ഗുജറാത്ത് കൂട്ടക്കൊല ഗൂഢാലോചനയെക്കുറിച്ച് സുപ്രീംകോടതിക്ക് മൊഴി നൽകിയതോടെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലായി; ജയിലിലുള്ള സഞ്ജീവ് ഭട്ടിനെ കലാപക്കേസിലും പ്രതിയാക്കി; മോദിയുടെ പക തുടരുമ്പോൾ തീസ്തയ്ക്കും ശ്രീകുമാറിനും ശേഷം മറ്റൊരു അറസ്റ്റ് കൂടി
- Share
- Tweet
- Telegram
- LinkedIniiiii
അഹമ്മദാബാദ്: 2002-ലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടും അറസ്റ്റിൽ. ഗുജറാത്ത് എസ്‌ഐ.ടി. സംഘം ജയിലിലെത്തി വീണ്ടും അറസ്റ്റ് ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തക തീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പി. ആർ.ബി. ശ്രീകുമാർ എന്നിവർക്ക് ശേഷം അറസ്റ്റിലായ മൂന്നാമനാണ് ഭട്ട്. കഴിഞ്ഞമാസമായിരുന്നു തീസ്ത സെതൽവാദിനേയും ആർ.ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്തത്.
ഒരു മയക്കുമരുന്ന് കേസിൽ 2018 മുതൽ ബനസ്‌കന്ത ജില്ലയിലെ പാലൻപൂർ ജയിലിൽ തടവിലുള്ള സഞ്ജീവ് ഭട്ടിനെ പ്രത്യേക ഉത്തരവുമായെത്തിയാണ് ചൊവ്വാഴ്ച രാത്രി എസ്‌ഐ.ടി. അറസ്റ്റ് ചെയ്തത്. സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡി.സി.പി ചൈതന്യ മണ്ഡലിക് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗം കൂടിയാണ് ചൈതന്യ മണ്ഡലിക്.
2002ലെ കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘം നൽകിയ ക്ലീൻ ചിറ്റ് സുപ്രീം കോടതി ശരിവച്ചിരുന്നു. അതിന് ശേഷം വീണ്ടും കേസ് അന്വേഷണം തുടങ്ങി. തുടർന്നായിരുന്നു തീസ്തയേയും ശ്രികുമാറിനേയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നത്.
കുറ്റകരമായ ഗൂഢാലോചന, വഞ്ചാനാക്കറ്റം, തെറ്റായ തെളിവുണ്ടാക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അഞ്ചോളം വകുപ്പുകളാണ് മൂന്നുപേർക്കുമെതിരേ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ചമച്ചുവെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ്ചെയ്തത്. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രീംകോടതിക്ക് മൊഴി നൽകിയതോടെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലായിരുന്നു.
മുംബൈ ഐഐടിയിൽനിന്ന് എംടെക് നേടിയ ഭട്ട് 1988ലാണ് ഐപിഎസ് നേടിയത്. 1999 മുതൽ 2002 വരെ ഗുജറാത്ത് ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി കമീഷണറായിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുമുണ്ടായിരുന്നു. ഭട്ടിനൊപ്പം സേനയിലെത്തിയവർക്ക് 2007ൽ ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും സർക്കാരിന്റെ അപ്രീതിയെത്തുടർന്ന് ഭട്ടിന് എസ്‌പി റാങ്കിൽ തുടരേണ്ടിവന്നു. ഗുജറാത്ത് കൂട്ടക്കൊലയിൽ പ്രത്യേക അന്വേഷക സംഘം സത്യം മറയ്ക്കുന്നെന്ന് ആരോപിച്ച് 2011ൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.
