കാസർഗോഡ്: കാസർഗോഡ് ജില്ലയിൽനിന്ന് കർണാടകയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നതിനായി ഇനി മുതൽ റെഗുലർ പാസ് ആവശ്യമില്ലെന്ന് ജില്ലാ കളക്ടർ ഡി. സജിത് ബാബു അറിയിച്ചു. ദിവസേന യാത്ര ചെയ്യുന്നതിനായി റെഗുലർ പാസ് അനുവദിച്ചിരുന്ന നടപടി പിൻവലിച്ചതായി കളക്ടർ പറഞ്ഞു.

ഇനി മുതൽ ആന്റിജൻ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്തിയാൽ മാത്രം മതിയാകും. തലപ്പാടി ചെക്ക്‌പോസ്റ്റിൽ ഇതിനാവശ്യമായ പരിശോധന നടത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ സംവിധാനം ഒരുക്കും. എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ വരുന്‌പോഴും പോകുന്‌പോഴും ഗൂഗിൾ സ്‌പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്തി സൂക്ഷിക്കും.

നിലവിൽ യാത്ര അനുവദിച്ചിട്ടുള്ള ദേശീയപാത 66 കൂടാതെ (തലപ്പാടി ചെക്ക്‌പോസ്റ്റ്) പാണത്തൂർ, മാണിമൂല, പെർള, ജാൽസൂർ എന്നീ പ്രധാന റോഡുകളിലൂടെയും ദക്ഷിണ കന്നട ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതായി കളക്ടർ യോഗത്തിൽ അറിയിച്ചു. ഈ റോഡുകളിലൂടെ കടന്നു വരുന്നവരും ആന്റിജൻ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്തണം.

പാണത്തൂർ, മാണിമൂല, പെർള, ജാൽസൂർ എന്നീ നാല് റോഡുകൾ കടന്നു പോകുന്നതും കർണാടകയുമായി അതിർത്തി പങ്കിടുന്നതുമായ ഗ്രാമപഞ്ചായത്തുകൾ അതിർത്തിയിൽ പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് കളക്ടർ പറഞ്ഞു. ഈ ചെക് പോസ്റ്റുകളിൽ ആവശ്യമായ ജീവനക്കാരെയും മെഡിക്കൽ പരിശോധന നടത്തുന്നതിന് ഉൾപ്പെടെയുള്ള സംവിധാനവും ബന്ധപ്പെട്ട പഞ്ചായത്ത് ഒരുക്കണം.

പാണത്തൂർ, മാണിമൂല, പെർള, ജാൽസൂർ റോഡുകളിലൂടെ അതിർത്തി ഗ്രാമപഞ്ചായത്തിലേക്കു മാത്രമായി കർണാടകയിൽ നിന്ന് കടന്നു വരുന്നവരെ രജിസ്‌ട്രേഷൻ കൂടാതെ പ്രവേശിപ്പിക്കാം. എന്നാൽ, ആ വ്യക്തി ആ ഗ്രാമപഞ്ചായത്തിന്റെ പരിധി വിട്ട് മറ്റൊരു ഗ്രാമപഞ്ചായത്തിലേക്കു പ്രവേശിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതു ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ ചുമതലയായിരിക്കുമെന്നു കളക്ടർ യോഗത്തിൽ അറിയിച്ചു.