സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിൽ നേരത്തെ സമർപ്പിച്ച നിർദേശങ്ങളിൽ ഉറച്ചുനിൽക്കാൻ കേന്ദ്രം തീരുമാനിച്ചു. കേന്ദ്രം സമർപ്പിച്ച മെമോറാണ്ടം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ തിരിച്ചയച്ചിരുന്നു. എന്നാൽ, സുപ്രീം കോടതിയുമായി ഇക്കാര്യത്തിൽ തുറന്ന യുദ്ധത്തിനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്.

കേന്ദ്രത്തിന്റെ ഓരോ നിർദേശങ്ങളും ഖണ്ഡിച്ചുകൊണ്ട് മെയ് 25-നാണ് ജസ്റ്റിസ് ഠാക്കൂർ മെമോറാണ്ടം മടക്കിയത്. ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയത്തെ മറികടക്കാനാവില്ലെന്ന നിലപാടിലാണ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ വാദങ്ങൾക്ക് മറുവാദം തയ്യാറാക്കാൻ അറ്റോർണി ജനറൽ മുകുൾ റോഹത്തഗിയോട് കേന്ദ്രം ആവശ്യപ്പെട്ടുണ്ട്.

ജഡ്ജിമാരുടെ നിയമത്തെച്ചൊല്ലി നിയമസംവിധാനവും സർക്കാരും രണ്ടുതട്ടിൽപ്പോകുമ്പോൾ നിരാശരാകുന്നത് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസ്സുകളിൽ കുരുങ്ങിയ നിരപരാധികളാണ്. രാജ്യത്ത് മതിയായ ജഡ്ജിമാരില്ലെന്ന് പറഞ്ഞ് വികാരാധീനനായ ചീഫ് ജസ്റ്റിസ് ഠാക്കൂർ നിരത്തിയ കണക്കുകൾ അനുസരിച്ച് കെട്ടിക്കിടക്കുന്ന കേസ്സുകൾ പരിഗണിക്കാൻ 70,000-ൽ അധികം ജഡ്ജിമാർ വേണം.

ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ എതിരഭിപ്രായമുയർത്തുന്ന സർക്കാർ നീതിലഭിക്കുകയെന്ന മൗലികാവകാശമാണ് തടയുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. 3.14 കോടി കേസ്സുകളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്. 1987-ൽ നിയമ കമ്മീഷൻ ശുപാർശ ചെയ്തത് 44,000 ജഡ്ജിമാർ വേണമെന്നാണ്. എന്നാലിപ്പോഴും 18,000 ജഡ്ജിമാർ മാത്രമാണുള്ളത്.

നിയമനം സംബന്ധിച്ച ശുപാർശകൾ മടക്കിയ സുപ്രീംകോടതിക്ക് ധൃതിപ്പെട്ട് മറുപടി നൽകേണ്ടെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ഫലത്തിൽ ഇത് ജഡ്ജി നിയമനം പിന്നെയും വൈകിപ്പിക്കുകയാവും ചെയ്യുക. കെട്ടിക്കിടക്കുന്ന കേസ്സുകളുടെ എണ്ണവും ഇതനുസരിച്ച് വർധിക്കും. 

കൊളീജിയത്തിനുള്ള മറുപടി ജൂലൈയ്ക്കുള്ളിൽ നൽകിയില്ലെങ്കിൽ ഹൈക്കോടതി ജഡ്ജി നിയമനം പിന്നെയും വൈകും. രാജ്യത്തെ ഹൈക്കോടതികളിൽ 40 ശതമാനത്തോളം ജഡ്ജി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ജുഡീഷ്യറിയും സർക്കാരുമായുള്ള യുദ്ധം നീളുന്നതോടെ കോടതി വ്യവഹാരം കൂടുതൽ പ്രതിസന്ധികളിലേക്ക് കടക്കുമെന്നുറപ്പാണ്.