'താങ്ക്യൂ സോ മച്ച്, നിതിന്‍ ഭായ്..!' ലോകകപ്പില്‍ സഞ്ജു മിന്നിച്ചതിന് ജീവനക്കാര്‍ക്ക് സമ്മാനം നല്‍കിയ നിതിന് വന്‍ സര്‍പ്രൈസ്; കടവന്ത്രയിലെ വീട്ടിലെത്തി താരം; 'നമസ്‌കാരം, എന്തുണ്ട് ചേട്ടാ.. സുഖമല്ലേ?' എന്ന ചോദ്യവും; ആ ഫാന്‍ മൊമന്റിന്റെ അമ്പരപ്പ് മാറാതെ നിതിന്‍ ബാബുവും കുടുംബവും

Update: 2026-03-24 08:01 GMT

കോട്ടയം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴും ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ മിന്നുന്ന വിജയക്കുതിപ്പാണ് ഓരോ ആരാധകന്റെയും മനസില്‍. പ്രത്യേകിച്ച് സഞ്ജു സാംസണ്‍ നടത്തിയ മാസ്മരിക പ്രകടനത്തിന്റെ ആവേശം മലയാളി ആരാധകര്‍ക്ക് ഇനിയും ചോര്‍ന്നിട്ടില്ല. അപ്പോള്‍ പിന്നെ ലോകകപ്പിലെ ആ ഹീറോ നേരിട്ട് വീട്ടിലെത്തിയാലോ? അപാരമായ ആ ഫാന്‍ മൊമന്റിന്റെ അമ്പരപ്പിലാണ് നിതിന്‍ ബാബുവും കുടുംബവും. ലോകകപ്പിലെ സഞ്ജുവിന്റെ കിടിലന്‍ പ്രകടനം ജീവനക്കാര്‍ക്ക് ബോണസ് നല്‍കി ആഘോഷിച്ച ഫിയ ഗാര്‍മെന്റ്‌സ് ഉടമ നിതിന്‍ ബാബുവിനെ കാണാനാണ് സഞ്ജു നേരിട്ടെത്തിയത്.

സഞ്ജുവിന്റെ ഓരോ മികച്ച പ്രകടനവും ആഘോഷമാക്കിയതിന് പിന്നാലെ തന്റെ കടയിലെ ജീവനക്കാര്‍ക്ക് ബോണസായി 3500 രൂപ വീതം നല്‍കിയായിരുന്നു കോട്ടയം പാമ്പാടി സ്വദേശിയും 'ഫിയ ഗാര്‍മെന്റ്സ്' ഉടമയുമായ നിതിന്‍ ബാബു ശ്രദ്ധേയമായത്. ഇക്കാര്യം ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തിയതോടെ ആ ഫാന്‍ ബോയ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലോകകപ്പില്‍ സഞ്ജു മികച്ച പ്രകടനം നടത്തിയതിന്റെ സന്തോഷത്തില്‍ നിതിന്‍ തന്റെ സ്ഥാപനത്തിലെ 63 ജീവനക്കാര്‍ക്കാണ് 3500 രൂപ വീതം സമ്മാനമായി നല്‍കിയത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും സഞ്ജുവിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. എയര്‍ട്ടല്‍ സംഘടിപ്പിച്ച 'സൂപ്പര്‍ ഫാന്‍' മത്സരത്തില്‍ നിതിന്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. തുടര്‍ന്ന് എയര്‍ട്ടെലില്‍ നിന്ന് വിളിയെത്തുകയും സഞ്ജു കാണാന്‍ വരുന്നുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. കുടുംബത്തോടൊപ്പം കോട്ടയത്താണ് നിതിന്‍ താമസിക്കുന്നത്. എന്നാല്‍ സഞ്ജുവിന്റെ കൂടെ സൗകര്യത്തിന് കൊച്ചിയിലെ ബന്ധു വീട്ടിലായിരുന്നു കൂടിക്കാഴ്ച.

ഐപിഎല്ലിനായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാമ്പിലേക്ക് പോകുന്നതിനു മുമ്പാണ് സഞ്ജു, നിതിനെയും കുടുംബത്തെയും കാണാനെത്തിയത്. വീട്ടിലെത്തിയ സഞ്ജു അവിടെ ഏകദേശം ഒന്നര മണിക്കൂറോളം ചിലവഴിച്ചു. അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും നിതിനായി ഒരു ഓവര്‍ ബോള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി സഞ്ജുവിനെ പിന്തുടരുന്ന നിതിന്‍, സഞ്ജു ഇന്ത്യന്‍ ടീമില്‍ വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ്. തന്റെ കടയിലെ ജീവനക്കാരെ ഒരു കുടുംബമായി കാണുന്ന നിതിന്‍, തന്റെ സന്തോഷങ്ങള്‍ അവര്‍ക്കൊപ്പം പങ്കുവെക്കുന്നതിന്റെ ഭാഗമായാണ് സമ്മാനം നല്‍കിയത്. ഒരിക്കല്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സഞ്ജു നേരിട്ട് വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിതിന്‍ പറയുന്നു.

