ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല; എല്ലാവര്‍ക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ട്; എഫ്സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല; പി സി ജോര്‍ജ്ജിന് മറുപടിയുമായി ദീപിക

ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല

Update: 2026-04-11 03:10 GMT

കോട്ടയം: ബിജെപി നേതാവ് പി സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രം രംഗത്ത്. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ലെന്നാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാര്‍ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു.

എല്ലാവര്‍ക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ടെന്നും എഫ്സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പി സി ജോര്‍ജ് കഴിഞ്ഞ ദിവസം അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. അദ്ദേഹം കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'കാഞ്ഞിരപ്പള്ളി ബിഷപ്പ് ഒരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷേ അയാള്‍ എന്താണ് ചെയ്തത്. മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞു. മര്യാദ കേടല്ലേ, സഭ എന്ന് പറഞ്ഞാല്‍ യുഡിഎഫാണോ. ഈ സഭയ്ക്ക് എന്തെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെ കൊണ്ടാണ്. എന്ത് കിട്ടിയിട്ടാണ് സഭ ഈ വൃത്തികെട്ട പണി ചെയ്യുന്നത്. നാണം കെട്ടവര്‍. സഭയെ അല്ല മെത്രാന്മാരെയാണ് തള്ളി പറയേണ്ടത്. ബോധവും വിവരവും വേണ്ടേ. എന്തിനാണ് ഇവന്മാര് കുരയ്ക്കുന്നത്. ഈ കുര യുഡിഎഫിന് വേണ്ടിയാണ്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി കാണും. അവരോട് രാഷ്ട്രീയമായി ഇടപെടും. ഞാന്‍ വിശ്വാസിയാണ്. ഈ ഞാനാണ് മെത്രാന്മാര്‍ കാണിക്കുന്നത് പ്രോക്രിത്തരമാണെന്ന് പറയുന്നത്', പി സി ജോര്‍ജ് പറഞ്ഞു.

ദീപിക പത്രത്തിനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജിന്റെ മകനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജും രംഗത്തെത്തിയിരുന്നു. ദീപികയിലെ ചില വ്യക്തികള്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകര്‍ക്ക് വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ് എന്നുമാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്. ഇതെല്ലാം നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നും സഭാ പിതാക്കന്മാരോട് താന്‍ പരാതി അറിയിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.

Tags:    

Similar News