- Home
- /
- Cinema
- /
- FILM REVIEW
അവഗണിക്കാനാവില്ല ഈ സിനിമ പറയുന്ന രാഷ്ട്രീയം; ഈ 'കുപ്രസിദ്ധ പയ്യൻ' ജനാധിപത്യക്കാലത്തെ ഭരണകൂട ഭീകരത നിങ്ങൾക്ക് കാണിച്ചുതരും; തിരക്കഥയിലെ പോരായ്മകൾ കൊണ്ട് ചിലയിടങ്ങളിൽ ദുർബലമാകുന്നുണ്ടെങ്കിലും ഇത് വിരസമാവാത്ത കാഴ്ചാനുഭവം; ചലനങ്ങളിലും നോട്ടത്തിനും നിഷ്‌ക്കളങ്കമായ ചിരിയിലുമെല്ലാം കൈയടി നേടി ടൊവീനോ; അസാധാരണമായ പ്രകടനത്താൽ പ്രേക്ഷകരുടെ പ്രിയം നേടി നിമിഷാ സജയൻ
ഭരണകൂടവും അധികാരികളും ചേർന്ന് നിരപരാധികളായെ കുറേ പാവങ്ങളെ കുറ്റവാളികളായി ചിത്രീകരിച്ച് വേട്ടയാടുന്നതിന്റെ സത്യസന്ധമായ ആവിഷ്‌ക്കാരമായിരുന്നു വെട്രിമാരൻ സംവിധാനം ചെയ്ത വിസാരണൈ എന്ന തമിഴ് ചിത്രം. ഓരോ നിമിഷവും പ്രേക്ഷക മനസ്സിൽ ഭീതിവിതയ്ക്കുന്ന ഈ ചിത്രം അസാധാരണമായ ഒരു കാഴ്ചാനുഭവം തന്നെയായിരുന്നു. ജീവിതം തൊട്ടറിഞ്ഞ്, യാഥാർത്ഥ്യങ്ങളെ പൊള്ളുന്ന അനുഭവങ്ങളാക്കി പ്രേക്ഷകരിലേക്ക് പകർന്ന് തമിഴ്‌സിനിമകൾ മുന്നേറുമ്പോൾ അവയ്‌ക്കൊപ്പം നിൽക്കാൻ മലയാളത്തിൽ പുറത്തിറങ്ങിയ നിലപാടുള്ളൊരു സിനിമയാണ് മധുപാൽ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യൻ'. കോഴിക്കോട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടൊരു കേസായിരുന്നു കോഴിക്കോട്ടെ സുന്ദരിയമ്മ കൊലക്കേസ്. ഹോട്ടലുകളിലേക്ക് ഇഡ്ഡിലിയുണ്ടാക്കിക്കൊടുത്ത് ജീവിച്ച സുന്ദരിയമ്മ 2012 ജൂലൈ 21 ന് രാത്രി അതിക്രൂരമായി കൊലചെയ്യപ്പെട്ടു. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ജയേഷ് എന്ന പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി നിരുപാധികം വിട്ടയയ്ക്കുകയായിരുന്നു. ഏറെ പ്രമാദമായ ഒരു കേസിൽ കുറ്റവാളിയെ കണ്ടെത്തിയ
- Share
- Tweet
- Telegram
- LinkedIniiiii
ഭരണകൂടവും അധികാരികളും ചേർന്ന് നിരപരാധികളായെ കുറേ പാവങ്ങളെ കുറ്റവാളികളായി ചിത്രീകരിച്ച് വേട്ടയാടുന്നതിന്റെ സത്യസന്ധമായ ആവിഷ്‌ക്കാരമായിരുന്നു വെട്രിമാരൻ സംവിധാനം ചെയ്ത വിസാരണൈ എന്ന തമിഴ് ചിത്രം. ഓരോ നിമിഷവും പ്രേക്ഷക മനസ്സിൽ ഭീതിവിതയ്ക്കുന്ന ഈ ചിത്രം അസാധാരണമായ ഒരു കാഴ്ചാനുഭവം തന്നെയായിരുന്നു. ജീവിതം തൊട്ടറിഞ്ഞ്, യാഥാർത്ഥ്യങ്ങളെ പൊള്ളുന്ന അനുഭവങ്ങളാക്കി പ്രേക്ഷകരിലേക്ക് പകർന്ന് തമിഴ്‌സിനിമകൾ മുന്നേറുമ്പോൾ അവയ്‌ക്കൊപ്പം നിൽക്കാൻ മലയാളത്തിൽ പുറത്തിറങ്ങിയ നിലപാടുള്ളൊരു സിനിമയാണ് മധുപാൽ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യൻ'.
