ആപ്പിളിലെ ലക്ഷങ്ങളുടെ ശമ്പളം വേണ്ട! കോര്‍പ്പറേറ്റ് ജോലിയില്‍ മനസ്സു മടുത്ത് ടെക്കി ഓട്ടോ ഡ്രൈവറായി; ഇത് 'റിയല്‍ ലൈഫ്' സ്റ്റാര്‍ രാകേഷ്! എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, പക്ഷേ സന്തോഷം മാത്രം ഉണ്ടായിരുന്നില്ലെന്ന് യുവാവ്

ആപ്പിളിലെ ലക്ഷങ്ങളുടെ ശമ്പളം വേണ്ട! കോര്‍പ്പറേറ്റ് ജോലിയില്‍ മനസ്സു മടുത്ത് ടെക്കി ഓട്ടോ ഡ്രൈവറായി

Update: 2026-04-03 09:36 GMT

ബംഗളൂരു: എയര്‍ കണ്ടീഷന്‍ ചെയ്ത മുറി, ലക്ഷങ്ങള്‍ കിലുങ്ങുന്ന ശമ്പളം, ആപ്പിള്‍ പോലൊരു ആഗോള കമ്പനിയിലെ ജോലി... ഏതൊരു യുവാവും സ്വപ്നം കാണുന്ന കരിയര്‍ ഗ്രാഫ്. എന്നാല്‍, ഈ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെയും തളര്‍ച്ചയുടെയും കഥ പറയുകയാണ് രാകേഷ് എന്ന യുവാവ്. കോര്‍പ്പറേറ്റ് ലോകത്തെ 'അടിമത്തം' ഉപേക്ഷിച്ച്, ബംഗളൂരു നഗരത്തിലെ തിരക്കുകളില്‍ ഓട്ടോ ഓടിച്ച് ജീവിതത്തിന്റെ യഥാര്‍ത്ഥ സന്തോഷം കണ്ടെത്തിയ രാകേഷിന്റെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തിളക്കമുള്ള ജീവിതം, ശൂന്യമായ മനസ്സ്

ആപ്പിളിലും പ്രമുഖ ബാങ്കുകളിലും ഉന്നത തസ്തികകളില്‍ ജോലി ചെയ്ത രാകേഷിന് ലഭിച്ചിരുന്നത് മികച്ച ആനുകൂല്യങ്ങളായിരുന്നു. എന്നാല്‍ ഉയര്‍ന്ന ശമ്പളമോ ആഡംബര ഓഫീസോ രാകേഷിന് സമാധാനം നല്‍കിയില്ല. മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി മാത്രം ജീവിക്കുന്ന കോര്‍പ്പറേറ്റ് ലോകത്തെ കൃത്രിമത്വം അയാളെ ശ്വാസം മുട്ടിച്ചു. 'എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, പക്ഷേ സന്തോഷം മാത്രം ഉണ്ടായിരുന്നില്ല. കോര്‍പ്പറേറ്റ് ലോകം വെറും കൃത്രിമത്വം നിറഞ്ഞ ഒന്നാണെന്ന് വൈകിയാണ് ഞാന്‍ തിരിച്ചറിഞ്ഞത്.' - രാകേഷ് പറയുന്നു.

വീഴ്ചയില്‍ നിന്ന് ആയോധനകലയിലേക്ക്

മാനസിക സമ്മര്‍ദ്ദം കടുത്തതോടെ രാകേഷ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തി. നിംഹാന്‍സിലും വിക്ടോറിയ ആശുപത്രിയിലുമായി മാസങ്ങള്‍ നീണ്ട ചികിത്സ. മണിക്കൂറുകളോളം അനങ്ങാതെ ഒരിടത്ത് തന്നെ ഇരിക്കേണ്ടി വന്ന മാനസികാവസ്ഥ. എന്നാല്‍ അവിടെ തളരാന്‍ അയാള്‍ തയ്യാറായില്ല. മരുന്നുകള്‍ക്ക് പകരം സ്വയം അച്ചടക്കത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാന്‍ രാകേഷ് തീരുമാനിച്ചു.

ബോഡി ട്രാന്‍സ്‌ഫോര്‍മേഷന് വേണ്ടി ഭക്ഷണക്രമത്തിലൂടെ 15 കിലോ ഭാരം കുറച്ചു. മാര്‍ഷല്‍ ആര്‍ട്‌സ് പ്രാക്ടീസ് ചെയ്തു. മുവായ് തായ് , ജു ജിറ്റ്സു തുടങ്ങിയ ആയോധന കലകളില്‍ പരിശീലനം നേടി. സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ വരെ കരസ്ഥമാക്കി.

സ്വന്തം മനസ്സിനെ അറിയാനായി സൈക്കോളജിയില്‍ ബിരുദമെടുത്തു. സ്വയം വീണ്ടെടുക്കാനുള്ള യാത്രയില്‍ ജോലിയിലെ 'പദവി' രാകേഷ് നോക്കിയില്ല. ഫുഡ് ഡെലിവറി ബോയ് ആയും, ജിം അസിസ്റ്റന്റായും, എന്തിന് ടോയ്ലറ്റ് വൃത്തിയാക്കുന്ന ജോലിക്കാരനായി പോലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഏത് ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നും അത് നല്‍കുന്ന സ്വാതന്ത്ര്യമാണ് വലുതെന്നും അദ്ദേഹം തെളിയിച്ചു.

നാലു വര്‍ഷത്തെ അലച്ചിലിനൊടുവില്‍ രാകേഷ് സ്വന്തമായി ഒരു ഇലക്ട്രിക് ഓട്ടോ വാങ്ങി. ഇന്ന് ബംഗളൂരുവിന്റെ നിരത്തുകളില്‍ അദ്ദേഹം ഒരു 'ഹാപ്പി ഡ്രൈവറാണ്'. ഡ്രൈവിംഗിനിടയില്‍ കിട്ടുന്ന സമയത്ത് തന്റെ പഴയ ഹോബികളായ നൃത്തവും ചിത്രരചനയും അദ്ദേഹം ആസ്വദിക്കുന്നു.

ലക്ഷങ്ങളുടെ പാക്കേജല്ല, മറിച്ച് മനസ്സിന്റെ സമാധാനമാണ് ജീവിതത്തില്‍ ഏറ്റവും വലുതെന്നാണ് ഈ മുന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് ലോകത്തോട് പറയാനുള്ളത്. പദവിയും പണവും തേടി നെട്ടോട്ടമോടുന്ന യുവതലമുറയ്ക്ക് രാകേഷ് ഒരു വലിയ പാഠമാണ്ജീവിതം ആഘോഷിക്കാനുള്ളതാണ്, മറ്റുള്ളവര്‍ക്ക് വേണ്ടി അഭിനയിച്ചു തീര്‍ക്കാനുള്ളതല്ല!

Tags:    

Similar News