കള്ളവോട്ടിനായി സി.പിഎം ഓഫീസിന്റെ മുകള്‍നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണമെന്ന് ആരോപണം; കെ സി വേണുഗോപാലിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വക്കീല്‍ നോട്ടീസ് അയച്ചു; കള്ളവോട്ട് വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കണ്ണൂരില്‍ കള്ളവോട്ട് വിവാദം കോടതി കയറുന്നു
കള്ളവോട്ടിനായി സി.പിഎം ഓഫീസിന്റെ മുകള്‍നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണമെന്ന് ആരോപണം
കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് വിവാദത്തിന് ചൂടുപിടിക്കുന്നതിനെ നിയമ യുദ്ധത്തിനും കളമൊരുങ്ങുന്നു. ആരോപണങ്ങള്‍ തെളിയിക്കുന്നതിനായി നിയമ നടപടികളുമായി മുന്‍പോട്ടു പോവുകയാണ് പാര്‍ട്ടികള്‍. പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് രേഖകള്‍ പുറത്തുവിട്ട യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി. ഐ മധുസൂദനന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ഇടപാടുകളുടെ രഹസ്യരേഖ പുറത്തുവിട്ട് ബാങ്കിന്റെ സ്വകാര്യത ലംഘിച്ചതിന് പയ്യന്നുര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ്. ഇതിന് ശേഷമാണ്‌സി.പി എമ്മിനെതിരെ പയ്യന്നൂരില്‍ ആദ്യ വെടി പൊട്ടിച്ച കോണ്‍ഗ്രസ് ദേശീയ നേതാവ് തന്നെ രംഗത്തുവന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനാണ് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പൊതു പരിപാടിക്കിടെ അപകീര്‍ത്തി കരമായ പ്രസംഗം നടത്തി പാര്‍ട്ടിയുടെ യശസിന് കോട്ടം വരുത്തിയതിന് വക്കീല്‍ നോട്ടിസ് അയച്ചത്.
പയ്യന്നൂരിലെ വ്യാജ ആധാര്‍ കാര്‍ഡ് ആരോപണത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് നിയമനടപടി സ്വീകരിച്ചത്. തലശേരിയിലെ പ്രമുഖ അഭിഭാഷകനായ കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. നേരത്തെ ഈ വിഷയത്തില്‍ കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പിന്നാലെ കണ്ണൂര്‍ജില്ലാ കളക്ടറോട് സംസ്ഥാന ഇലക്ഷന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും നിയമനടപടിയുണ്ടായത്.
സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനീ ചെയ്യവേ കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. പരാജയഭീതിയില്‍ സിപിഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പയ്യന്നൂരില്‍ പരാജയ ഭീതിയില്‍സിപിഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടി പി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം തയ്യാറെടുക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം നടത്തുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് ഡി.സി.സി അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും ആരോപിച്ചിരുന്നു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ ഉയര്‍ന്ന കള്ളവോട്ടിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണമെന്ന ആരോപണം വന്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിനു പിന്നില്‍ ക്രമക്കേട് നടത്താനും അട്ടിമറിക്കാനുമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്റെ ഭാര്യയെ കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറായി നിയോഗിച്ചതിനെതിരെയാണ് പരാതി. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
