അമേരിക്കയില്ലാത്ത ഒരു നോര്‍ത്ത് അമേരിക്കന്‍ ട്രീറ്റി ഓര്‍ഗനൈസേഷനോ? നാറ്റോയുടെ പേര് തെറ്റിച്ചു; ന്യൂയോര്‍ക്ക് ടൈംസിന് അമളി; സോഷ്യല്‍ മീഡിയയില്‍ പരിഹാസം; ട്രംപിന്റെ പിന്മാറ്റ ഭീഷണി ചര്‍ച്ചയാകുന്നു
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന് നാറ്റോയുടെ പൂര്‍ണ്ണരൂപം എഴുതിയതില്‍ സംഭവിച്ച ഗുരുതരമായ പിശക് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് കാരണമാകുന്നു. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, നാറ്റോ സഖ്യത്തില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് പത്രത്തിന് ഈ അമളി പറ്റിയത്.
നാറ്റോയുടെ ശരിയായ രൂപം 'നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍' എന്നാണെന്നിരിക്കെ, 'നോര്‍ത്ത് അമേരിക്കന്‍ ട്രീറ്റി ഓര്‍ഗനൈസേഷന്‍' എന്നാണ് പത്രം തലക്കെട്ടില്‍ നല്‍കിയത്. 'അമേരിക്കയില്ലാത്ത ഒരു നോര്‍ത്ത് അമേരിക്കന്‍ ട്രീറ്റി ഓര്‍ഗനൈസേഷനോ?' എന്നായിരുന്നു വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്. പൊളിറ്റിക്കോ എഡിറ്റര്‍ സാഷ ഇസന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയതോടെ സംഭവം വൈറലായി.
ദശലക്ഷക്കണക്കിന് ആളുകള്‍ വാര്‍ത്താ ലിങ്ക് പങ്കുവെക്കുകയും പത്രത്തിന്റെ എഡിറ്റിംഗ് നിലവാരത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഇത്രയും വലിയൊരു സ്ഥാപനത്തില്‍ എങ്ങനെ ഇത്തരമൊരു പിശക് സംഭവിച്ചു എന്നാണ് പലരും ചോദിക്കുന്നത്. 'ഇതൊരു അമച്വര്‍ പരിപാടിയായിപ്പോയി' എന്ന് ഒരു എക്‌സ് (ട്വിറ്റര്‍) ഉപയോക്താവ് കുറിച്ചു. പ്രതിഷേധം ശക്തമായതോടെ ശനിയാഴ്ചത്തെ അച്ചടി പതിപ്പില്‍ തിരുത്തല്‍ നല്‍കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചിട്ടുണ്ട്.
നാറ്റോ സഖ്യം ഒരു 'കടലാസു പുലി' ആണെന്നും അതില്‍ നിന്ന് പിന്മാറുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും ട്രംപ് ഈ ആഴ്ച പ്രസ്താവിച്ചിരുന്നു. ഇറാന്‍ യുദ്ധത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ നാറ്റോ സഖ്യകക്ഷികള്‍ വേണ്ടത്ര സഹായിക്കുന്നില്ലെന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നാവികശേഷി ദുര്‍ബലമാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
ഇറാന്‍ യുദ്ധം ആഗോളതലത്തില്‍ എണ്ണവില വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സുപ്രധാന സൈനിക സഖ്യത്തിന്റെ പേരില്‍ വന്ന ഈ തെറ്റ് മാധ്യമ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ട്രംപിന്റെ വിദേശനയങ്ങളും നാറ്റോയുടെ ഭാവിയും നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇത്തരം പിഴവുകള്‍ വാര്‍ത്തകളുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.