വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനമോ? തള്ളിമറിച്ച മന്ത്രി പി രാജീവും മാധ്യമങ്ങളും, അഴിഞ്ഞാടിയ അന്തം അണികളും ഇതൊന്ന് വായിക്കണം: 'ഡി.പി.ഐ.ടി ഇത്തരമൊരു റാങ്കിംഗ് പുറത്തിറക്കാറില്ല'; അവകാശവാദം ശുദ്ധതട്ടിപ്പെന്ന് ബിജെപി

പി രാജീവിന്റെ അവകാശവാദം ശുദ്ധ തട്ടിപ്പെന്ന് ബിജെപി

Update: 2024-09-30 11:45 GMT

തിരുവനന്തപുരം: വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനമെന്നും ചരിത്രത്തിലാദ്യമെന്നും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. 2020ല്‍ 28-ാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ഒന്നാമതെത്തിയെന്നായിരുന്നു വാര്‍ത്ത.

കേന്ദ്രത്തിന്റെ പട്ടികയില്‍ ഒന്നാമതെത്തിയ കാര്യം സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചത് വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തത്. നേട്ടം കൈവരിച്ചതിന് കേരളത്തിന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പുരസ്‌കാരം നല്കിയതായും വാര്‍ത്തയില്‍ അവകാശപ്പെട്ടു. അവകാശവാദം അടിസ്ഥാനരഹിതമെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി നേരത്തെ വാദിച്ചിരുന്നു. ഇപ്പോള്‍ വിവരാവകാശപ്രകാരം കിട്ടിയ മറുപടിയില്‍ സര്‍ക്കാരിന്റെ അവകാവാദം ശുദ്ധതട്ടിപ്പാണെന്ന് തെളിഞ്ഞതായി സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഡി.പി.ഐ.ടി (Department for Promotion of Industry and Internal Trade) ഇത്തരമൊരു റാങ്കിംഗ് പുറത്തിറക്കാറില്ല എന്നാണ് ആര്‍ടിഐ മറുപടി കിട്ടിയതെന്നും മന്ത്രിയുടെ അവകാശവാദം തെറ്റെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.




 


സന്ദീപ് വാചസ്പതിയുടെ കുറിപ്പ്:


വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളം ഒന്നാം സ്ഥാനം നേടി എന്ന് തള്ളിമറിച്ച വ്യവസായ മന്ത്രി പി രാജീവും അതേറ്റുപാടിയ മാധ്യമങ്ങളും അത് കേട്ട് അഴിഞ്ഞാടിയ അന്തം അണികളും ഇതൊന്ന് വായിക്കണം. വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി ആണിത്. ഡി.പി.ഐ.ടി (Department for Promotion of Industry and Internal Trade) ഇത്തരമൊരു റാങ്കിംഗ് പുറത്തിറക്കാറില്ല അതിനാല്‍ തന്നെ ഇത്തരമൊരു അവകാശവാദം ശുദ്ധ തട്ടിപ്പാണ്. ഈ അസംബന്ധത്തിന് മന്ത്രി തന്നെ നേതൃത്വം കൊടുത്തു എന്നതാണ് കേരളം അഭിമുഖീകരിക്കുന്ന ഗതികേട്. എ.കെ.ജി സെന്ററിന്റെ പേ റോളില്‍ പേരില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ ഇനിയെങ്കിലും വായനക്കാരോട് യാഥാര്‍ത്ഥ്യം തുറന്ന് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം.


Full View

നേരത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമതല്ലെന്ന് സന്ദീപ് വാചസ്പതി വാദിച്ചിരുന്നു. നിലവിലെ മോശം അവസ്ഥ പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ മുന്നില്‍ വന്നതിനുള്ള 'ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ 2022' അവാര്‍ഡാണ് കേരളത്തിന് കിട്ടിയത്. ആകെ 30 ഘടകങ്ങളാണ് പരിശോധിച്ചത്. അതില്‍ ഒന്‍പതെണ്ണത്തില്‍ ഒന്നാമതെത്തിയത് കേരളമാണെന്ന് മാത്രം. അതില്‍ത്തന്നെ ബിസിനസ് കേന്ദ്രീകൃതമായി രണ്ടു ഘടകങ്ങള്‍ മാത്രമാണ് മെച്ചപ്പെട്ടത്. ബാക്കി ഏഴും പൗരകേന്ദ്രീകൃതമാണ്. വ്യാവസായിക സൗഹാര്‍ദ്ദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ മൂന്നായി തിരിച്ചിട്ടുണ്ട്. അതില്‍ മൂന്നാം ഗ്രൂപ്പിലാണ് കേരളം. ഈ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. അതിലാണ് കേരളം സ്ഥാനം മെച്ചപ്പെടുത്തിയതെന്ന് സന്ദീപ് ഫെയ്സ്ബുക് പോസ്റ്റില്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ വാദം

വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികളുടേയും സംസ്ഥാനങ്ങളുടെ പ്രകടനത്തേയും ആധാരമാക്കി നാല് വിഭാഗങ്ങളായി തിരിച്ചാണ് റാങ്കിങ് നടത്തിയത്. 95% ലേറെ മാര്‍ക്ക് ലഭിച്ച സംസ്ഥാനങ്ങളാണ് ടോപ്പ് പെര്‍ഫോര്‍മര്‍ പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ ഒമ്പത് മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കേരളം റാങ്കിങ്ങില്‍ ഒന്നാമതെത്തി. ആന്ധ്രാപ്രദേശ് രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ആന്ധ്രാപ്രദേശിന് അഞ്ചും ഗുജറാത്തിന് മൂന്നും മേഖലകളില്‍ മികവ് തെളിയിക്കാനാണ് കഴിഞ്ഞത്. ഒട്ടാകെ 30 മേഖലകളില്‍ നടത്തിയ വിലയിരുത്തലില്‍ ഒമ്പത് മേഖലകളിലും കേരളം ഒന്നാം സ്ഥാനം നേടി 'ടോപ്പ് പെര്‍ഫോര്‍മര്‍' ആയി. ഏക ജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികള്‍, റവന്യു സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് കേരളം ഒന്നാമത് എത്തിയത്.

കഴിഞ്ഞ തവണ നടത്തിയ വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ 28-ല്‍ നിന്ന് കേരളം 15 ആം സ്ഥാനത്തേക്കെത്തിയിരുന്നു. ആ സ്ഥാനത്തു നിന്നാണ് ഇപ്പോള്‍ ഒന്നാം നിരയിലേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ കൂടി പങ്കെടുത്ത് നടത്തിയ അവലോകനങ്ങള്‍ പുതിയ നേട്ടം കൈവരിക്കാന്‍ സഹായകമായതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വിവിധ വകുപ്പുകള്‍, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍, സംരംഭക സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഇതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടം സംരംഭക ലോകത്തിനും ഓരോ മലയാളിക്കും അഭിമാനിക്കാന്‍ വകയുള്ളതാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News