ഫ്‌ലാറ്റ് ഫുട്ടായതിനാല്‍ സേനയില്‍ എടുക്കാന്‍ കഴിയില്ലെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ട്; മിസ്റ്റര്‍ വേള്‍ഡിനെ പോലീസ് സേനയില്‍ തിരുകി കയറ്റാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; ചിത്തരേഷ് നടേശന്റെ പോലീസ് നിയമനം തുലാസില്‍! ഷിനു ചൊവ്വ ഇന്‍സ്‌പെക്ടറാകും; സൂപ്പര്‍ന്യൂമററി നിയമനം വിവാദത്തില്‍

Update: 2026-04-11 05:22 GMT

തിരുവനന്തപുരം: അന്താരാഷ്ട്ര ശരീരസൗന്ദര്യ മത്സരങ്ങളില്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ കായികതാരങ്ങള്‍ക്ക് പോലീസ് സേനയില്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. മുന്‍പ് പ്രഖ്യാപിച്ചതുപോലെ നിയമന നടപടികളുമായി മുന്നോട്ടുപോയെങ്കിലും, വൈദ്യപരിശോധനയില്‍ ഫ്‌ലാറ്റ് ഫൂട്ട് (Flat Foot) കണ്ടെത്തിയത് ചിത്തരേഷ് നടേശന്റെ നിയമനത്തിന് തടസ്സമായി. അതേസമയം, ഒപ്പമുണ്ടായിരുന്ന ഷിനു ചൊവ്വ വൈദ്യപരിശോധന വിജയകരമായി പൂര്‍ത്തിയാക്കി. ഫ്‌ലാറ്റ് ഫുട്ടായതിനാല്‍ സേനയില്‍ എടുക്കാന്‍ കഴിയില്ലെന്ന വൈദ്യപരിശോധന റിപ്പോര്‍ട്ടാണ് തിരിച്ചടിയായത്. കായികക്ഷമത തോറ്റവരെ ഇന്‍സ്‌പെക്ടറായി നേരിട്ട് നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ചട്ടങ്ങളില്‍ ഇളവ് വരുത്തി സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നല്‍കുന്നത്.

2019-ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ വേള്‍ഡ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച താരമാണ് എറണാകുളം സ്വദേശിയായ ചിത്തരേഷ് നടേശന്‍. ലോക സൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഷിനു ചൊവ്വയും കായികരംഗത്തെ മികച്ച നേട്ടങ്ങള്‍ പരിഗണിച്ചാണ് പോലീസ് നിയമനത്തിന് അര്‍ഹരായത്. ഇവര്‍ക്കായി ആംഡ് പോലീസ് ബറ്റാലിയനില്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ രണ്ട് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തിരുന്നു.

എന്നാല്‍, ഒളിമ്പിക്‌സിലോ നാഷണല്‍ ഗെയിംസിലോ അംഗീകരിക്കാത്ത ബോഡി ബില്‍ഡിംഗ് പോലുള്ള ഇനങ്ങള്‍ക്കായി ചട്ടങ്ങളില്‍ ഇളവ് വരുത്തി ഇന്‍സ്‌പെക്ടര്‍ തസ്തിക നല്‍കുന്നത് നേരത്തെ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടവരെ നേരിട്ട് ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കുന്നതിനെതിരെ സേനയ്ക്കുള്ളിലും കായികരംഗത്തും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ചിത്തരേഷിന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

പോലീസ് സേനയിലെ നിയമനത്തിന് ഫ്‌ലാറ്റ് ഫൂട്ട് ഒരു ശാരീരിക അയോഗ്യതയായാണ് കണക്കാക്കുന്നത്. ചിത്തരേഷിന്റെ കാര്യത്തില്‍ ഈ റിപ്പോര്‍ട്ട് നിയമനത്തെ എങ്ങനെ ബാധിക്കുമെന്നതില്‍ വരുംദിവസങ്ങളില്‍ വ്യക്തതയുണ്ടാകും. നിലവില്‍ ഷിനു ചൊവ്വയ്ക്ക് നിയമനം നല്‍കുന്ന കാര്യത്തില്‍ തടസ്സങ്ങളില്ല. ബറ്റാലിയനില്‍ ഒഴിവുവരുന്ന മുറയ്ക്ക് ഇവരുടെ നിയമനം റെഗുലര്‍ തസ്തികകളിലേക്ക് മാറ്റാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

കായിക ക്ഷമതാ പരീക്ഷ പാസാവണമെന്ന നിബന്ധന മറികടന്നായിരുന്നു ഇവരുടെ നിയമനം. കായിക ക്ഷമതാ പരീക്ഷയില്‍ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയില്‍ പങ്കെടുത്തില്ല. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിന്‍ എഡിജിപി നിരസിച്ചിരുന്നു. പിന്നാലെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്‌ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കിയത്. കെഇപിഎയില്‍ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്‌ഐ ആയി നിയമനം നല്‍കാനായിരുന്നു ഡിജിപിയുടെ ഉത്തരവ്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തിലാണ് നിയമനമെന്നും ബോഡി ബില്‍ഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നും എഡിജിപി എസ്. ശ്രീജിത്ത് വിശദീകരിച്ചിരുന്നു. എന്നാല്‍ കായികതാരങ്ങള്‍ക്ക് നല്‍കുന്ന ഈ പ്രത്യേക പരിഗണനയും പിന്നാലെ വന്ന ശാരീരിക അയോഗ്യതയും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

Similar News