'വിയര്‍പ്പിന്റെ അസുഖം, പണിയെടുക്കാന്‍ വയ്യ, ജയിലിലെ 'പൊറോട്ടയും ചിക്കനും' വേണം! കളക്ടറേറ്റില്‍ ബോംബ് ഭീഷണി മുഴക്കി സ്‌റ്റൈലായി അറസ്റ്റ് വരിച്ചു; മയ്യനാട് മുക്കം സ്വദേശിയായ വിരുതന് പോലീസ് കൊടുത്തത് എട്ടിന്റെ പണി; പ്രമോദിന്റെ 'ജയില്‍ സ്വപ്നങ്ങള്‍' തകര്‍ത്ത് കൊല്ലം പോലീസ്
കൊല്ലം: അധ്വാനിക്കാതെ സുഖമായി മൂന്നുനേരം നല്ല ഭക്ഷണം കഴിച്ച് കഴിയാന്‍ ജയിലില്‍ താമസം ഉറപ്പിക്കാമെന്ന് കരുതി അതിനുള്ള പണി ഒപ്പിച്ച യുവാവിന് ഒടുവില്‍ പോലീസ് കൊടുത്തത് എട്ടിന്റെ പണി. കൊല്ലം കളക്ടറേറ്റ് സമുച്ചയത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ മയ്യനാട് മുക്കം സ്വദേശി പ്രമോദ് ജോണിനാണ് (41) പോലീസ് അപ്രതീക്ഷിത തിരിച്ചടി നല്‍കിയത്. ജോലിക്ക് പോകാന്‍ മടിയുള്ള പ്രമോദ് മുന്‍പ് ഒരു അടിപിടിക്കേസില്‍ പെട്ട് 15 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. അന്ന് കിട്ടിയ സൗജന്യ ഭക്ഷണവും വിശ്രമവും പ്രമോദിന് വല്ലാതെയങ്ങ് ബോധിച്ചു. പണിയൊന്നും എടുക്കാതെ മൂന്നുനേരം വയറുനിറച്ച് ഭക്ഷണം കഴിക്കാന്‍ ജയിലോളം വരില്ല മറ്റൊരു സ്ഥലമെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ പദ്ധതിയിട്ടത്.
'വിയര്‍പ്പിന്റെ അസുഖമുള്ള' പ്രമോദിന് ജോലിക്കുപോകുന്നത് പണ്ടേ ഇഷ്ടമില്ല. അക്കാരണംകൊണ്ടുതന്നെ വിവാഹവും കഴിച്ചിട്ടില്ല. മോഷണത്തിനോ അടിപിടിക്കോ പോയാല്‍ ദേഹോപദ്രവം ഏല്‍ക്കുമെന്ന് പേടിച്ച പ്രമോദ് 'സുരക്ഷിതമായ' മറ്റൊരു വഴി കണ്ടെത്തി-ബോംബ് ഭീഷണി. പോലീസുകാര്‍ തന്നെ തപ്പി കഷ്ടപ്പെടാതിരിക്കാന്‍ സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് കൊല്ലം കളക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞത്. 112 ലേക്ക് സ്വന്തം മൊബൈല്‍ ഫോണില്‍ നിന്നാണ് ഇയാള്‍ വിളിച്ചത്. 50 മിനിറ്റിനുള്ളില്‍ ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. വ്യാജ ബോംബ് വിവരം കിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത പൊലീസുകാര്‍ പ്രമോദിന്റെ വീട്ടില്‍ എത്തി. പൊലീസിന്റെ വരവ് പ്രതീക്ഷിച്ച് പ്രമോദ് വീടിനു മുന്നില്‍ തന്നെ നിന്നു.
ഇനി ശരിക്കും ബോംബ് പൊട്ടിയാലോ എന്ന സന്ദേഹത്തില്‍ കലക്ടറേറ്റില്‍ ബോംബ് സ്‌ക്വാഡ് അരിച്ചു പെറുക്കി പരിശോധന നടത്തി. പണിയെടുക്കാതെ ജയിലില്‍ എത്തി നല്ല ഭക്ഷണമൊക്കെ കഴിച്ച് കഴിയാനായിരുന്നു വ്യാജ ബോംബ് ഭീഷണിയെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതോടെ അവരും ഞെട്ടി. ആദ്യമൊട്ട് വിശ്വസിച്ചതുമില്ല. പ്രമോദില്‍ തീവ്രവാദ ബന്ധം വരെ സംശയിച്ചു.
പോലീസ് വീട്ടിലെത്തുമ്പോള്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറായി വീടിന് മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു പ്രമോദ്. ചോദ്യം ചെയ്യലിനിടെ തനിക്ക് തീവ്രവാദ ബന്ധമൊന്നുമില്ലെന്നും ജയില്‍ ഭക്ഷണം കഴിക്കാനുള്ള പൂതി കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പ്രമോദ് വെളിപ്പെടുത്തുകയായിരുന്നു. പ്രമോദ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസിന്റെ 'റിവേഴ്‌സ് പണി'. അയാളെ ജയിലിലേക്ക് അയച്ച് ആഗ്രഹം സാധിപ്പിച്ചു കൊടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുന്നതിന് പകരം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ജയില്‍ സ്വപ്നം കണ്ട് വന്ന പ്രമോദിനെ വീണ്ടും സ്വന്തം വീട്ടിലേക്ക് തന്നെ പോലീസ് പറഞ്ഞുവിട്ടു. ജയില്‍ ഭക്ഷണവും കട്ടിലും കൊതിച്ച് ചെന്ന പ്രമോദിന്, വിയര്‍ത്ത് പണിയെടുത്ത് ജീവിക്കാന്‍ ഉപദേശവും ഇനി ഇത്തരം വേലത്തരം ഇറക്കരുതെന്ന നിര്‍ദേശവും നല്‍കിയാണ് പോലീസ് മടക്കി അയച്ചത്.