കോഴിക്കോട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടൊരു കേസായിരുന്നു കോഴിക്കോട്ടെ സുന്ദരിയമ്മ കൊലക്കേസ്. ഹോട്ടലുകളിലേക്ക് ഇഡ്ഡിലിയുണ്ടാക്കിക്കൊടുത്ത് ജീവിച്ച സുന്ദരിയമ്മ 2012 ജൂലൈ 21 ന് രാത്രി അതിക്രൂരമായി കൊലചെയ്യപ്പെട്ടു. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ജയേഷ് എന്ന പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി നിരുപാധികം വിട്ടയയ്ക്കുകയായിരുന്നു. ഏറെ പ്രമാദമായ ഒരു കേസിൽ കുറ്റവാളിയെ കണ്ടെത്തിയെന്ന് വ്യക്തമാക്കാനായി ക്രൈംബ്രാഞ്ച് തന്നെ കെട്ടിപ്പൊക്കിയ വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയേഷിനെ പ്രതിയാക്കിയതെന്ന കോടതിയുടെ നിരീക്ഷണവും തുടർ വാർത്തകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ പൊലീസ് സംവിധാനങ്ങളുടെ തീർത്തും ഉദാസീനവും മനുഷ്യത്വരഹിതവുമായ സമീപനങ്ങൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു ആ കേസ്. തലപ്പാവ്, ഒഴിമുറി തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം മധുപാൽ ഒരുക്കിയ കുപ്രസിദ്ധ പയ്യനും പശ്ചാത്തലമാകുന്നത് ഈ കേസും തുടർ നടപടികളും തന്നെയാണ്. കൃത്യമായി അത് തന്നെയെന്ന് സംവിധായകനും തിരക്കഥാകൃത്തും വ്യക്തമാക്കുന്നില്ലെങ്കിലും അന്നത്തെ സംഭവങ്ങൾ ഓർമ്മയിൽ ഉള്ളവർക്ക് അത് തന്നെയാണ് ഈ സിനിമയുടെയും പശ്ചാത്തലമെന്ന് എളുപ്പം തിരിച്ചറിയാൻ സാധിക്കും. ശക്തമായൊരു പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം തിരക്കഥയിലെ പോരായ്മകൾ കൊണ്ട് ചിലയിടങ്ങളിൽ ദുർബലമാകുന്നുണ്ടെങ്കിലും വിരസമാവാത്ത കാഴ്ചാനുഭവം ഉറപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കച്ചവട സാധ്യത നിലനിർത്താനുള്ള മധുപാലിന്റെ ശ്രമങ്ങൾ ചിത്രത്തിന്റെ കരുത്ത് കുറയ്ക്കുന്നുണ്ട്. സംഭാഷണങ്ങളും ചിലയിടത്ത് കൃത്രിമത്വം കലർന്നതാവുന്നു. കഥാപാത്രങ്ങളിലെ വൈരുധ്യവും പോരായ്മ തന്നെയാണ്. എങ്കിലും സിനിമ പറയുന്ന രാഷ്ട്രീയം അവഗണിക്കാൻ സാധിക്കുന്നതല്ല.
