കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹം ഗൂഢാലോചന ആയിരുന്നു; വി ശിവന്‍കുട്ടിയും, എ എ റഹീമും, ഗോവിന്ദനും ജയിലില്‍ കിടക്കാന്‍ തക്കവണ്ണം കുറ്റം ചെയ്തവര്‍; 16 വയസുള്ള കുട്ടിയെ കല്യാണം കഴിപ്പിക്കല്‍ ആണോ ഇവരുടെ പണി; സിപിഎം നേതാക്കള്‍ക്കെതിരെ ബിജെപി നേതാവ് എസ് സുരേഷ്; വിവാഹം നടത്തി കൊടുത്തവരെയും പ്രതികളാക്കണമെന്ന് പട്ടികജാതി കമ്മീഷന്‍ നിയമോപദേശകന്‍

കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹം ഗൂഢാലോചന ആയിരുന്നു

Update: 2026-04-11 08:58 GMT

തിരുവനന്തപുരം: കുംഭമേളയിലെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹ വിവാദത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി. കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹം ഗൂഢാലോചന ആയിരുന്നു എന്നാരോപിച്ചു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് രംഗത്തുവന്നു. എന്തുക്കിട്ടിയാലും വിഴുങ്ങി മതേതരത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിന് കിട്ടിയ തിരിച്ചടി. 16 വയസുള്ള കുട്ടിയെ കല്യാണം കഴിപ്പിക്കല്‍ ആണോ ഇവരുടെ പണി. വേറെ പണി ഒന്നും ഇല്ലേ?. ഇതൊരു ഗൂഢാലോചന ആയിരുന്നുവെന്നും സുരേഷ് ആരോപിച്ചു.

ഇന്ത്യന്‍ ശിക്ഷ നിയമം പ്രകാരം എം വി ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എന്നിവര്‍ ജയിലില്‍ കിടക്കാന്‍ തക്കവണ്ണം കുറ്റം ചെയ്തവര്‍. 16 വയസുകാരി കുട്ടി മറ്റൊരു നാട്ടില്‍ വന്നാല്‍ കല്യാണം കഴിപ്പിക്കല്‍ അല്ല ഉത്തരവാദിത്വം എന്ന് ബോധമില്ലേ. 16 വയസുകാരിയെ കല്യാണം കഴിപ്പിക്കാന്‍ ആര് അധികാരം കൊടുത്തുവെന്നും എസ് സുരേഷ് ചോദിച്ചു.

അതേസമയം വിവാഹത്തില്‍ പോക്‌സോ കേസ് കൂടാതെ പട്ടിക വര്‍ഗപീഡന കുറ്റവും വ്യാജരേഖ ചമച്ചതും ചുമത്തണമെന്ന് ആവശ്യവും ശക്തമാകുന്നുണ്ട്. ഈക്കാര്യം വ്യക്തമാക്കി പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന പട്ടികജാതി കമ്മീഷന്‍ നിയമോപദേശകന്‍ പ്രകാശ് ഉയ്‌ക്കെ വ്യക്തമാക്കി. സംഭവത്തില്‍ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിവാഹത്തിന് നേതൃത്വം നല്‍കിയവരെ എല്ലാം പ്രതികളാക്കണമെന്നും പരാതിക്കാരന്‍ പ്രഥം ദുബൈ പ്രതികരിച്ചു. പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് വലിയ വീഴ്ച്ചയാണെന്നും വിവാഹം നടത്തി കൊടുത്തവരെയും പ്രതികളാക്കണമെന്നും പട്ടികജാതി കമ്മീഷന്‍ നിയമോപദേശകന്‍ പ്രകാശ് ഉയ്‌കൈ പ്രതികരിച്ചു.

വൈറല്‍ താരത്തിന്റെ വൈറല്‍ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. നിലവില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് ഭര്‍ത്താവിനെതിരെ പോക്‌സോ കുറ്റം ചുമത്തിയതെന്നാണ് സൂചന. ഇതോടൊപ്പം മറ്റു വകുപ്പുകള്‍ ചുമത്തണമെന്നാണ് പട്ടികജാതി കമ്മീഷന്‍ നിയമോപദേശകന്‍ പ്രകാശ് ഉയ്‌കൈ ആവശ്യപ്പെടുന്നത്. മറ്റ് അന്വേഷണങ്ങള്‍ നടത്താതെ കേവലം ആധാര്‍ കാര്‍ഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചു.

കേരളത്തില്‍ എത്തി താന്‍ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായി. ഈ വിവാഹത്തിന് സഹായം നല്‍കിയ എല്ലാവരെയും പ്രതിയാക്കണമെന്നും പ്രകാശ് ഉയ്‌കൈ പറഞ്ഞു. കേരളത്തില്‍ എത്തി വിവാഹം നടത്തിയത് ദൂരൂഹമാണെന്നും സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരന്‍ പ്രഥം ദുബൈ ആരോപിച്ചു. ഫര്‍മാനെതിരായ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിക്കുന്നത്. അതേസമയം, പോക്‌സോ ചുമത്തിയതടക്കം വിഷയങ്ങളില്‍ മധ്യപ്രദേശ് പൊലീസ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ കണ്ടെത്തല്‍. 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് സിപിഎം വ്യക്തമാക്കി. വിവാഹം നടക്കുന്ന വിവരം അറിഞ്ഞിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ എ റഹീം എംപിയും പങ്കെടുത്തത്. ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത് വധൂവരന്‍മാരാണ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തമ്പാനൂര്‍ പൊലീസിനെ കാണിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയും ഫര്‍മാന്‍ ഫാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News