വെസ്റ്റ്ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ സഞ്ജു പ്ലെയര്‍ ഓഫ് ദ് മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ കടയിലെ എല്ലാ ജീവനക്കാര്‍ക്കും 500 രൂപ സമ്മാനം നല്‍കിയിരുന്നു. സെമി ഫൈനലില്‍ സഞ്ജുവിന്റെ ചിറകില്‍ ഇന്ത്യ ഇംഗ്ലിഷ് കരുത്തിനെ മറികടന്നതോടെ സന്തോഷം ഇരട്ടിച്ചു! എല്ലാ ജീവനക്കാര്‍ക്കും 1000 രൂപയും നല്‍കി. ഫൈനലിലും സഞ്ജു ടോപ് സ്‌കോററാകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെയാണ് ജീവനക്കാര്‍ക്ക് 2000 രൂപ വീതം നല്‍കിയത്.

ഇതിന്റെ വിഡിയോ വൈറലായതോടെയാണ് തന്റെ 'കട്ട ഫാനിനെ'ക്കുറിച്ച് സഞ്ജു അറിഞ്ഞത്. കഴിഞ്ഞയാഴ്ച എയര്‍ട്ടലില്‍നിന്നു വിളിയെത്തിയപ്പോള്‍ നിതിനും ഞെട്ടി. പിന്നീട് നടന്നതെല്ലാം ഒരു സ്വപ്നം പോലെ. ഐപിഎലിനായി ചെന്നൈയിലേക്ക് പോകുന്നതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച, കടവന്ത്രയിലുള്ള വീട്ടിലേക്ക് സഞ്ജുവെത്തി. 'നമസ്‌കാരം, എന്തുണ്ട് ചേട്ടാ.. സുഖമല്ലേ?' എന്നു ചോദിച്ചുകൊണ്ടാണ് സഞ്ജു എത്തിയത്. പിന്നാലെ നിതിനെ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ടും ആകാംക്ഷം കൊണ്ടും വാക്കുകള്‍ ലഭിക്കാത്ത നിതിനെയാണ് വിഡിയോയില്‍ കാണുന്നത്. നിതിനോടൊപ്പം ഭാര്യ ബ്ലെസിയും മക്കളും ചേര്‍ന്ന് സഞ്ജുവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. ഒന്നര മണിക്കൂറോളം വീട്ടില്‍ സമയം ചെലവഴിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്.

നിതിന് ബോള്‍ ചെയ്തു നല്‍കി, മക്കള്‍ക്ക് ക്യാച്ചിങ് പ്രാക്ടീസ് നല്‍കി, ജഴ്‌സിയില്‍ ഓട്ടോഗ്രഫ് നല്‍കി. ''എത്തി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹം നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയായി. എനിക്ക് ഒരോവര്‍ ബോളര്‍ ചെയ്തു തന്നു. ഞാന്‍ ബോള്‍ ചെയ്തു കൊടുക്കുമ്പോള്‍ സഞ്ജു ബാറ്റു ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ എന്നോട് ബാറ്റു ചെയ്യാന്‍ പറഞ്ഞു. ആദ്യ രണ്ടു പന്ത് കഴിഞ്ഞ് ഞാന്‍ മാറിയപ്പോള്‍ തന്നെ, നില്‍ക്ക് ഇനി നാലു പന്തു കൂടിയുണ്ടെന്ന് പറഞ്ഞു. ജഴ്‌സിയില്‍ ഓട്ടോഗ്രഫ് നല്‍കിയപ്പോള്‍, കൈവിറയ്ക്കാതെ വലിച്ചു പിടിക്ക്. അല്ലെങ്കില്‍ ഒപ്പ് ശരിയാകില്ലെന്ന് പറഞ്ഞു. 'താങ്ക്യൂ സോ മച്ച്, നിതിന്‍ ഭായ്..' എന്ന് ജഴ്‌സില്‍ എഴുതി. അതൊക്കെ സഞ്ജു ഹൃദയത്തില്‍നിന്നാണ് ചെയ്യുന്നത്.'' - നിതിന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

സഞ്ജുവിന്റെ ഇഷ്ടവിഭവമായ കപ്പയും മീന്‍കറിയുമാണ് നല്‍കിയതെന്നും നിതിന്‍ പറഞ്ഞു. വളരെ ആസ്വദിച്ചാണ് അദ്ദേഹം കഴിച്ചത്. അപ്രതീക്ഷിതമായി എത്തിയതുകൊണ്ട് സമ്മാനമൊന്നും കരുതാന്‍ പറ്റിയില്ലെന്നതാണ് സങ്കടം. എങ്കിലും ഒന്നു നേരില്‍ കാണാന്‍ പറ്റിയതില്‍ ഒത്തിരി സന്തോഷം. ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്ന കാര്യമായിരുന്നില്ല ഇത്. ഇപ്പോഴും ആ വിറയല്‍ മാറിയിട്ടില്ല''- നിതിന്‍ പറയുന്നു.

Tags:    

Similar News