കഴിഞ്ഞ ദിവസമാണ് പഠിപ്പിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റിലായ അദ്ധ്യാപകനെ കോടതി കുറ്റവിമുക്തനാക്കിയത്. പേരാമ്പ്ര ചെറുവണ്ണൂർ നോർത്ത് എം എൽ പി സ്‌കൂൾ അദ്ധ്യാപകനായ ആ യുവാവ് കണ്ണീരോടെ മാധ്യമങ്ങൾക്ക് മുമ്പിൽ താൻ കടന്നുപോയ ഭീകരാവസ്ഥകൾ വിവരിച്ചപ്പോൾ ഉള്ള് പൊള്ളിപ്പോയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കുപ്രസിദ്ധ പയ്യൻ കാണുമ്പോൾ സുന്ദരിയമ്മ കൊലക്കേസിൽ പിടിയിലായിരുന്ന ജയേഷും അദ്ധ്യാപകനായ ശബിനുമെല്ലാം അനുഭവിച്ച മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ചാണ് ഓർത്തുപോയത്.
സംഭവകഥ സിനിമയാകുമ്പോൾ കോഴിക്കോട്ടെ സുന്ദരിയമ്മ വൈക്കത്തെ ചെമ്പകമ്മാൾ ആകുന്നു. ജയേഷ് അജയനാകുന്നു. ചെമ്പകമ്മാളിന്റെ വീട്ടിൽ നിന്ന് പലഹാരങ്ങൾ എടുക്കുവാനെത്തുന്ന തൊട്ടടുത്ത ഹോട്ടലിലെ ജോലിക്കാരനാണ് അജയൻ. അനാഥനായ അജയന് ഒരമ്മയുടെ സ്‌നേഹവാത്സല്യങ്ങൾ പകർന്നു നൽകുന്നവരാണ് ചെമ്പകമ്മാൾ. ഒരു രാത്രി ചെമ്പകാമ്മാൾ അതിക്രൂരമായി കൊലചെയ്യപ്പെടുന്നു. പൊലീസ് അന്വേഷിച്ച് എവിടെയുമെത്താതെ പോയ കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നു. വളരെ വേഗം തന്നെ അവർ പ്രതിയെ കണ്ടെത്തുന്നു. അങ്ങിനെ ഉദ്യോഗസ്ഥർ മനഃപൂർവ്വം പ്രതിയാക്കി അജയനെ ജയിലിൽ അടയ്ക്കുന്നു. തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ച്.. സാക്ഷികളെ ഉണ്ടാക്കി പഴുതടച്ച് അധികാരികൾ കാര്യങ്ങൾ മുന്നോട്ട് നീക്കിയപ്പോൾ നിസ്സഹായനായി കൊലപാതകിപ്പട്ടം തലയിലേറ്റാനായിരുന്നു അജയന്റെ വിധി. അജയന് വേണ്ടി കോടതി ഏർപ്പാടാക്കുന്ന വക്കീൽ നടത്തുന്ന നിയമപോരാട്ടമാണ് പിന്നീട് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഒറ്റനോട്ടത്തിൽ കൊലപാതകവും തുടർന്നുള്ള കേസന്വേഷണവും കോടതി വിചാരണയുമെല്ലാം നിറഞ്ഞ ഒരു ക്രൈം ത്രില്ലറിന്റെ സ്വഭാവമാണെങ്കിലും വ്യക്തമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചും രാഷ്ട്രീയം സമർത്ഥമായി വിനിമയം ചെയ്തുമാണ് സിനിമയുടെ യാത്ര. ഭീതിവിതയ്ക്കുന്ന വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് സന്ധിയില്ലാതെ സിനിമ പോരാട്ടം നടത്തുന്നു.
വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് സന്ധിയില്ലാതെ സിനിമ പോരാട്ടം നടത്തുന്നു.
പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ പ്രതിനിധിയാണ് അജയൻ. യാതൊരു പിൻബലവുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടി വരുന്ന ജീവിതാവസ്ഥകൾ അവനെ അന്തർമുഖനും അരക്ഷിതബോധമുള്ളവനുമാക്കി മാറ്റുന്നു. ഇത്തരമൊരാൾക്ക് കുറ്റവാളിയുടെ ഛായയുണ്ടെന്ന് പൊതുസമൂഹത്തിന് എത്രയെളുപ്പം വ്യാഖാനിക്കാൻ സാധിക്കുമെന്ന് സിനിമ കാട്ടിത്തരുന്നുണ്ട്. അജയന്റെ ജീവിതാവസ്ഥകൾ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് അവന് മേൽ കുറ്റം ചാർത്താൻ ധൈര്യം പകരുന്നത്. വിദ്യാഭ്യാസ മില്ലാത്ത.. സ്വന്തം പ്രായം പോലും അന്വേഷണോദ്യോഗസ്ഥർക്ക് മുമ്പിൽ പറയാൻ കഴിയാത്ത അവന് വേണ്ടി കാര്യമായി ചോദ്യങ്ങളോ പ്രതിഷേധങ്ങളോ ഉയരില്ലെന്ന് അധികാരിവർഗ്ഗത്തിന് നല്ല ബോധ്യമുണ്ട്. അവന് വേണ്ടി ശബ്ദിക്കുന്ന സുഹൃത്തുക്കളെ, അവരെയും കുറ്റവാളികളാക്കുമെന്ന് പറഞ്ഞ് നിശബ്ദരാക്കുന്നുണ്ട് പൊലീസ്. സുന്ദരിയമ്മ കൊലക്കേസിൽ പിടിയിലായ ജയേഷിന് ജബ്ബാർ എന്ന മറ്റൊരു പേര് കൂടിയുണ്ടെന്നത് ആ കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചിരുന്നു. ഇവിടെ അജയനിൽ അവർ അജ്മൽ എന്നൊരു പേരാണ് ചാർത്തിക്കൊടുക്കുന്നത്. ഇത്തരമൊരു കൊലക്കേസിൽ ഒരു മുസ്ലിം നാമം തങ്ങളുടെ കാര്യങ്ങളടെ പൂർത്തീകരണത്തിന് എത്രത്തോളം സൗകര്യം ചെയ്യുമെന്ന് പൊലീസിനറിയാം. ദലിതരും മുസ്ലീങ്ങളും വേട്ടയാടപ്പെടുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തെ കേരളത്തിലെ ഒരു കൊലക്കേസിലേക്ക് കൂട്ടിയിണക്കുകയാണ് തിരക്കഥാകൃത്ത്. അജയന് വേണ്ടി ശബ്ദിക്കുമെന്ന് ഉറപ്പുള്ള ഹോട്ടലുടമയായ മുസ്ലീമിനെ അദ്ദേഹത്തിന്റെ മരിച്ചുപോയ ബാപ്പയുടെ പേരിലുള്ള കേസിനെ ഓർമ്മപ്പെടുത്തിക്കൊണ്ട് നിശബ്ദനാക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ശ്രമം. എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് എന്തിനിപ്പോൾ പറയുന്നുവെന്ന് അയാൾ ചോദിക്കുമ്പോൾ പഴയ കാര്യങ്ങൾ മുമ്പിലേക്ക് വരാൻ വലിയ പ്രയാസമൊന്നുമില്ലെന്നാണ് ഉദ്യോഗസ്ഥന്റെ മറുപടി.
