ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഇറാനെ ആക്രമിച്ച് ഇസ്രായേല്‍; ഐ.ആര്‍.ജി.സി, ഖുദ്സ് ഫോഴ്‌സ് ബേസ്, ഇന്റലിജന്‍സ് സൈറ്റുകള്‍, മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍; ലെബനനിലും സൈനിക നീക്കം ശക്തമാക്കി ഇസ്രായേല്‍; സമാധാന ചര്‍ച്ചകള്‍ക്ക് പാക്കിസ്താന്‍ വേദിയായേക്കുമെന്നും റിപ്പോര്‍ട്ട്

ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഇറാനെ ആക്രമിച്ച് ഇസ്രായേല്‍

Update: 2026-03-24 01:31 GMT

ടെഹ്റാന്‍: ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ രാജ്യത്തെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള സൈനിക നടപടികള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇസ്രായേല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സൈനിക നീക്കങ്ങള്‍ തുടരുമെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കിയത്.

ടെഹ്റാനിലുണ്ടായ പുതിയ സ്‌ഫോടനങ്ങള്‍ മുന്‍പൊരിക്കലുമില്ലാത്ത വിധം ശക്തമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ്, ഖുദ്സ് ഫോഴ്‌സ് ബേസ്, ഇന്റലിജന്‍സ് സൈറ്റുകള്‍, മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സൈനിക താവളങ്ങളിലാണ് ഇസ്രായേല്‍ പ്രധാനമായും വ്യോമാക്രമണം നടത്തിയത്. അതേസമയം, തിങ്കളാഴ്ച ഇസ്രായേലിലെ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ പുതിയ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സും അവകാശപ്പെട്ടിട്ടുണ്ട്.

ഇറാനുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിയ ഡൊണാള്‍ഡ് ട്രംപ്, ഇറാന്റെ പവര്‍ പ്ലാന്റുകള്‍ക്കും ഊര്‍ജ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കകമാണ് തെഹ്റാനിലുടനീളം സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി പുതിയ ആക്രമണം ആരംഭിച്ചതായി ഐഡിഎഫ് പ്രഖ്യാപിച്ചത്.

അതിവനിടെ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷം വ്യാപിക്കുമ്പോഴും സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങള്‍ സജീവമാവുകയാണ്. ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ വേദിയായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈജിപ്ത്, പാകിസ്താന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവര്‍ ഇറാനും അമേരിക്കയ്ക്കും ഇടയില്‍ സന്ദേശങ്ങള്‍ കൈമാറുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫോണിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തി. മേഖലയിലെ വിദേശ ഇടപെടലുകള്‍ തടയുമെന്നും അയല്‍രാജ്യങ്ങളുമായി സഹകരിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും പെസെഷ്‌കിയാന്‍ വ്യക്തമാക്കി.

അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത ആക്രമണം ആരംഭിച്ചതുമുതല്‍ ഇറാനില്‍ സൈനികരും സാധാരണക്കാരുമുള്‍പ്പെടെ 1,500ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ചില മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 3,000 കടന്നിരിക്കാം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 15 പ്രവിശ്യകളിലായി 206 ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.

ഇറാനിലെ ആക്രമണങ്ങള്‍ക്ക് പുറമെ ലെബനനിലും ഇസ്രായേല്‍ തങ്ങളുടെ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. തെക്കന്‍ ലെബനനിലെ ചില പ്രദേശങ്ങളുടെ പരമാധികാരം ഇസ്രായേല്‍ ഏറ്റെടുക്കണമെന്നും രാജ്യത്തിന്റെ പുതിയ അതിര്‍ത്തി ലിതാനി നദിയായിരിക്കണമെന്നും ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ആവശ്യപ്പെട്ടത് മേഖലയില്‍ കൂടുതല്‍ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

Tags:    

Similar News