കൈവശാവകാശ രേഖ ലഭിക്കാന്‍ അരലക്ഷം കൈക്കൂലി; തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍; വിജിലന്‍സ് പിടികൂടിയ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി വിനോദ് സിപിഎം യൂണിയന്‍ നേതാവ്: മുന്‍പ് സിപിഎം പഞ്ചായത്തംഗം

Update: 2026-02-21 07:08 GMT

തൃശൂര്‍: കൈവശാവകാശ രേഖ അനുവദിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ സിപിഎം അനുകൂല സര്‍വീസ് സംഘടനാ നേതാവ്. പുന്നയൂര്‍ക്കുളം കടിക്കാട് വില്ലേജ് ഓഫീസറുടെ ചുമതല വഹിക്കുന്ന പത്തനംതിട്ട ചിറ്റാര്‍ സ്വദേശി എന്‍.പി. വിനോദിനെയാണ് (53) തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി സി.ജി. ജിംപോളിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിനോദ് കടുത്ത സിപിഎം പ്രവര്‍ത്തകനാണ്.

വല്യപ്പൂപ്പയുടെ പേരിലുള്ള 98 സെന്റ് ഭൂമി പിതാവിന്റെ പേരിലേക്ക് മാറ്റാന്‍ ഒരു മാസം മുന്‍പ് ആര്‍ആര്‍ സര്‍ട്ടിഫിക്കറ്റിന് പരാതിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. വര്‍ഷങ്ങളായി നികുതി ഒടുക്കാത്ത ഭൂമിയായതിനാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പ്രയാസമാണെന്നു പറഞ്ഞ് വിനോദ് മടക്കി വിട്ടു. പലവട്ടം വില്ലേജ് ഓഫീസ് കയറിയിറങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് പരാതിക്കാരന്‍ പറയുന്നു.

കഴിഞ്ഞ 16ന് ചെന്നപ്പോള്‍ മൂന്നു ലക്ഷം രൂപ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാമെന്നു പറഞ്ഞു. 19 ന് വീണ്ടും ചെന്നപ്പോള്‍ കൈക്കൂലി തുക രണ്ടര ലക്ഷമായി കുറച്ചു. പണം കടലാസിലോ ചാക്കിലോ പൊതിഞ്ഞ് വില്ലേജ് ഓഫീസിന്റെ മുകള്‍നിലയിലെ റെക്കോര്‍ഡ് റൂമില്‍ എത്തിക്കാനും ആവശ്യപ്പെട്ടു. പരാതിക്കാരന്‍ വിജിലന്‍സിനെ വിവരമറിയിച്ചു. പണം കൈമാറിയതിനു പിന്നാലെ വിജിലന്‍സ് സംഘം വില്ലേജ് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 50,000 രൂപ കണ്ടെടുത്തു. അഞ്ഞൂറിന്റെ അഞ്ചു കെട്ടുകളാണെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ നൂറിന്റെ അഞ്ചു കെട്ടുകളായാണ് പൊതിഞ്ഞു വച്ചിരുന്നത്.

പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോ ഓഡിയോ ക്ലിപ്പുകള്‍ പരാതിക്കാരന്‍ വിജിലന്‍സിനു കൈമാറി. ഇന്‍സ്പെക്ടര്‍മാരായ ജയേഷ് ബാലന്‍, എസ്. അനീഷ്, എസ്ഐമാരായ കെ. രാജന്‍, പി.സി. ബൈജു, എഎസ്ഐ പി.വി. സെല്‍വകുമാര്‍, കെ.എസ്. രഞ്ജിത്ത്, കെ. ഗണേഷ്, സി.ജി. ലിജോ, വി.കെ. സിബിന്‍, കെ.വി. വിബീഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കൈവശാവകാശ രേഖ ഇന്നലെത്തന്നെ വില്ലേജ് ഓഫീസര്‍ നല്‍കി. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഏതാനും വര്‍ഷം മുന്‍പും ഇവിടെ വില്ലേജ് ഓഫീസറെ കൈക്കൂലി സഹിതം വിജിലന്‍സ് പിടിച്ചിരുന്നു.

സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് മുന്‍പ് പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ ചിറ്റാര്‍ പഞ്ചായത്തില്‍ സിപിഎം ടിക്കറ്റില്‍ മത്സരിച്ച് അംഗമായിരുന്നു. കട്ടച്ചിറ വാര്‍ഡില്‍ മെമ്പറായിരിക്കുമ്പോഴാണ് വില്ലേജ് അസിസ്റ്റന്റായി ജോലി ലഭിക്കുന്നത്. പഞ്ചായത്ത് അംഗത്വം രാജി വച്ച ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. സമീപ പ്രദേശങ്ങളിലെല്ലാം വില്ലേജ് അസിസ്റ്റന്റായി വിനോദ് ജോലി ചെയ്തിരുന്നു. അന്നു തന്നെ കൈക്കൂലിക്കാരനായിരുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തു. വിനോദ് വില്ലേജ് അസിസ്റ്റന്റായിരിക്കുമ്പോള്‍ ചിറ്റാര്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം പിടികൂടിയിരുന്നു. ആള്‍ക്കാരോട് അധികം അടുപ്പം ഇല്ലാത്തയാളായിരുന്നു വില്ലേജ് ഓഫീസര്‍. പക്ഷേ, അദ്ദേഹം കൈക്കൂലിക്ക് എതിരായിരുന്നു. താന്‍ മാത്രമല്ല, ഒരു ജീവനക്കാരനും കൈക്കൂലി വാങ്ങാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. അങ്ങനെയിരിക്കേ, വിരമിക്കാന്‍ ആറു മാസം ശേഷിക്കേയാണ് ഇദ്ദേഹത്തെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ബാഗില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിടികൂടുകയായിരുന്നു. ഇത് ആരോ അദ്ദേഹത്തിന്റെ ബാഗില്‍ കൊണ്ടു വച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

വിജിലന്‍സ് അറസ്റ്റ് ചെയ്തെങ്കിലും കോടതി അന്ന് വില്ലേജ് ഓഫീസറെ വെറുതേ വിട്ടു. ആരോ ആസൂത്രണം ചെയ്ത് കുടുക്കിയതാണെന്നും വ്യക്തമായി. അന്ന് പലരും ഇക്കാര്യത്തില്‍ വിനോദിന്റെ പങ്ക് സംശയിച്ചിരുന്നുവെന്ന് ചിറ്റാറുകാര്‍ ഓര്‍ക്കുന്നു.

Similar News