അമേരിക്കയും ബ്രിട്ടനും കാനഡയും വാതില്‍ അടച്ചു; സ്റ്റുഡന്റ് വിസയില്‍ ലക്ഷങ്ങള്‍ മുടക്കി ചെന്നാലും ജോലിയില്ലാതെ മടങ്ങേണ്ടി വരുന്നു; പഠനം കഴിഞ്ഞയുടന്‍ നാട് വിടുന്നവര്‍ വമ്പന്‍ കടക്കെണിയില്‍; ഇന്ത്യന്‍ യുവാക്കളുടെ വിദേശ സ്വപ്നങ്ങള്‍ക്ക് സംഭവിക്കുന്നത്
അമേരിക്കയും ബ്രിട്ടനും കാനഡയും വാതില്‍ അടച്ചു; സ്റ്റുഡന്റ് വിസയില്‍ ലക്ഷങ്ങള്‍ മുടക്കി ചെന്നാലും ജോലിയില്ലാതെ മടങ്ങേണ്ടി വരുന്നു
ലണ്ടന്‍: വിദേശ പഠനത്തിനായി പോകുന്ന ഇന്ത്യന്‍ യുവാക്കളില്‍ ഏറിയപങ്കും ആഗ്രഹിക്കുന്നത് പഠനശേഷം വിദേശങ്ങളില്‍ തന്നെ തൊഴിലെടുത്ത് ജീവിതം കരുപ്പിടിപ്പിക്കാനാണ്. വരും കാലങ്ങളില്‍ ഇത് കേവലം ഒരു സ്വപ്നമായി അവശേഷിച്ചേക്കാം എന്ന മുന്നറിയിപ്പാണ് വര്‍ത്തമാനകാല സാഹചര്യം നല്‍കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്, വിദേശങ്ങളിലെ പഠനത്തിനു ശേഷം ഇന്ത്യയിലേക്ക് തന്നെ മടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. പഠനാനന്തര ജോലി സാധ്യതകള്‍ മങ്ങുകയും പല രാജ്യങ്ങളിലും വിസ നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണിത് എന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
2025 ജൂണ്‍ - ആഗസ്റ്റ് കാലയളവില്‍ എഫ് 1 ഇന്‍ഷുറന്‍സുകളുടെ കാര്യത്തില്‍ തൊട്ട് മുന്‍പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, 67 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ വിദേശങ്ങളില്‍ പഠനത്തിനായി പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2023 ല്‍ 9,08,364 പേരാണ് പഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പറന്നതെങ്കില്‍ 2025 ല്‍ അത് 6,26,606 ആയി കുറഞ്ഞു. യു കെയും കാനഡയും ഉള്‍പ്പടെയുള്ള പല രാജ്യങ്ങളും പെര്‍മിറ്റ് റൂളുകളും കടുപ്പിച്ചതോടെ ഇവിടങ്ങളില്‍ പഠനത്തിനായി പോകുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.
പല രാജ്യങ്ങളിലും, സ്റ്റുഡന്റ് വിസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതവിസയില്‍ ഉറ്റവരെ കൂടെ കൊണ്ടുവരുന്നതും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. അതിനു പുറമെ കോഴ്‌സുകള്‍ക്കുള്ള ചെലവുകളും കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. യു കെ പോലുള്ള രാജ്യങ്ങളില്‍ ജീവിത ചെലവ് വര്‍ദ്ധിച്ചതും കൂടുതല്‍ പേരെ അത്തരം രാജ്യങ്ങളില്‍ തുടരാതെ ഇന്ത്യയിലെക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിനുപുരമെ, നിങ്ങള്‍ക്ക് പഠനശേഷം ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യണമെങ്കില്‍ തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്ത വിസ ആവശ്യമാണ്. ഇതും ഇപ്പോള്‍ ചെലവേറിയ ഒന്നായി മാറിയിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍ മങ്ങിയതും ഒരു കാരണമായിട്ടുണ്ട്.
റാങ്കിംഗ് കുറഞ്ഞ കോളേജുകളില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാണ്. പ്ലേസ്‌മെന്റ് സപ്പോര്‍ട്ട്, ഇന്‍ഡസ്ട്രി നെറ്റ്വര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഇത്തരം യൂണിവേഴ്‌സിറ്റികളില്‍ ഇല്ല എന്ന് തന്നെ പറയാം. അതോടൊപ്പം രൂപയുടെ മൂല്യം കുറഞ്ഞതും യഥാര്‍ത്ഥ സാഹചര്യത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബാദ്ധ്യതയായിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ വര്‍ദ്ധിക്കുമെന്ന് മാത്രമല്ല, ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഉണ്ടാകുന്ന സാമ്പത്തിക സമ്മര്‍ദ്ധവും വര്‍ദ്ധിക്കുകയാണ്.
ആഗോള തലത്തില്‍ തന്നെ തൊഴില്‍ വിപണിയില്‍ ഉണ്ടായിരിക്കുന്ന മന്ദത വിദേശത്ത് പഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളെയും ബാധിക്കുന്നുണ്ട്. സാങ്കേതിക വിദ്യാരംഗത്ത് ഗ്ലോബല്‍ ഹയറിംഗ് എന്ന പ്രതിഭാസം ഇപ്പോള്‍ ഏതാണ്ട് ഇല്ലാതെയായ മട്ടാണ്. എന്‍ട്രി ലെവല്‍ ജോലികള്‍ നേടിയെടുക്കുക ഏറെ ക്ലേശകരവും. അതുകൊണ്ടു തന്നെ ഡിഗ്രിക്ക് ശേഷം ജോലി പിന്നീട് വിസ അതുകഴിഞ്ഞാല്‍ പി ആര്‍ എന്ന കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിരുന്ന പഴയകാല സങ്കല്പം ഇല്ലാതെ ആയിരിക്കുകയാണ്. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ വ്യാപനം ഈ പ്രവണതയെ ത്വരിതപ്പെടുത്തുകയാണ്.