പകുതി വരെ അജയൻ നിറഞ്ഞു നിൽക്കുന്ന സിനിമ പകുതിക്ക് ശേഷം ഹന്നാ എലിസബത്ത് എന്ന അഭിഭാഷകയുടേതാണ്. തുടക്കത്തിൽ വാദപ്രതിവാദങ്ങൾക്ക് മുമ്പിൽ പതറിപ്പോകുന്ന ഹന്ന പതിയെ അജയനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനുള്ള യാത്ര തുടരുന്നു. ഇന്റർവെല്ലിന് ശേഷം ഭൂരിഭാഗം രംഗങ്ങളും അരങ്ങേറുന്നത് ഒരു കോടതി മുറിയിലാണെങ്കിലും വിരസത ഉണ്ടാക്കാതെ സിനിമയെ മുന്നോട്ട് നയിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിക്കുന്നുണ്ട്. കൊലപാതകവും തുടർന്നുള്ള അന്വേഷണവും കുറ്റവാളിയായി നായകൻ മുദ്രകുത്തപ്പെടുകയുമൊക്കെ ചെയ്യുന്ന സിനിമകൾ നിരവധി പുറത്തിറങ്ങിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ നായകന്റെ നിരപരാധിത്വം വെളിപ്പെടുകയും യഥാർത്ഥ കൊലയാളിയെ തിരിച്ചറിയുകയും ചെയ്യുന്ന രീതിയിലാവും ആ സിനിമകളുടെയെല്ലാം സഞ്ചാരം. എന്നാൽ എന്തിനായിരുന്നു ആ കൊലപാതകം.. ആരാണ് ആ കൊലപാതകം നടത്തിയത്.. തുടങ്ങിയ ചോദ്യങ്ങൾക്ക് പ്രത്യക്ഷത്തിൽ ഒരുത്തരവും നൽകാതെയാണ് കുപ്രസിദ്ധ പയ്യൻ അവസാനിക്കുന്നത്. കോഴിക്കോട്ടെ സുന്ദരിയമ്മ കൊലക്കേസിൽ ഇപ്പോഴും യഥാർത്ഥ പ്രതി പിടിയിലായിട്ടില്ല. അയാൾ ഇരുട്ടിന്റെ മറവിൽ നിൽക്കുമ്പോൾ ചെമ്പകാമ്മാളിന്റെ ഘാതകർ ആരാണ് എന്നതിലേക്കുള്ള ചില സൂചനകൾ സംവിധായകൻ പ്രേക്ഷകർക്ക് മുമ്പിൽ വെക്കുന്നുണ്ട്. അതിലൂടെ സമൂഹത്തിൽ ഇപ്പോഴും ഇളകിയാടുന്ന ജാതിക്കോമരങ്ങളുടെ അലർച്ചകൾ സിനിമ പ്രേക്ഷകരെ കേൾപ്പിക്കുന്നു.
അജയനെന്ന നിഷ്‌ക്കളങ്കനായ യുവാവിനെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്. ചലനങ്ങളിലും നോട്ടത്തിനും നിഷ്‌ക്കളങ്കമായ ചിരിയിലുമെല്ലാം അയാൾ ഓരോ നിമിഷവും കൈയടി നേടുന്നു. ഹന്ന എലിസബത്തായെത്തുന്ന നിമിഷാ സജയൻ അസാധാരണമായ പ്രകടനത്താൽ പ്രേക്ഷകരുടെ പ്രിയം നേടുന്നു. കോടതി മുറിയിലെ തുടക്കത്തിലെ പതർച്ചയും നിസ്സഹായതയും പിന്നീട് വാദപ്രതിവാദങ്ങളിൽ പതിയെ അവൾ ആർജ്ജിച്ചെടുക്കുന്ന മികവുമെല്ലാം ഗംഭീരം എന്ന് തന്നെ പറയാം. കുറച്ചുരംഗങ്ങളിലേ ഉള്ളുവെങ്കിലും ജലജ എന്ന കഥാപാത്രത്തെ അനുസിത്താര മനോഹരമാക്കി. അജയനും ജലജയും തമ്മിലുള്ള പ്രണയരംഗങ്ങളെല്ലാം ഏറെ ഹൃദയഹാരിയാണ്. പ്രേക്ഷകരുടെ വെറുപ്പ് ആവോളം പിടിച്ചുപറ്റുന്നുണ്ട് നെടുമുടി വേണുവിന്റെ അഡ്വ: സന്തോഷ് നാരായണൻ. ഈ കഥാപാത്രത്തിന് ഏൽക്കുന്ന തിരച്ചടികളെയെല്ലാം പ്രേക്ഷകർ കയ്യടിച്ച് വരവേൽക്കുമ്പോൾ അത് നെടുമുടി വേണുവിന് ലഭിക്കുന്ന അഭിനന്ദനങ്ങളായി മാറുന്നു. ഈ കഥാപാത്രത്തിന്റെ ബുദ്ധിവൈഭവത്തെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് കുറേക്കൂടി ഉപയോഗപ്പെടുത്താൻ തിരക്കഥയിൽ ശ്രമം ഉണ്ടായിരുന്നെങ്കിൽ കോടതി രംഗങ്ങൾ കുറേക്കൂടി ഗംഭീരം ആകുമായിരുന്നു. ഇതിപ്പം ബുദ്ധിരാക്ഷസനായ സന്തോഷ് നാരായണൻ തുടക്കക്കാരിയായ ഹന്നയുടെ മുമ്പിൽ വളരയെളുപ്പം കീഴടങ്ങുകയായിരുന്നു. ചെമ്പകാമ്മാളാവുന്ന ശരണ്യ പൊൻവർണനും ഏറെ മികച്ചു നിന്നു. അലൻസിയർ, സുജിത് ശങ്കർ തുടങ്ങിയവരും മികവ് പുലർത്തി.
