അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ടെക്‌സാസിലെ വലേറോയുടെ എണ്ണ ശുദ്ധീകരണശാലയില്‍ ഉയര്‍ന്നുപൊങ്ങി തീഗോളം; ആകാശം മുട്ടെ കറുത്ത പുകയും; എന്താണ് സംഭവിച്ചതെന്ന ആശങ്കയുടെ നിമിഷങ്ങളില്‍ നാട്ടുകാര്‍; ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു അധികൃതര്‍

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം!

Update: 2026-03-24 02:18 GMT

പോര്‍ട്ട് ആര്‍തര്‍ (ടെക്‌സസ്): അമേരിക്കയിലെ ടെക്‌സസിലുള്ള പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ വലേറോ റിഫൈനറിയില്‍ വന്‍ സ്‌ഫോടനവും തീപിടുത്തവും. തിങ്കളാഴ്ച രാത്രിയോടെയാണ് പോര്‍ട്ട് ആര്‍തറിലെ പ്ലാന്റില്‍ ഉഗ്രസ്‌ഫോടനം ഉണ്ടായത്. കിലോമീറ്ററുകള്‍ അകലെ വരെ പ്രകമ്പനം സൃഷ്ടിച്ച സ്‌ഫോടനത്തിന് പിന്നാലെ പ്രദേശം കറുത്ത പുകയാല്‍ മൂടി. പ്ലാന്റിലെ ഇന്‍ഡസ്ട്രിയല്‍ ഹീറ്ററിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

സ്‌ഫോടനത്തെത്തുടര്‍ന്ന് നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ജനങ്ങളോട് വീടുകളില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വിഷപ്പുക ശ്വസിക്കുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ജനലുകളും വാതിലുകളും അടച്ചിടണമെന്നും പുറത്തിറങ്ങരുതെന്നും ജെഫേഴ്‌സണ്‍ കൗണ്ടി ഷെരീഫ് സെന സ്റ്റീഫന്‍സ് അറിയിച്ചു. നിലവില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. പ്രതിദിനം 4.35 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.

ലോകത്തിലെ തന്നെ വമ്പന്‍ എണ്ണക്കമ്പനികളില്‍ ഒന്നായ വലേറോയുടെ റിഫൈനറിയില്‍ വന്‍ സ്‌ഫോടനമുണ്ടായിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ആ ശബ്ദം കേട്ടത്. കിലോമീറ്ററുകള്‍ അകലെയുള്ള വീടുകള്‍ വരെ കുലുങ്ങിപ്പോയ പ്രകമ്പനമായിരുന്നു ആ സ്‌ഫോടനം സൃഷ്ടിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ റിഫൈനറിയില്‍ നിന്ന് കൂറ്റന്‍ തീഗോളങ്ങള്‍ ഉയരുകയും ആകാശം മുഴുവന്‍ കറുത്ത പുക പടരുകയും ചെയ്തു. പുക ശ്വസിച്ച് ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് അധികൃതര്‍ അടിയന്യതര നിര്‍ദേശം നല്‍കിയത്.


 



സംഭവസ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സും മറ്റ് എമര്‍ജന്‍സി വിഭാഗങ്ങളും കുതിച്ചെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്നോ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നോ ഉള്ള കാര്യത്തില്‍ കമ്പനിയോ പ്രാദേശിക ഭരണകൂടമോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എങ്കിലും റിഫൈനറിയിലെ ഒരു ഹീറ്റര്‍ യൂണിറ്റിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന.

സ്‌ഫോടനത്തിന്റെ ആഘാതം തങ്ങളുടെ വീടുകളില്‍ വരെ അനുഭവപ്പെട്ടതായി പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസുകള്‍ വരെ വിറച്ചുപോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സ്ഥലത്ത് വായുനിലവാരം പരിശോധിച്ചു വരികയാണ്. വിഷപ്പുക പടര്‍ന്നിട്ടുണ്ടോ എന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍. ടെക്‌സസിലെ മലയാളികള്‍ ഏറെയുള്ള മേഖല കൂടിയാണിത്.

അമേരിക്കന്‍ മണ്ണിലെ ഒരു എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ ഈ അപകടം ലോകത്ത് എണ്ണവില ഉയരുമോ എന്ന ആശങ്കയുടെ ഘട്ടത്തിലാണ്. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ റിഫൈനറിയിലുണ്ടായ അപകടം ആഗോള എണ്ണവിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എണ്ണവിലയില്‍ ഇതിനകം 33 ശതമാനം വര്‍ധനവുണ്ടായി.

എണ്ണവില ബാരലിന് 138 ഡോളറില്‍ കൂടുതല്‍ തുടര്‍ച്ചയായി മൂന്ന് മാസം തുടര്‍ന്നാല്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ അടുത്ത 12 മാസത്തിനുള്ളില്‍ മാന്ദ്യമുണ്ടാകാനുള്ള സാധ്യത 32 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News