ബാലവിവാഹം നടത്തിയവരും പ്രോത്സാഹിപ്പിച്ചവരും തടയാതിരുന്ന രക്ഷിതാക്കളും ഒരുപോലെ കുറ്റക്കാര്‍; കുറ്റകൃത്യത്തിന് സഹായികളായി നില്‍ക്കുന്നവര്‍ക്കും തുല്യ ശിക്ഷ; ഒത്താശ ചെയ്തവര്‍ക്കെതിരെ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്താം; കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ ചുമത്താവുന്ന വകുപ്പുകള്‍ എണ്ണിപ്പറഞ്ഞ് മുന്‍ ഡിജിപി; 'റിയല്‍ കേരള സ്റ്റോറി' ഒപ്പിക്കാന്‍ രക്തഹാരവുമായി ഓടിപ്പാഞ്ഞെത്തിയ സിപിഎം നേതാക്കള്‍ വെട്ടില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം ദേശീയതലത്തില്‍ തന്നെ വലിയ നിയമപോരാട്ടങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കും നീങ്ങിയതോടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കള്‍ വെട്ടിലായിരിക്കുകയാണ്. ബാലവിവാഹത്തിന് പിന്നാലെ പോക്സോ കേസും പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) കുറ്റങ്ങളും ചുമത്താന്‍ ഒരുങ്ങുന്നതോടെ വിവാഹം നടത്തിക്കൊടുക്കാന്‍ സിപിഎം മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് പറഞ്ഞൊഴിയുകയാണ് പാര്‍ട്ടി നേതൃത്വം. വിവാഹം നടക്കുന്ന വിവരം അറിഞ്ഞതുകൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ എ റഹീം എംപിയും ചടങ്ങില്‍ പങ്കെടുത്തത്. വധൂവരന്മാര്‍ സ്വമേധയാ ആണ് ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത് എന്നൊക്കെയാണ് സിപിഎം നേതൃത്വം നല്‍കുന്ന വിശദീകരണം. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ചമച്ചവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്നും എസ്ടി കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്‌ക്കെ വ്യക്തമാക്കിയതോടെ സംഭവത്തിന് പുതിയ മാനങ്ങള്‍ കൈവന്നു. വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ വിഷയത്തില്‍ മൗനം പാലിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
വിഷയത്തില്‍ നിയമപരമായ വശങ്ങള്‍ വിശദീകരിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറും രംഗത്തെത്തിയിട്ടുണ്ട്. 2012-ലെ പോക്സോ നിയമം മുതല്‍ പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത (BNS) വരെയുള്ള നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കും ഇതിന് കൂട്ടുനിന്നവര്‍ക്കും എതിരെ കേസെടുക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് പോക്സോ നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം കുറ്റകരമാണ്. കൂടാതെ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 96 പ്രകാരം കുട്ടികളെ ലൈംഗികാവശ്യത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കാം. കുട്ടിയെ കടത്തിക്കൊണ്ടുപോയതാണെങ്കില്‍ സെക്ഷന്‍ 137 പ്രകാരം ഏഴ് വര്‍ഷം വരെ തടവും മനുഷ്യക്കടത്ത് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സെക്ഷന്‍ 143 പ്രകാരം ജീവപര്യന്തം വരെ തടവും ലഭിക്കാവുന്നതാണ്.
കുറ്റകൃത്യത്തിന് സഹായികളായി നില്‍ക്കുന്നവര്‍ക്കും തുല്യ ശിക്ഷ ലഭിക്കുമെന്നതാണ് രാഷ്ട്രീയ നേതാക്കളെ ഭയപ്പെടുത്തുന്ന പ്രധാന ഘടകം. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 54 പ്രകാരം കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുന്നവരും തുല്യ കുറ്റവാളികളായി കണക്കാക്കപ്പെടും. ഇതിനുപുറമെ, വിവാഹത്തിനായി വ്യാജരേഖകള്‍ ചമച്ചുവെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ സെക്ഷന്‍ 337 (വ്യാജരേഖ ചമയ്ക്കല്‍), സെക്ഷന്‍ 234 (വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍) എന്നീ വകുപ്പുകളും ബാധകമാകും. 2006-ലെ ബാലവിവാഹ നിരോധന നിയമപ്രകാരം വിവാഹം നടത്തിയവര്‍ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കും തടയാതിരുന്ന രക്ഷിതാക്കള്‍ക്കും എതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. ഇത്തരം വിവാഹങ്ങള്‍ നിയമപരമായി തന്നെ അസാധുവാണെന്ന് നിയമം വ്യക്തമാക്കുന്നു.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടിക്കെതിരെ നടന്ന അതിക്രമമെന്ന നിലയില്‍ എസ്സി/എസ്ടി നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്താല്‍ പ്രതികള്‍ക്ക് ജീവപര്യന്തം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴയും ഏഴ് വര്‍ഷം കഠിനതടവും ലഭിക്കും. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരമുള്ള ശിക്ഷകളും ഈ കേസില്‍ പ്രസക്തമാണ്. നിയമങ്ങള്‍ ഇത്ര കടുപ്പമായിരിക്കെ, വൈറല്‍ താരത്തിന്റെ വിവാഹത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അതില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കള്‍ക്കും വരുംദിവസങ്ങളില്‍ നിയമത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പാണ്.