പിന്നാലെ സസ്പെൻഷൻ. 2012ൽ ഭട്ട് അടക്കം ഏഴു പൊലീസുകാർക്കെതിരെ 1990ലെ കസ്റ്റഡി മരണത്തിന്റെ പേരിൽ കേസെടുത്തു. കേസിൽ 2019ൽ ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2015-ൽ പൊലീസ് സർവീസിൽനിന്ന് ഭട്ടിനെ നീക്കി. പിന്നീട് ജയിലിൽ അടച്ചു. ഗുജറാത്ത് കലാപത്തിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബിജെപി. സർക്കാരിന് നിരന്തരം തലവേദനയുണ്ടാക്കിയ രണ്ട് മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥരാണ് സഞ്ജീവ് ഭട്ടും (58) ആർ.ബി. ശ്രീകുമാറും(75). കലാപത്തിനുപിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിച്ച ഇരുവരും ഇപ്പോൾ ഗൂഢാലോചനയിൽ കൂട്ടുപ്രതികളായി.
സഞ്ജീവ് ഭട്ട് ജാംനഗറിലെ ജംജോധ്പുരിൽ 1992-ലെ ഒരു കസ്റ്റഡിമരണക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിലാണ്. മോദിക്കെതിരായ വെളിപ്പെടുത്തലുകൾക്കുശേഷമാണ് ഇദ്ദേഹത്തെ പ്രോസിക്യൂട്ടുചെയ്യാൻ സംസ്ഥാനസർക്കാർ അനുമതി നൽകിയത്. ഒരു അഭിഭാഷകനെ വ്യാജക്കേസിൽ കുടുക്കാൻശ്രമിച്ച കേസിലെ വിചാരണയും നടക്കുന്നു. കലാപത്തോട് മൃദുസമീപനം പുലർത്താൻ മോദി, ഉദ്യോഗസ്ഥരോട് നിർദേശിച്ചെന്ന ഭട്ടിന്റെ വെളിപ്പെടുത്തലാണ് അദ്ദേഹത്തെ അപ്രീതിക്കിരയാക്കിയത്. ഇതിനായി വ്യാജരേഖ ചമച്ചതടക്കമുള്ള കണ്ടെത്തലുകളെത്തുടർന്ന് സർവീസിൽനിന്ന് പുറത്താക്കിയിരുന്നു.
ആർ.ബി. ശ്രീകുമാറിന്റെ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ഗുജറാത്ത് സർക്കാർ തടഞ്ഞുവെച്ചിരുന്നു. എന്നാൽ, നിയമപോരാട്ടങ്ങളിലൂടെ അദ്ദേഹം അതെല്ലാം നേടിയെടുത്തു. കലാപകാലത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൽനിന്ന് സംസ്ഥാനസർക്കാർ പൊലീസിനെ തടസ്സപ്പെടുത്തിയെന്നാണ് കമ്മിഷനുകളിലും കോടതികളിലും ശ്രീകുമാർ വാദിച്ചത്. എന്നാൽ, ഇതിനായി വ്യാജരേഖകൾ ചമച്ചുവെന്നാണ് ഇപ്പോൾ ആരോപണം. കലാപവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ വിശദീകരിച്ച് ശ്രീകുമാർ ഒരുപുസ്തകവും എഴുതി. ഐ.ബി.യിൽ പ്രവർത്തിച്ചപ്പോൾ ഐ.എസ്.ആർ.ഒ. ചാരക്കേസിൽ നമ്പി നാരായണനെയും മറ്റും പ്രതികളാക്കാൻശ്രമിച്ചതിന് ശ്രീകുമാറിന്റെ പേരിൽ സിബിഐ. കേസെടുത്തിട്ടുണ്ട്.
തീസ്തക്കും സംഘത്തിനുമെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ആറ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ സത്യവാങ്മൂലമായി നൽകൽ, വ്യാജ തെളിവുകൾ നൽകൽ, അപകീർത്തിപ്പെടുത്താൻ വ്യാജക്കുറ്റങ്ങൾ ആരോപിക്കൽ, ഉദ്യോഗസ്ഥർ തെറ്റായ രേഖകൾ സൃഷ്ടിക്കൽ, ഗൂഢാലോചന എന്നിവയ്ക്കുള്ള വകുപ്പുകളാണ് ചുമത്തിയത്.
മറുനാടന് മലയാളി ബ്യൂറോ