കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം പുലിവാലായപ്പോള്‍ തലയൂരാന്‍ സിപിഎം ശ്രമം; വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് സിപിഎം; വധൂവരന്മാര്‍ സ്വമേധയാ ആണ് ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത്; വിവാഹം നടക്കുന്ന വിവരം അറിഞ്ഞതുകൊണ്ടാണ് എം വി ഗോവിന്ദനും എ എ റഹീമും ചടങ്ങില്‍ പങ്കെടുത്തതെന്നും പാര്‍ട്ടി നേതൃത്വം
കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം പുലിവാലായപ്പോള്‍ തലയൂരാന്‍ സിപിഎം ശ്രമം
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരത്തിന്റെ വിവാഹം പുലിവാലായതോടെ തടിയൂരാന്‍ സിപിഎമ്മിന്റെ ശ്രമം. വിവാഹം നടത്തിക്കൊടുത്തത് തങ്ങളല്ലെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നത്. വിവാഹം നടക്കുന്ന വിവരം അറിഞ്ഞതുകൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ എ റഹീം എംപിയും ചടങ്ങില്‍ പങ്കെടുത്തത്. വധൂവരന്മാര്‍ സ്വമേധയാ ആണ് ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത്. ഇവര്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തമ്പാനൂര്‍ പോലീസിനെ കാണിച്ചിരുന്നതായാണ് മനസ്സിലാക്കുന്നതെന്നും നേതൃത്വം വ്യക്തമാക്കി.
തിരുവനന്തപുരം അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസമായിരുന്നു പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.വിവാഹത്തില്‍ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരടക്കം പങ്കെടുത്ത് ആശീര്‍വാദം അറിയിച്ചിരുന്നു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തില്‍ വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് കണ്ടെത്തിയതോടെ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തുകയായിരുന്നു.വധുവിന്റെ ഗോത്ര പശ്ചാത്തലം പരിഗണിച്ച് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമത്തിന് പുറമെ ഭാരതീയ ന്യായ സംഹിത, എസ്സി/എസ്ടി പീഡന വിരുദ്ധ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രില്‍ 22ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഓരോ മൂന്ന് ദിവസത്തിലും കേസിലെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടി മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ടതാണെന്നും മഹേശ്വര്‍ ഹോസ്പിറ്റല്‍ റെക്കോര്‍ഡുകള്‍ പ്രകാരം 2009 ഡിസംബര്‍ 30നാണ് ജനിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 2026 മാര്‍ച്ച് 11ന് കേരളത്തില്‍ വിവാഹം നടക്കുമ്പോള്‍ 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.വിവാഹം നടന്നത് കേരളത്തിലാണെന്നും, പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ വ്യാജരേഖ റദ്ദാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.
ബാലവിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചോ? പുലിവാല് പിടിച്ച് നേതാക്കള്‍
ബാലവിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ സി.പി.എം നേതാക്കള്‍ നേരിടുന്നത്. വിവാഹസമയത്ത് രക്തഹാരവും ബൊക്കയും നല്‍കി സ്വീകരിച്ച നേതാക്കള്‍, പോക്സോ കേസായതോടെ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വിവാഹത്തിനായി വ്യാജ രേഖകള്‍ ചമച്ചുവെന്നതും കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
വിവാഹത്തിന് മുമ്പ് തന്നെ പെണ്‍കുട്ടിയുടെ പിതാവ് തന്റെ മകള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്നും അവളെ തട്ടിക്കൊണ്ടുപോയതാണെന്നും പരാതിയുമായി തമ്പാനൂര്‍ പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നും ഹാജരാക്കിയ ആധാര്‍ കാര്‍ഡിലും ജനന സര്‍ട്ടിഫിക്കറ്റിലും ജനനത്തീയതി 2008 ജനുവരി 1 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെന്ന് വിലയിരുത്തിയ പോലീസ് പിതാവിന്റെ വാദം തള്ളി വിവാഹത്തിന് സൗകര്യം ഒരുക്കി. എന്നാല്‍, ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ഈ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞു.
മധ്യപ്രദേശിലെ മഹേശ്വറിലുള്ള സര്‍ക്കാര്‍ ആശുപത്രി രേഖകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30-നാണെന്ന് കണ്ടെത്തി. അതായത് വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. രേഖകള്‍ പരിശോധിക്കുന്നതില്‍ കേരള പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി ഗൗരവമായി എടുക്കാതിരുന്നതും രേഖകളുടെ ആധികാരികത ഉറപ്പുവരുത്താതിരുന്നതും അന്വേഷണ പരിധിയില്‍ വരും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വിവാഹത്തിന് 'കാര്‍മ്മികത്വം' വഹിച്ചു എന്നതാണ് സി.പി.എം നേതാക്കളെ വെട്ടിലാക്കുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്ന മന്ത്രിയും എം.പിയും ഉള്‍പ്പെടെയുള്ളവര്‍ നിയമസാധുത പരിശോധിക്കാതെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്തത് വലിയ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രണ്ട് പേര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ രേഖകള്‍ നോക്കേണ്ടതില്ലല്ലോ എന്ന വാദം ഇപ്പോള്‍ നേതാക്കള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, നിയമപരമായി ഒരു ബാലവിവാഹത്തെ പ്രോത്സാഹിപ്പിച്ചു എന്ന ഗൗരവകരമായ ആരോപണമാണ് അവര്‍ നേരിടുന്നത്.
മാര്‍ച്ച് 11നായിരുന്നു ഇന്‍ഡോര്‍ സ്വദേശിയായ പെണ്‍കുട്ടിയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, എ.എ. റഹീം എം.പി തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. വ്യത്യസ്ത മതവിഭാഗമായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ തടസം നിന്നതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടത്. സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തിലായിരുന്നതിനാല്‍ പൊലീസ് കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. എന്നാല്‍ വിവാഹത്തിന് സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായെന്ന തെളിവുകള്‍ കാണിച്ചതോടെയാണ് പൊലീസ് വിവാഹത്തിന് സഹായം ചെയ്തത്.
സിപിഎം നേതാക്കളായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ കല്യാണവാര്‍ത്ത അറിഞ്ഞ് ആദ്യം അന്ന് ഓടിയെത്തിയത്. സര്‍ക്കാറിന്റെയും സിപിഎമ്മിന്റെയും പേരില്‍ ആശംസകള്‍ നേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എം പി തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് നേതാക്കള്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. എന്നാല്‍ പോക്സോ കേസായതോടെ അന്ന് രക്തഹാരവും ബൊക്കയും ഒക്കെ സമ്മാനിച്ച നേതാക്കള്‍ മിണ്ടുന്നില്ല.