സെന്‍കുമാര്‍ വിശദീകരിച്ച വകുപ്പുകള്‍
പോക്‌സോ നിയമം, 2012 (ലൈംഗിക അതിക്രമങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം)
സെക്ഷന്‍ 19 (റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ബന്ധിത ചുമതല): ഒരു കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടന്നതായോ അല്ലെങ്കില്‍ നടക്കാന്‍ സാധ്യതയുള്ളതായോ അറിവോ സംശയമോ ഉള്ള ഏതൊരാളും അത് പൊലീസിലോ സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിലോ അറിയിച്ചിരിക്കണം. ഇത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. വിവരം നല്‍കുന്ന വ്യക്തിക്ക് പൊലീസ് സംരക്ഷണം നല്‍കണം.
സെക്ഷന്‍ 4: കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് നല്‍കുന്ന ശിക്ഷ.
സെക്ഷന്‍ 7, 8: ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള സ്പര്‍ശനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
2. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), 2023
സെക്ഷന്‍ 96 (കുട്ടികളെ ലൈംഗികാവശ്യത്തിന് പ്രേരിപ്പിക്കല്‍): 18 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിനായോ തെറ്റായ ആവശ്യങ്ങള്‍ക്കായോ പ്രേരിപ്പിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ലിംഗഭേദമന്യേ എല്ലാ കുട്ടികള്‍ക്കും ബാധകമാണ്. ശിക്ഷ: 10 വര്‍ഷം വരെ തടവും പിഴയും.
സെക്ഷന്‍ 137 (തട്ടിക്കൊണ്ടുപോകല്‍): ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതും നിയമപരമായ രക്ഷാകര്‍തൃത്വത്തില്‍ നിന്ന് (പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ) അവരുടെ സമ്മതമില്ലാതെ കൊണ്ടുപോകുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ശിക്ഷ: 7 വര്‍ഷം വരെ തടവ്.
സെക്ഷന്‍ 143 (മനുഷ്യക്കടത്ത്): ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ഒരാളെ ചൂഷണത്തിനായി കടത്തുന്നത് കുറ്റകരമാണ്. കുട്ടികളെയാണ് കടത്തുന്നതെങ്കില്‍ ശിക്ഷ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാകാം. ഇരയുടെ സമ്മതം ഇവിടെ കണക്കിലെടുക്കില്ല.
സെക്ഷന്‍ 54 (കുറ്റകൃത്യത്തിന് സഹായിക്കല്‍): ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ അവിടെ സഹായിയായി നില്‍ക്കുന്ന വ്യക്തി ആ കുറ്റകൃത്യം ചെയ്തതായി തന്നെ കണക്കാക്കും.
സെക്ഷന്‍ 64(2)(i): സമ്മതം നല്‍കാന്‍ കഴിയാത്ത മാനസികാവസ്ഥയിലുള്ള സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം.
സെക്ഷന്‍ 337 (വ്യാജരേഖ ചമയ്ക്കല്‍): സര്‍ക്കാര്‍ രേഖകള്‍ അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ (ഉദാഹരണത്തിന് ആധാര്‍ പോലുള്ളവ) വ്യാജമായി ഉണ്ടാക്കുന്നത് 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
സെക്ഷന്‍ 234 (വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍): നിയമപരമായ ആവശ്യങ്ങള്‍ക്കായി അറിഞ്ഞുകൊണ്ട് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ശിക്ഷാര്‍ഹമാണ്.
സെക്ഷന്‍ 174 (തിരഞ്ഞെടുപ്പിലെ ക്രമക്കേട്): തിരഞ്ഞെടുപ്പില്‍ അവിഹിതമായ സ്വാധീനം ചെലുത്തുകയോ ആള്‍മാറാട്ടം നടത്തുകയോ ചെയ്യുന്നത് ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
3. ബാലവിവാഹ നിരോധന നിയമം, 2006
സെക്ഷന്‍ 9: 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെയോ 21 വയസ്സിന് താഴെയുള്ള ആണ്‍കുട്ടിയെയോ വിവാഹം കഴിക്കുന്ന മുതിര്‍ന്ന പുരുഷനുള്ള ശിക്ഷ (2 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും).
സെക്ഷന്‍ 10: ബാലവിവാഹം നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ.
സെക്ഷന്‍ 11: ബാലവിവാഹം തടയാതിരിക്കുന്ന മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും എതിരെയുള്ള നടപടി.
സെക്ഷന്‍ 12: ബലം പ്രയോഗിച്ചോ ചതിയിലൂടെയോ തട്ടിക്കൊണ്ടുപോയോ നടത്തുന്ന ബാലവിവാഹങ്ങള്‍ തുടക്കം മുതല്‍ക്കേ അസാധുവാണെന്ന് ഈ നിയമം പറയുന്നു.
4. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2015
സെക്ഷന്‍ 83: കുട്ടികളെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുതിര്‍ന്നവര്‍ക്ക് 7 വര്‍ഷം വരെ കഠിനതടവും 5 ലക്ഷം രൂപ പിഴയും ലഭിക്കും.
സെക്ഷന്‍ 84: 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമം.
5. മറ്റ് നിയമങ്ങള്‍
എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം, 1898: പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ അവരുടെ ജാതിയുടെ പേരില്‍ 10 വര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്താല്‍ പ്രതിക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാം.
ഹിന്ദു വിവാഹ നിയമം, 1955 (സെക്ഷന്‍ 18): വിവാഹ പ്രായപരിധി ലംഘിച്ചുകൊണ്ട് വിവാഹം നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ഇത്തരം വിവാഹങ്ങള്‍ നിയമപരമായി അസാധുവാക്കാവുന്നതാണ്.
