കെ.എസ്.യു ജില്ലാ പ്രസിഡന്റായിരിക്കെ കൊച്ചിയിലെ പഠനവും സംഘടനാപ്രവര്‍ത്തനവും മുന്‍പോട്ട് കൊണ്ടുപോകുന്നതിന് ഊബറും ഒലൈയും ഓടിച്ച് ചെലവു കാശ് കണ്ടെത്തി; സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയപ്പോഴും പഠന മികവില്‍ പിന്നോട്ടു പോയില്ല; പോരാട്ടവീഥിയില്‍ പതറാതെ പഠന മികവ്;തേവര കോളേജിലെ പഴയ 'അലോഷി' ഇനി ഡോ. അലോഷ്യസ് സേവ്യര്‍
കൊച്ചി: തെരുവിലെ സമരപോരാട്ടങ്ങളും കലാലയത്തിലെ പഠനമികവും ഒരുപോലെ ചേര്‍ത്തുപിടിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അലോഷ്യസിനെ തേടി ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. സംഘടനാപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയിലും പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത കെ.എസ്.യു. അധ്യക്ഷനെ യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുതല്‍ സിനിമാതാരം ജോയ് മാത്യു വരെ പ്രശംസിച്ചു.
ഇടുക്കി അടിമാലിയിലെ ഒരു കര്‍ഷക കുടുംബത്തില്‍നിന്ന് സിവില്‍ സര്‍വീസ് സ്വപ്നവുമായി തേവര എസ്.എച്ച്. കോളേജിലെത്തിയ അലോഷിക്ക് മുന്നില്‍ കൊച്ചിയിലെ പഠനച്ചെലവ് ഒരു വെല്ലുവിളിയായിരുന്നു. കെ.എസ്.യു. ജില്ലാ പ്രസിഡന്റായിരിക്കെ, തന്റെ പഠനത്തിനും സംഘടനാപ്രവര്‍ത്തനത്തിനുമുള്ള പണം കണ്ടെത്താന്‍ ഊബറും ഒലയും ഓടിക്കാന്‍ അദ്ദേഹം മടിച്ചില്ല. തേവര കോളേജില്‍നിന്ന് ബി.എ.യും എം.എ.യും എം.ഫില്ലും പൂര്‍ത്തിയാക്കിയ അലോഷ്യസ്, സംഘടനാ പദവികള്‍ക്കിടയിലും അക്കാദമിക് മികവ് പുലര്‍ത്തി മാതൃകയായി.
'ഗോത്രവിഭാഗങ്ങളുടെ സാമ്പത്തിക ഉള്‍ച്ചേരല്‍: ഇടുക്കി, വയനാട് ജില്ലകളുടെ താരതമ്യപഠനം' എന്ന വിഷയത്തിലാണ് അലോഷ്യസ് എം.ജി. സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയത്. കെ.എസ്.യു. അധ്യക്ഷന്‍ എന്ന നിലയില്‍ നടത്തിയ യാത്രകളില്‍ ഗോത്രവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം നടത്തിയ സംവാദങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സമരമുഖങ്ങളിലെ ലാത്തിച്ചാര്‍ജും ജയില്‍വാസവും കോടതിമുറികളും കടന്നാണ് അലോഷ്യസ് ഈ നേട്ടം കൈവരിച്ചത് എന്നത് ഇതിന്റെ മാറ്റുകൂട്ടുന്നു.
നിലവില്‍ സ്വന്തമായി പ്ലാന്റ് നഴ്‌സറിയും സഹോദരനൊപ്പം സാരി, സുഗന്ധവ്യഞ്ജന വ്യാപാരവും അലോഷ്യസ് നടത്തിവരുന്നുണ്ട്. ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് തന്റെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ഉപയോഗിക്കുന്നത്. അക്കാദമിക് നേട്ടം കൈവരിച്ച അതേദിവസം തന്നെ, സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം മുടക്കി നടത്തിയ പി.ആര്‍. പരിപാടികള്‍ക്കെതിരെ അലോഷ്യസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത് ഈ വിജയത്തിന് ഇരട്ടിമധുരമായി. സമരനായകന്‍ എന്നതിനപ്പുറം അക്കാദമിക് രംഗത്തും തന്റേതായ ഇടം കണ്ടെത്തിയ അലോഷ്യസ് സേവ്യര്‍ പുതിയ തലമുറയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു വഴികാട്ടിയാണ്.
സിവില്‍ സര്‍വ്വീസുകാരന്‍ ആകണമെന്ന ആഗ്രഹവുമായാണ് തേവര കോളേജില്‍ ബി എ എക്‌ണോമിക്‌സിന് അലോഷി ചേരുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍,യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍,യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോ.സെക്രട്ടറി,കെ എസ് യു നിയോജകമണ്ഡലം സെക്രട്ടറി ,ജില്ലാ ജനറല്‍ സെക്രട്ടറി തുടര്‍ന്ന് 2017 ല്‍ എറണാകുളം ജില്ലാ പ്രസിഡന്റായി. ജില്ലാ പ്രസിഡന്റായിരിക്കെ കൊച്ചിയിലെ പഠനവും സംഘടനാപ്രവര്‍ത്തനവും മുന്‍പോട്ട് കൊണ്ടുപോകുന്നതിന് ഊബറും ഒലൈയും ഓടിച്ച് ചെലവുകാശ് കണ്ടെത്തി. 2022ലാണ് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ അദ്ധ്യക്ഷനായി അലോഷ്യസ് സേവ്യര്‍ നിയമിതനാകുന്നത്. എന്‍ എസ് യു ഐ ദേശീയ കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സംഘടനാപ്രവര്‍ത്തനത്തിന്റെ കാലഘട്ടങ്ങളില്‍ പഠനത്തില്‍ ഒട്ടും പിന്നോക്കം പോകാതെ തേവര എസ് എച്ച് ല്‍ നിന്നും ബി.എ യും എം.എ യും എം ഫിലും പൂര്‍ത്തികരിച്ചു. സംഘടനാപ്രവര്‍ത്തനത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയിയെന്നത് പ്രസിഡന്റിന്റെ നല്ല മാതൃകയാണ്.
സംഘടനയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഉത്തരവാദിത്തം വഹിക്കുമ്പോള്‍, തുടര്‍ച്ചയായ സമര പോരാട്ടങ്ങളും ലാത്തിച്ചാര്‍ജും ജയില്‍ വാസവും കോടതി മുറിയും ജാഥകളും സമ്മേളനങ്ങളും നയിച്ച് പ്രതിപക്ഷ സമര പോരാട്ടങ്ങളുടെ മുന്‍നിര പോരാളിയായി തുടരുമ്പോഴും തന്റെ പഠന മേഖലയില്‍ മികവ് തെളിയിച്ച അലോഷ്യസ് സേവ്യറിന് കയ്യടിക്കുകയാണ് പൊതുസമൂഹം. അക്കാദമിക് രംഗത്ത് പുതിയ ചുവട് വെച്ച ദിനത്തില്‍ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി സഖാക്കന്മാരെ കൂട്ടിയുള്ള പിണറായി സര്‍ക്കാരിന്റെ പി.ആര്‍ പരിപാടിക്ക് കേരള ഹൈക്കോടതി ഫുള്‍ സ്റ്റോപ്പിട്ടത് അലോഷി നടത്തിയ നിയമ പോരാട്ടങ്ങളുടെ വിജയ ദിനം കൂടിയായി മാറിയത് ഇരട്ടി മധുരമാണ് സമ്മാനിച്ചത്.
