ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ സി.പി.എം -ബി.ജെ.പി ഡീല്‍ ആരോപണം കത്തിച്ചു യുഡിഎഫ്; സതീശന്‍ തുടങ്ങിവെച്ച ആരോപണം ഏറ്റെടുത്തു യുഡിഎഫ് നേതാക്കള്‍; അസംബന്ധം എന്ന് പ്രതികരിച്ചു വിഷയത്തില്‍ നിന്നും തെന്നിമാറി എല്‍ഡിഎഫ്; വികസന ചര്‍ച്ചയാണ് നല്ലതെന്ന നിലപാടില്‍ ഇടതു മുന്നണി നേതാക്കള്‍; തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടം ഇങ്ങനെ
ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ സി.പി.എം -ബി.ജെ.പി ഡീല്‍ ആരോപണം കത്തിച്ചു യുഡിഎഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുമ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ 'ബോംബ്' പൊട്ടിച്ച് യുഡിഎഫ് തങ്ങള്‍ക്ക് അനുകൂലമായ നരേറ്റീവ് ശൃഷ്ടിക്കുന്നതില്‍ മുന്നില്‍. പതിവ് വികസന ചര്‍ച്ചകള്‍ക്ക് പകരം ഇക്കുറി കളം നിറയുന്നത് സി.പി.എം - ബി.ജെ.പി രഹസ്യ ധാരണ എന്ന ഗൗരവകരമായ ആരോപണമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എറിഞ്ഞ കൊള്ളി ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം ഏറ്റെടുത്തതോടെ വിഷയം ആളിപ്പടര്‍ത്തുകയാണ്. ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ 'ഡീല്‍' രാഷ്ട്രീയം തന്നെയാകും ഇക്കുറി പ്രധാന ആയുധമെന്ന് യുഡിഎഫ് വ്യക്തമാക്കിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഒപ്പം നിന്നതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫിന്റെ ഈ നീക്കം.
നിര്‍ണായക സ്വാധീനമുള്ള പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ സിപിഎം രഹസ്യ ഡീല്‍ ഉണ്ടാക്കിയെന്നാണ് വി ഡി സതീശന്റെ ആരോപണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ അടക്കമുള്ള യു.ഡി.എഫ് നേതൃത്വമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്. തുടര്‍ദിവസങ്ങളില്‍ ഇത് വ്യാപകമായ ചര്‍ച്ചയാവുകയായിരുന്നു. ഇതോടൊപ്പം കേന്ദ്ര ഏജന്‍സികള്‍ ഇഴഞ്ഞുനീങ്ങുന്ന കേസുകളും മറ്റു ചൂണ്ടിക്കാട്ടി ആരോപണം കൊഴുപ്പിക്കുന്നു.
സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വോട്ട് കച്ചവടത്തിന് ധാരണയായെന്നും, ഇത് ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതാണെന്നും യുഡിഎഫ് വാദിക്കുന്നു. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഈ വിഷയം താഴെത്തട്ടില്‍ എത്തിക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ആരോപണം കടുത്തതോടെ പ്രതിരോധത്തിലായ ഇടതുമുന്നണി, നിലവില്‍ പ്രതിരോധം തീര്‍ക്കുന്നത് 'ഒഴിഞ്ഞുമാറല്‍' തന്ത്രത്തിലൂടെയാണ്. സതീശന്റെ ആരോപണങ്ങള്‍ കേവലം അസംബന്ധമാണെന്നാണ് ഇടതു നേതാക്കള്‍ ആരോപിച്ചത്. വികസന ചര്‍ച്ചകളിലേക്ക് വഴിതിരിക്കാനുമാണ് എല്‍ഡിഎഫിന്റെ ശ്രമം.
പത്ത് മണ്ഡലങ്ങളില്‍ ബിജെപി-സിപിഎം ഡീല്‍ ആരോപണം ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. പാലക്കാടാണ് ഇതില്‍ മുഖ്യവിഷയമായത്. പാലക്കാട് യു.ഡി.എഫിന് ലഭിക്കുന്ന ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനാണ് എന്‍.എം.ആര്‍. റസാഖ് എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയെ സി.പി.എം നിര്‍ത്തിയതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 2024ലെ ഉപതെരഞ്ഞെടുപ്പില്‍ 18,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ജയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന് 58389 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 39549 വോട്ടായിരുന്നു ലഭിച്ചത്. 37293 വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്നു സി.പി.എം സ്ഥാനാര്‍ഥി പി. സരിന്‍. ഇത്തരമൊരു മണ്ഡലത്തില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തി യു.ഡി.എഫിന് കിട്ടേണ്ട വോട്ട് സ്പ്ലിറ്റ് ചെയ്യിക്കുകയാണ് എല്‍.ഡി.എഫെന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ ആരോപിക്കുന്നത്.
എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ മറുപടി പറയാതെ 'സതീശന്റെ ആരോപണത്തില്‍ നമ്മള്‍ പ്രതികരിക്കേണ്ട കാര്യമില്ല, അദ്ദേഹം രാവിലെ മുതല്‍ രാത്രി വരെ നുണ പറയുന്ന ഒരു പ്രതിപക്ഷ നേതാവായിട്ട് മാറി' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ചെയ്തത്.
എന്‍.എം.ആര്‍. റസാഖിനെ സ്ഥാനാര്‍ഥിയാക്കിയതോടെ ബി.ജെ.പി.ക്ക് ലഭിക്കുന്ന ഭൂരിപക്ഷ വോട്ടിനെ ഒരുനിലക്കും സ്വാധീനിക്കാന്‍ സി.പി.എമ്മിന് കഴിയില്ല. മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍ എന്ന പ്രൊഫൈലിലൂടെ കഴിഞ്ഞ തവണ പി. സരിന് കല്‍പ്പാത്തി ഭാഗത്തുനിന്നുള്ള സവര്‍ണ്ണ വോട്ടുകളില്‍ ഒരു ചെറിയ വിഭാഗമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇത്തവണ എന്‍.എം.ആര്‍. റസാഖിനെ സ്ഥാനാര്‍ഥിയാക്കിയതോടു കൂടി ബി.ജെ.പിയുടെ വോട്ട്ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയില്ല.
അതേസമയം, യു.ഡി.എഫിന് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ തന്റെ പെട്ടിയിലാക്കാന്‍ എന്‍.എം.ആര്‍. റസാഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കഴിഞ്ഞേക്കും. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ 3,859 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. ഇതിന് പ്രധാന കാരണം മുസ്‌ലിം ലീഗിന് വന്‍ശക്തിയുള്ള പിരായിരി പഞ്ചായത്തില്‍ നിന്നുള്ള വോട്ടുകളാണ്. അവിടെ 27,000ത്തോളം വോട്ടുകളില്‍ 12,000ത്തിലധികം ഷാഫിക്ക് ലഭിച്ചിരുന്നു. ഇത്തവണ എന്‍.എം.ആര്‍. റസാഖ് ഈ വോട്ടര്‍മാരെ സ്വാധീനിച്ചേക്കും. അതേസമയം, ബി.ജെ.പി.യുടെ വോട്ടില്‍ ഒരു തരത്തിലുള്ള വിള്ളലും ഉണ്ടാകില്ല.
അതേസമയം, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ 6,000 വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ എന്നും ന്യൂനപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഈ 6,000 വോട്ട് മറികടന്ന് വിജയിക്കാമെന്നുമാണ് കണക്കുകൂട്ടുന്നതെന്നും സി.പി.എം പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആരോപണം ശരിയാണെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറയുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി. ഇരു പാര്‍ട്ടികളും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെയും മണ്ഡലങ്ങളെയും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ 'ഡീല്‍' ആര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പഴയ 'കോലീബി' സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തമല്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പുനലൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കങ്ങളില്ലെന്നും മുന്നണിയിലെ എല്ലാ കക്ഷികളും സ്ഥാനാര്‍ത്ഥിയെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മങ്കട മണ്ഡലത്തിലെ മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഫലം വരുമ്പോള്‍ യു.ഡി.എഫിന്റെ കരുത്ത് ബോധ്യപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സിപിഐഎം-ബിജെപി ഡീല്‍ എന്ന ആരോപണത്തെ ശക്തമായി തള്ളിക്കൊണ്ട് ഇ പി ജയരാജന്‍ രംഗത്തും വന്നു. ഇത്തരം പ്രചരണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും വസ്തുത എന്താണെന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയ ശക്തികളുമായി സന്ധിയില്ലാതെ ഏറ്റുമുട്ടുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെയും വിജയത്തെയും തടയാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇത്തരം വ്യാജപ്രചരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്കെതിരായി നേതാക്കളാരും ഇന്നുവരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജയരാജന്‍, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. ജനശ്രദ്ധ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് തിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ ഇത്തരം ദുരുദ്ദേശപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നത്. പ്രതിപക്ഷം എപ്പോഴെങ്കിലും ഇടതുപക്ഷ നേതാക്കളെക്കുറിച്ച് നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, തന്നെ കൊല്ലാന്‍ തോക്ക് കൊടുത്തയച്ചവരാണ് അവരെന്നും ആഞ്ഞടിച്ചു. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാകണമെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
