കിട്ടാനുള്ള തുക എങ്ങനെ നൽകാതിരിക്കാം എന്നതിൽ ചില ഉദ്യോഗസ്ഥർ ഗവേഷണം നടത്തുകയാണ്; പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും കിട്ടാനുള്ള പണം ലഭിച്ചില്ല; സർക്കാരിനെതിരെ ലൈവിലെത്തി പ്രതിഷേധിച്ച് ആർക്കിടെക്ട് ജി. ശങ്കർ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കെട്ടിടങ്ങൾ പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും കിട്ടാനുള്ള പണംലഭിക്കാത്തത് ചൂണ്ടിക്കാട്ടി ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയർമാൻ ആർക്കിടെക്ട് ജി. ശങ്കർ. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് തങ്ങൾക്ക് ലഭിക്കാനുള്ള വൻതുക സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുന്നതായി അദ്ദേഹം ഫെയ്‌സ് ബുക്കിൽ പറഞ്ഞത്. സഹപ്രവർത്തകർക്ക് പകുതി ശമ്പളംപോലും നൽകാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.
പണിതീർത്ത കെട്ടിടങ്ങളുടെ ബാക്കിത്തുക മിക്ക വകുപ്പുകളിൽനിന്ന് കിട്ടാനുണ്ട്. നാലരവർഷംമുമ്പ് പള്ളിക്കത്തോടിൽ പണിപൂർത്തിയാക്കിയ കെ.ആർ. നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂന്നുകോടിയിലധികം ലഭിക്കാനുണ്ട്. കേരള സർവകലാശാലയ്ക്കുവേണ്ടിയുള്ള കെട്ടിടം, ദുരന്തനിവാരണ അഥോറിറ്റി കെട്ടിടം, അട്ടപ്പാടിയിൽ പണിത കോളേജ് കെട്ടിടം എന്നിവയുടെയെല്ലാം തുക ലഭിക്കാനുണ്ട്. രാഷ്ട്രീയനേതൃത്വവും ഉയർന്ന ഉദ്യോഗസ്ഥരും കരുണയോടെ പെരുമാറുമ്പോൾ കിട്ടാനുള്ള തുക എങ്ങനെ നൽകാതിരിക്കാം എന്നതിൽ ചില ഉദ്യോഗസ്ഥർ ഗവേഷണം നടത്തുകയാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ബോധ്യമുണ്ടെന്ന് പറഞ്ഞ ശങ്കർ, ചെലവാക്കിയ തുകയാണ് ലഭിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് ചെലവാക്കിയ പണം നാലുകൊല്ലംകഴിഞ്ഞ് കിട്ടിയാൽ ജീവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്