ആ ചോദ്യം ചോദിച്ച സഖാവിന്റെ കിളി പറത്തിയ മറുപടി! പിണറായിയുടെ പ്രസംഗത്തിനിടെ 'സിഎമ്മേ ഒരു ചോദ്യം' പറഞ്ഞയാളോട് വീട്ടില്‍ പോയി ചോദിക്കെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പി ആര്‍ വിജയന്റെ മുഖമൂടി അഴിഞ്ഞു, ഇതാണ് യഥാര്‍ഥ പിണറായി വിജയനെന്ന് ട്രോളി യുഡിഎഫ് സൈബറിടങ്ങളും; പി ആര്‍ ഇമേജുകള്‍ പൊളിച്ചു വീണ്ടും പിണറായി ധാര്‍ഷ്ട്യം!
ആ ചോദ്യം ചോദിച്ച സഖാവിന്റെ കിളി പറത്തിയ മറുപടി!
കോന്നി: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷിപ്രകോപവും ധാര്‍ഷ്ട്യവുമെല്ലാം കേരളത്തില്‍ പലതവണ ചര്‍ച്ചയായിട്ടുള്ളതാണ്. തിരഞ്ഞെടുപ്പു കാലത്ത് ഇമേജ് ബില്‍ഡ് ചെയ്യാന്‍ വേണ്ടിയുള്ള അഭിമുഖങ്ങളുമായി കളം നിറയവേ 'യഥാര്‍ഥ' പിണറായി വീണ്ടും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഇമേജ് ഉയര്‍ത്താന്‍ വേണ്ടിയുള്ള പി ആര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കവേയാണ് അതെല്ലാം കുറച്ചുകാലത്തേക്ക് മാത്രമാണെന്ന് തെളിയിക്കുന്ന പെരുമാറ്റം പിണറായി വിജയനില്‍ നിന്നും ഉണ്ടായത്. ഇന്നലെ കോന്നിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനാണ് വേദി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട്, 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന് മുഖ്യമന്ത്രി. 'സിഎമ്മേ ഒരു ചോദ്യം...' എന്ന് പറഞ്ഞ ആളോടാണ് മുഖ്യമന്ത്രിയുടെ ഈ വിധത്തിലുള്ള പ്രതികരണം. അടിസ്ഥാന സൗകര്യവികസനങ്ങളെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരുന്നത്. ഇതിനിടെയാണ് ചോദ്യം എത്തിയത്. ഈ ചോദ്യം മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല. ഇതോടെ വീട്ടില്‍ പോയി ചോദിക്ക് എന്ന മറുപടി നല്‍കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ യുഡിഎഫുകാര്‍ വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇതാണ് യഥാര്‍ഥ പിണറായി വിജയനെന്ന് ട്രോളി യുഡിഎഫ് സൈബറിടങ്ങളും രംഗത്തുവന്നത്. ക്യാമറകള്‍ക്ക് മുന്നില്‍ സരസമായി സംസാരിക്കുന്ന പിണറായി വെറും പി ആര്‍ വിജയനാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. തനി സ്വഭാവം പുറത്തുവന്നതാണെന്നാണ് യുഡിഎഫുകാര്‍ പരിഹസിക്കുന്നത്. എന്തായാലും ആ ചോദ്യം ചോദിച്ച സഖാവിന്റെ അവസ്ഥയെയും പലരും പരിഹസിക്കുന്നുണ്ട്. ഈ സംഭവത്തോടെ പിണറായി ധാര്‍ഷ്ട്യം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വേളയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രി വാവിട്ട് സംസാരിക്കുന്നത്. നേരത്തെ അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാര്‍ഥി ജി. സുധാകരന്റെ നിലപാടിനെ ചെറ്റത്തരം എന്നും വിശേഷിപ്പിച്ചിരുന്നു. ജി.സുധാകരന്‍ കാണിച്ച വഞ്ചനയ്ക്ക് ഇതില്‍ പരം വേറൊരു വിശേഷണമില്ലെന്നുറപ്പിച്ച് മുഖ്യമന്ത്രി നിലപാടു പറഞ്ഞു. പഴയ പരനാറി പ്രയോഗമുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ജി.സുധാകരന്‍ ചെയ്തതിനെക്കുറിച്ച് പറയാന്‍ എന്റെ നിഘണ്ടുവില്‍ വേറെ വാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി.സുധാകരന്‍ പിന്നാലെ രംഗത്തെത്തി. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാര്‍ഥങ്ങള്‍ ഉള്ളതാണ് ഭാഷ.
ഭാഷയുടെ അര്‍ഥാന്തരങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. കേസിനുപോയാല്‍ പ്രശ്‌നമാണ്. കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി ആളെക്കൂട്ടിത്തരും. അദ്ദേഹം നിങ്ങള്‍ക്ക് വോട്ടു പിടിച്ചു തരും.
ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാര്‍ലമെന്റേറിനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാള്‍ക്ക് വല്ല നാറ്റമുണ്ടോ. മാന്യമായി കുളിച്ച് വസ്ത്രധാരണം നടത്തി ജീവിക്കുന്ന പ്രഗല്‍ഭനാണ് അദ്ദേഹം. ഞങ്ങള്‍ ഒന്നിച്ച് മന്ത്രിസഭയില്‍ ഉണ്ടായിരുന്നതാണ്. ഇങ്ങനെയാക്കെ സംസാരിക്കാന്‍ ആരാണ് അദ്ദേഹത്തിന് അധികാരം നല്‍കിയത്? ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ ഇരുന്നാല്‍ നമ്മുടെ സ്ഥിതിയെന്താണ്?. എത്ര പേരെയാണ് പാര്‍ട്ടിക്ക് എതിരാക്കുന്നത്?. ജി. സുധാകരന്‍ പറഞ്ഞു.
