൊപ്പം സമാധാനപരമായ ഒരു പുതിയ ജീവിതത്തിന് തുടക്കമിടുകയാണ് ഈ താരജോഡികള്‍.
എണ്‍പതുകളില്‍ പ്രിയന്‍, ലാല്‍, ലിസി ടീമായിരുന്നു മലയാള ഹിറ്റ് സിനിമകളുടെ ചേരുവ. 1990 ഡിസംബര്‍ 13നായിരുന്നു പ്രിയന്റെയും ലിസിയുടെയും വിവാഹം. 'ചിത്രം' എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേരു മാറ്റിയാണ് വിവാഹിതയായത്. തുടര്‍ന്ന് അഭിനയം വിട്ടു.
വിവാഹമോചന ശേഷം പ്രിയന്‍ പറഞ്ഞത്
ലിസിയുമായുള്ള വേര്‍പിരിയലിന് ശേഷം പലര്‍ക്കും പല അഭിമുഖങ്ങള്‍ പ്രിയന്‍ നല്‍കിയിരുന്നു. തന്റെ എക്കാലത്തേയും പ്രിയ നായിക ലിസിയാണെന്ന് മറുനാടനോടും പറഞ്ഞിരുന്നു.സിനിമാക്കാരനെന്ന നിലയില്‍ പ്രിയന്റെ കഴിവുകളില്‍ ലിസി സംശയം ഉന്നയിച്ചിരുന്നു. പൊട്ടിക്കരയിലിലേക്ക് പ്രിയസംവിധായകനെ എത്തിച്ച നിമിഷം. മലയാളത്തില്‍ ഗീതാഞ്ജലിയും അമയും മുയലും പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വാദം ലിസിയും ആവര്‍ത്തിച്ചു. ഇതായിരുന്നു പ്രിയനെ തളര്‍ത്തിയത്. എന്നാല്‍ പ്രിയ സുഹൃത്ത് മോഹന്‍ലാല്‍ ആത്മവിശ്വാസവുമായെത്തിയപ്പോള്‍ പ്രിയന്‍ വീണ്ടും തിരിച്ചെത്തി. ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് സിനിമ സാധ്യമായി.
വിവാഹമോചനക്കേസിലെ ഒരു ദിവസം കോടതിയില്‍ ലിസി പറഞ്ഞു. പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കാലം കഴിഞ്ഞു. എന്ന് പലരും പറയുന്നു. അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. കാലം കഴിഞ്ഞു പോയെന്നു പറഞ്ഞാല്‍ ജഡം ആയെന്നാണ്. ജീവനേക്കാള്‍ ഏറെ സ്നേഹിച്ച ആളാണ് പറയുന്നത്. എനിക്കത് വലിയ ആഘാതമായി. പിന്നെ എന്റെ നാക്കു പൊങ്ങിയില്ല. വലിയ ഡിപ്രഷനിലായി ഞാന്‍. നാലുമാസത്തോളം ഡിപ്രഷനുള്ള ചികിത്സ തേടി. മരുന്നുകള്‍ കഴിച്ചു. മുറിയടച്ചിരുന്നു പൊട്ടിക്കരഞ്ഞു. ഒടുവില്‍ അതില്‍ നിന്നും മോചനം വേണമെന്ന് സ്വയം തോന്നി. തുടര്‍ച്ചയായി സിനിമകള്‍ കണ്ടു. പുസ്തകങ്ങള്‍ വായിച്ചു. സാവധാനം സാധാരണ നിലയിലേക്ക് മടങ്ങിവന്നു. സിനിമയായണ് എന്നെ രക്ഷിച്ചത്. അതുകാണുമ്പോള്‍ മറ്റൊന്നും നമ്മളെ അലട്ടില്ല.
കുടുംബ ജീവിതം തര്‍ന്നതോടെ ഞാന്‍ തളര്‍ന്നു. ഒരു ദിവസം ലാല്‍ ഫോണ്‍ വിളിച്ചു. നീ ഇങ്ങനെ ഇരുന്നാല്‍ പോരാ, നമുക്കൊരു സിനിമ ചെയ്യണം. എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു എന്റെ സമയം ശരിയല്ല. ഇപ്പോള്‍ എന്തു ചെയ്താലും ശരിയാവില്ല. നിനക്കെന്നല്ല. ആര്‍ക്കും എന്നെ രക്ഷിക്കാന്‍ സാധിക്കില്ല. ഇത് ലാലിന് വലിയ വിഷമമായി. ലാല്‍ തന്നെയാണ് ഒപ്പത്തിന്റെ കഥാകൃത്തിനെ എനിക്കരികിലേക്ക് അയച്ചത്. കഥയില്‍ പലയിടത്തും ലോജിക്കിന്റെ പ്രശ്നം ഉണ്ടായിരുന്നു. ശരിയാകില്ലെന്നു പറഞ്ഞു അയാളെ മടക്കി. എങ്കില്‍ നീയൊന്ന് മാറ്റിയെഴുതി തിരക്കഥ തയ്യാറാക്കു എന്നായി ലാല്‍. അങ്ങനെ വീണ്ടും ഞാന്‍ പ്രോജക്ട് ഏറ്റെടുത്തു. ഐവി. ശശിയുടെ മകന്‍ അനി ശശി, പിന്നെ അര്‍ജുന്‍ എന്നിവരെ ഒപ്പം കൂട്ടി. ഒരു മാസത്തോളം കഥ വെട്ടിയും തിരുത്തിയും എഴുതി. പിന്നീട് ലാലിനെ കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞു, നമുക്കിത് ചെയ്യാം പ്രിയാ..അങ്ങനെ ഒപ്പത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് പ്രിയന്‍ പറഞ്ഞിരുന്നു.
