തിരുവനന്തപുരം: പ്രവാസി കേരളീയ ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. പ്രവാസി കേരളീയ ക്ഷേമനിധിയിൽ തുടർച്ചയായി 12 മാസങ്ങളായി അംശാദായം അടയ്ക്കാതിരുന്നത് മൂലം അംഗത്വം നഷ്ടപ്പെട്ടുപ്പോയിട്ടുള്ള അംഗങ്ങൾക്കാണ് ഇതിനുള്ള അവസരം ഒരുങ്ങുന്നത്.

സർക്കാർ നിശ്ചയിച്ച 15 ശതമാനം പിഴയും, കുടിശ്ശികയുള്ള അംശാദായവും അടച്ചുകൊണ്ട് തങ്ങളുടെ അംഗത്വം പുനഃസ്ഥാപിക്കാം. അംഗത്വം നഷ്ടപ്പെട്ടിട്ടുള്ള ക്ഷേമനിധിയിലെ അംഗങ്ങൾ തങ്ങളുടെ അംഗത്വ നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തി ബോർഡിന്റെ മുഖ്യ ഓഫീസായ തിരുവനന്തപുരത്തെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർക്കോ, എറണാകുളം, കോഴിക്കോട് റീജിയണൽ ഓഫീസുകളിലെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർമാർക്കോ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നല്കാവുന്നതാണ്.

കുടിശ്ശികയും പിഴയും ബോർഡ് ഓഫീസിൽ നിന്നും കണക്കാക്കി ഈ തുകകൾ അടയ്‌ക്കേണ്ടുന്ന ചെലാനുകളിൽ രേഖപ്പെടുത്തി അപേക്ഷകരുടെ മേൽവിലാസത്തിൽ അയച്ചുകൊടുക്കും. തുക ഒടുക്കിയതിന്റെ ചെലാനുകളോ ആയതിന്റെ പകർപ്പുകളോ ബോർഡ് ഓഫീസിൽ ഹാജരാക്കുന്ന മുറയ്ക്ക് അപേക്ഷകരുടെ അംഗത്വം പുനഃസ്ഥാപിച്ചു നല്കും. പ്രവാസി ക്ഷേമനിധിയിൽ 60 വയസ് വരെ തുടർച്ചയായി അംശദായം അടയ്ക്കുന്ന അംഗങ്ങൾക്കാണ് പെൻഷന് അർഹതയുള്ളത് എന്നതിനാൽ 60 വയസ് പൂർത്തിയാകുന്ന തീയതിക്ക് മുമ്പ് തന്നെ അംശദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ ക്ഷേമനിധിയംഗങ്ങളും കുടിശ്ശികത്തുകയും പിഴയും ഒടുക്കി തങ്ങളുടെ അംഗത്വം പുനഃസ്ഥാപിച്ച് പെൻഷനുള്ള അർഹത ഉറപ്പുവരുത്തണം. ഒരു വർഷത്തിൽ കൂടുതൽ കുടിശ്ശിക വരുത്തി അംഗത്വം സ്വമേധയാ നഷ്ടപ്പെട്ടുപോകുന്ന അംഗങ്ങൾക്ക് പെൻഷന് മറ്റ് യാതൊരുവിധ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കുന്നതുമല്ല.