ഡേറ്റിംഗ് ആപ്പിലൂടെ പ്രണയം നടിച്ച് വിളിച്ചുവരുത്തി; കാപ്പിയും ഹുക്കയും കഴിച്ചപ്പോൾ ബില്ല് 8500 രൂപ; ഒടുവിൽ യുവാവിനെ കഫേയിൽ തനിച്ചാക്കി സുന്ദരി മുങ്ങി; പുതിയ ഡേറ്റിംഗ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന സത്യം; വൈറലായി കുറിപ്പ്
കൊൽക്കത്ത: മൊബൈൽ ഫോണിലെ ഡേറ്റിംഗ് ആപ്പുകൾ വഴി പ്രണയം തേടിപ്പോകുന്നവർക്ക് മുന്നറിയിപ്പുമായി ഒരു യുവാവിന്റെ അനുഭവക്കുറിപ്പ്. കൊൽക്കത്ത നഗരത്തിൽ ഡേറ്റിംഗ് ആപ്പായ 'ബംബിൾ' വഴി പരിചയപ്പെട്ട യുവതിയുമായി ആദ്യമായി നേരിട്ട് കാണാനെത്തിയ യുവാവിന് നഷ്ടമായത് 8,500 രൂപയാണ്. സംഘടിത ഡേറ്റിംഗ് തട്ടിപ്പിന്റെ പുതിയ രീതിയെക്കുറിച്ചുള്ള യുവാവിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
ബംബിൾ വഴി പരിചയപ്പെട്ട യുവതിയുമായി യുവാവ് വേഗത്തിൽ പ്രണയത്തിലായി. നേരിട്ട് കാണാമെന്ന തീരുമാനപ്രകാരം യുവതി തന്നെയാണ് സ്ഥലം നിശ്ചയിച്ചത്. കൊൽക്കത്ത റാണികുത്തിക്ക് സമീപമുള്ള 'കപ്പിൾ കഫേ സോൺ' എന്ന കഫേയിലായിരുന്നു കൂടിക്കാഴ്ച.
തുടക്കത്തിൽ എല്ലാം വളരെ സാധാരണമായിരുന്നു. രണ്ട് കപ്പ് കാപ്പിയും ഒരു ഹുക്കയും ഓർഡർ ചെയ്തു. പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ പങ്കുവെച്ച് സംസാരം നീണ്ടു. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാൽ യുവാവ് ഏറെ റിലാക്സ്ഡ് ആയിരുന്നു. എന്നാൽ സന്തോഷമെല്ലാം കെട്ടടങ്ങിയത് കയ്യിൽ ബില്ല് കിട്ടിയപ്പോഴാണ്. തുക കണ്ട് യുവാവ് അക്ഷരാർത്ഥത്തിൽ വിയർത്തുപോയി; വെറും 8,500 രൂപ!
ഓർഡർ ചെയ്യാത്ത സാധനങ്ങൾ ബില്ലിൽ ഉൾപ്പെട്ടോ എന്ന സംശയത്തിൽ യുവാവ് കഫേ ജീവനക്കാരോട് സംസാരിക്കാൻ ശ്രമിച്ചതോടെ കാര്യങ്ങൾ വഷളായി. കഫേ ജീവനക്കാർ യുവാവിനെ വളയുകയും തുക മുഴുവൻ അടയ്ക്കാതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം കൂടെയുണ്ടായിരുന്ന യുവതിയോട് സഹായം ചോദിക്കാനായി നോക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്.
യുവതി അപ്പോഴേക്കും പടിവാതിൽക്കൽ എത്തിയിരുന്നു. തിരിഞ്ഞുനിന്ന് യുവാവിനെ നോക്കി അർത്ഥഗർഭമായ ഒരു പുഞ്ചിരി നൽകി അവൾ കഫേയിൽ നിന്ന് പുറത്തേക്ക് നടന്നു. രക്ഷയില്ലാതെ വന്നതോടെ ഭീമമായ തുക ഒറ്റയ്ക്ക് അടച്ച് യുവാവിന് അവിടെനിന്ന് രക്ഷപ്പെടേണ്ടി വന്നു.
തനിക്കുണ്ടായ ദുരനുഭവം യുവതിയുടെ ബംബിൾ ചിത്രവും കഫേയിലെ ബില്ലും സഹിതമാണ് യുവാവ് പങ്കുവെച്ചത്. സമാനമായ ചതിക്കുഴികളിൽ മറ്റാരും വീഴാതിരിക്കാനാണ് താൻ ഈ അനുഭവം തുറന്നുപറയുന്നതെന്ന് അദ്ദേഹം കുറിച്ചു. നിമിഷങ്ങൾക്കകം വൈറലായ കുറിപ്പിന് താഴെ ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിരവധി പേർ കമന്റ് ചെയ്തു. നഗരങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഫേകളും ഡേറ്റിംഗ് സംഘങ്ങളും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
