നെടുംപറമ്പില്‍ ഫിനാന്‍സില്‍ നിന്ന് പണം വാങ്ങിയത് തെരഞ്ഞെടുപ്പ് സഹായം എന്ന നിലയില്‍; കോണ്‍ഗ്രസിന് പണമില്ലാത്തതിനാല്‍ പലരും സഹായിക്കാറുണ്ട്; തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരികെകൊടുത്തു; എന്‍ എം രാജുവിന്റെ ആരോപണത്തിന് മറുപടിയുമായി ആന്റോ ആന്റണി
നെടുംപറമ്പില്‍ ഫിനാന്‍സില്‍ നിന്ന് പണം വാങ്ങിയത് തെരഞ്ഞെടുപ്പ് സഹായം എന്ന നിലയില്‍
പത്തനംതിട്ട: നെടുംപറമ്പില്‍ ഫിനാന്‍സുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എം പി ആന്റോ ആന്റണി. തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നല്‍കിയെന്നും ആന്റോ ആന്റണി പറഞ്ഞു. എന്നാല്‍, രണ്ട് കോടി വാങ്ങിയെന്ന എന്‍ എം രാജുവിന്റെ ആരോപണത്തില്‍ ആന്റോ പ്രതികരിച്ചില്ല. എത്ര പണമാണ് സ്ഥാപനത്തില്‍ നിന്നും വാങ്ങിയതെന്നോ തിരികെകൊടുത്തതെന്നോ ആന്റോ ആന്റണി പറഞ്ഞില്ല.
'തെരഞ്ഞെടുപ്പ് സമയത്ത് നെടുമ്പറമ്പില്‍ ഫിനാന്‍സ് സഹായിച്ചിരുന്നു. കോണ്‍ഗ്രസിന് പണമില്ലാത്തതിനാല്‍ പലരും സഹായിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരികെകൊടുത്തു', ആന്റോ ആന്റണി പറഞ്ഞു.
നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു 2019ല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. തന്നെ മാത്രമല്ല, സിപിഐഎമ്മിനെയും കേരള കോണ്‍ഗ്രസിനെയും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ ആരോപണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിയമപരമായി പോകട്ടെ, താന്‍ അവയെ നേരിടുമെന്നും ആന്റോ ആന്റണി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്തെ സഹായം എന്ന നിലയിലാണ് അന്ന് പണം വാങ്ങിയത്. 2019 ല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു രാജു. ഇപ്പോള്‍ കൊത്തി ഇളക്കിക്കൊണ്ടുവന്ന് ആരോപണം ഉന്നയിപ്പിക്കുന്നതിന് പിന്നില്‍ എന്താണെന്ന് അന്വേഷിച്ചാല്‍ മതിയെന്നും ആന്റോ ആന്റണി കൂട്ടിച്ചേര്‍ത്തു. രണ്ട് മാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ആന്റോ ആന്റണി തന്റെ പക്കല്‍ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നുമായിരുന്നു രാജുവിന്റെ ആരോപണം.
പത്ത് ലക്ഷം രൂപവീതം രണ്ട് തവണകളായാണ് ഈ തുക ലഭിച്ചത്. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ മകള്‍ ഉള്‍പ്പെടെ ആന്റോ ആന്റണി വീട്ടില്‍ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കാന്‍ തയ്യാറായില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചിരുന്നു.
ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നല്‍കിയത്. അന്ന് തങ്ങള്‍ യുഡിഎഫിന്റെ ഭാഗമായിരുന്നതിനാലാണ് ഇത്തരമൊരു സഹായം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും ഇപ്പോള്‍ ഈ വിഷയം പരസ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടു വര്‍ഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്, അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ 44 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരില്‍ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എന്‍എം രാജുവും കൂട്ടാളികളും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു.
പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ഒട്ടേറെ പൊലീസ് കേസുകള്‍ ആണ് ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരെ ഉള്ളത്. 2024 ജൂലൈ മുതല്‍ ഈ തട്ടിപ്പില്‍ ഇഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നു എന്ന ആരോപണം ഉയരുന്നത്. തന്ത്രി ഈ സ്ഥാപനത്തില്‍ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോള്‍ അദ്ദേഹം പരാതിപോലും നല്‍കിയില്ലെന്നും ആയിരുന്നു ആരോപണം. ഇതില്‍ വ്യക്തത വരുത്താന്‍വ്യാഴാഴ്ച ഇവിടെ ഇഡി റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു.
ഇന്നലെ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എന്നിവ ഇ.ഡി പിടിച്ചെടുത്തു. നിക്ഷേപ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എന്‍.എം.രാജുവും കൂട്ടാളികളും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇ.ഡി കണ്ടെത്തി. സ്വര്‍ണ്ണ പണയ ഇടപാടുകള്‍ക്കും മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുമായും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ് 2024 ജൂലൈ 1ന് ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്തത്.
പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും തട്ടിപ്പിന്റെ വ്യാപ്തിയും ഗുണഭോക്താക്കളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു. നിക്ഷേപം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് രാജു, ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരെ 2024 മേയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
