ലൈംഗികശേഷിക്കുറവുള്ളവർക്ക് ഹൃദ്രോഗ സാധ്യതകൂടുതലാണെന്ന് പഠനങ്ങൾ. 40 വയസിന് മുകളിലുള്ള 52 ശതമാനം പുരുഷന്മാർക്കും ലൈംഗികശേഷിക്കുറവുള്ളതായി കാണുന്നു. ഇവരിൽ മിക്കവർക്കും ഹൃദ്രോഗവും ഉള്ളതായി കണ്ടുവരുന്നു. പുകവലി, രക്തത്തിൽ കൊളസ്‌ട്രോൾ കൂടുന്നത്, അമിതശരീരഭാരം, പ്രമേഹം മുതലായവ ലൈംഗികശേഷിക്കുറവും ഹൃദ്രോഗവും ഉണ്ടാക്കുന്ന പൊതുവായ ഘടകങ്ങളാണ്. രക്തക്കുഴലുകളിലെ തടസത്തിന്റെ പ്രാരംഭദശയിലെ രോഗാവസ്ഥയാണ് ലൈംഗികശേഷിക്കുറവ്.

ലിംഗത്തിലെ രക്തക്കുഴലിന്റെ വ്യാസം 1-2 മില്ലിമീറ്റർ ആണ്. ഹൃദയത്തിലെ കൊറോണറി രക്തക്കുഴലിന്റെ വ്യാസം 2-4 എം. എം ആയതുകൊണ്ട് ചെറിയ രക്തക്കുഴൽ നേരത്തെ അടയുന്നു. തന്മൂലം ലൈംഗികശേഷിക്കുറവ് ഹൃദ്രോഗത്തെക്കാൾ മുമ്പേ പ്രകടമാകുന്നു. ഒരു പഠനം വെളിവാക്കുന്നത് ലൈംഗികശേഷിക്കുറവ് ഹൃദ്രോഗത്തെക്കാൾ 38 മാസം മുമ്പേ പ്രകടമാകുന്നു എന്നതാണ്. ഹൃദ്രോഗമുള്ളവരിൽ 75 ശതമാനം പേർക്കും ലൈംഗികശേഷിക്കുറവ് കാണുന്നു.

പ്രമേഹമുള്ള രോഗികളിൽ ലൈംഗികശേഷിക്കുറവുള്ളവർക്ക് മാരകമായ ഹൃദ്രോഗമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രമേഹമുള്ളവർക്ക് ലൈംഗികശേഷിക്കുറവ് ഉണ്ടെങ്കിൽ അത് ഹൃദ്രോഗത്തിലേക്കുള്ള ചൂണ്ടുപലകയായി കരുതി അതിനുള്ള ചികിത്സാമാർഗങ്ങൾ തേടണം.

60 വയസിന് താഴെയുള്ളവരിൽ ലൈംഗികശേഷിക്കുറവ് ഉണ്ടെങ്കിൽ ഹൃദ്രോഗമുണ്ടോയെന്ന് പരിശോധിക്കുന്നത് അഭികാമ്യമാണ്. എന്നാൽ വളരെ പ്രായമായവരിൽ ലൈംഗികശേഷിക്കുറവ് ഉണ്ടെങ്കിൽ ഹൃദ്രോഗത്തെപ്പറ്റി വലിയ ഉത്കണ്ഠ വേണ്ട.