വിവാദം സൃഷ്ടിച്ച ഒരു കൊലപാതകത്തിന്റെ അന്വേഷണ വഴികളിലൂടെ സഞ്ചരിച്ച് വർത്തമാനകാല യാഥാർത്ഥ്യങ്ങളുമായി അവയെ കൂട്ടിയിണക്കുകയായിരുന്നു തിരക്കഥാകൃത്ത് ജീവൻ ജോബ് തോമസ്. തുടക്കക്കാരന്റെ പോരായ്മകൾ മാറ്റി നിർത്തിയാൽ ഏറെ മികവുറ്റത് എന്ന് തന്നെ വിശേഷിപ്പിക്കാം ഈ തിരക്കഥയെ. പഴയകാല ജീവിതാവസ്ഥകളിൽ നിന്നുകൊണ്ട് തലപ്പാവും ഒഴിമുറിയും ഒരുക്കിയ മധുപാൽ വർത്തമാനകാല യാഥാർത്ഥ്യങ്ങളെയും സത്യസന്ധമായി അഭിസംബോധന ചെയ്യുകയാണ് കുപ്രസിദ്ധ പയ്യനിൽ. തലപ്പാവിലെ ജീവിതക്കാഴ്ചകൾക്ക് ഇന്നും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് കുപ്രസിദ്ധ പയ്യനും വ്യക്തമാക്കിത്തരുന്നു. എന്തിനായിരുന്നു കുറ്റം സമ്മതിച്ചതെന്ന് ഹന്ന ചോദിക്കുമ്പോൾ അജയൻ പറയുന്നുണ്ട്.. വക്കീലിനറിയാഞ്ഞിട്ടാ.. എനിക്ക് കിട്ടിയ പോലെ അടി കിട്ടിയാൽ ചെമ്പകമ്മാളിനെയല്ല ഇന്ദിരാഗാന്ധിയെ കൊന്നത് വരെ നമ്മളാണെന്ന് സമ്മതിച്ചുപോകും. അതെ അധികാരത്തിന്റെ സമ്മർദ്ദത്തിന് മുമ്പിൽ കുറ്റം സമ്മതിക്കുകയായിരുന്നു അജയൻ. അജയനാണ് കുറ്റവാളിയെന്ന് പറയുകയായിരുന്നു അവന്റെ സുഹൃത്തുക്കൾ.. അജയനെ കുറ്റവാളിയാക്കിക്കൊണ്ട് കേസ് തെളിയിച്ചതിന്റെ ആശ്വാസത്തോടെ തനിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർക്ക് മുമ്പിൽ നിൽക്കുകയായിരുന്നു അന്വേഷണോദ്യോഗസ്ഥർ.. ഈ ശൃംഖല അങ്ങിനെ മുന്നോട്ട് പോകുന്നു.
ഭീതിയുടെ കാഴ്ചകൾക്കിടയിലും ആശ്വാസമായി ഒഴുകിയെത്തുന്നുണ്ട്... വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൽ.. എന്ന മനോഹര ഗാനം.. ശ്രീകുമാരൻ തമ്പിയും ഔസേപ്പച്ചനും ഒന്നുചേർന്നപ്പോൾ പിറവിയെടുത്ത മനോഹര ഗാനങ്ങൾ കുപ്രസിദ്ധ പയ്യനെ കൂടുതൽ മനോഹരമാക്കുന്നു. നൗഷാദ് ഷെരീഫിന്റെ ക്യാമറാക്കാഴ്ചകളും ഏറെ ഹൃദ്യമാണ്...