അമൃത്സർ: പഞ്ചാബിൽ കർഷക പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. പഞ്ചാബ് വ്യവസായ, വാണിജ്യ മന്ത്രി സുന്ദർ ശാം അറോറയാണ് കേന്ദ്രസർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. റെയിൽ ട്രാക്കുകളിലാണ് കർഷകരുടെ പ്രതിഷേധം നടക്കുന്നത്. ഇതേ തുടർന്നാണ് ട്രെയിൻ സർവ്വീസുകൾ റെയിൽവേ നിർത്തിവെച്ചത്.

റാഞ്ചിക്കും പഞ്ചാബിനും ഇടയിൽ 13,000 കണ്ടെയ്നറുകൾ കുടുങ്ങിക്കിടക്കുകയാണെന്ന് സുന്ദർ ശാം അറോറ ചൂണ്ടിക്കാട്ടി. ട്രെയിനുകൾ സർവ്വീസ് നടത്താത്തതിനാൽ പഞ്ചാബിലെ വ്യവസായ മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും സംസ്ഥാനത്തെ സാമ്പത്തികാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം രാഷ്ട്രീയവൽക്കരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും എത്രയും വേഗം ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ അവതരിപ്പിച്ച കാർഷിക ബില്ലിനെച്ചൊല്ലിയാണ് പഞ്ചാബിൽ പ്രതിഷേധം ആരംഭിച്ചത്. കോൺഗ്രസാണ് ആദ്യഘട്ടത്തിൽ പ്രതിഷേധങ്ങൾക്ക് ഇന്ധനം പകർന്നത്. പഞ്ചാബിലെ കോൺഗ്രസ് സർക്കാരിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ ഉൾപ്പെടെ എത്തിച്ച് ട്രാക്ടർ റാലി അടക്കമുള്ള പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം കോൺഗ്രസ് സമരരംഗത്ത് നിന്ന് പിൻവലിഞ്ഞു.