ലെനയെ പിന്തള്ളി മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ജു വാര്യർ ഉറപ്പിച്ചു; മികച്ച നടനാകാൻ മമ്മൂട്ടി തന്നെ മുമ്പിലെന്ന് സൂചന; നിവിൻ പോളിക്ക് പ്രത്യേക പരാമർശം നൽകി തടി തപ്പിയേക്കും; ചലച്ചിത്ര അവാർഡുകൾ ഇന്നു വൈകിട്ട് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്നു വൈകിട്ടു പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉച്ചയോടെ അന്തിമ പട്ടിക തയാറാക്കി നൽകാമെന്നാണു ജൂറി സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ബാലചിത്രങ്ങളുടെ അവാർഡ് നിർണയം ഇന്നു പുലർച്ചെ പൂർത്തിയായി, പത്തു മണിക്ക് അന്തിമ ചർച്ച നടത്തി, ഉച്ചയോടെ പട്ടിക നൽകുമെന്നാണു സൂചന. എങ്കിൽ വൈകിട്ടു മന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്നു വൈകിട്ടു പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉച്ചയോടെ അന്തിമ പട്ടിക തയാറാക്കി നൽകാമെന്നാണു ജൂറി സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ബാലചിത്രങ്ങളുടെ അവാർഡ് നിർണയം ഇന്നു പുലർച്ചെ പൂർത്തിയായി, പത്തു മണിക്ക് അന്തിമ ചർച്ച നടത്തി, ഉച്ചയോടെ പട്ടിക നൽകുമെന്നാണു സൂചന. എങ്കിൽ വൈകിട്ടു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിർണയം പൂർത്തിയായില്ലെങ്കിൽ രണ്ടു ദിവസംകൂടി പ്രഖ്യാപനം വൈകിയേക്കും. അവാർഡ് തുക വർധിപ്പിച്ചശേഷമുള്ള ആദ്യ വർഷമാണിത്. മറ്റു ചിത്രങ്ങളെല്ലാം ജൂറി ഇന്നലെ കണ്ടുതീർന്നെങ്കിലും ബാലചിത്രങ്ങളുടെ നിർണയമാണു വൈകിയത്. രാത്രി വൈകിയും ജൂറി ചിത്രങ്ങൾ കണ്ടിരുന്നു.
ജോൺപോൾ ചെയർമാനായ ജൂറിയാണ് 73 ചിത്രങ്ങൾ വിലയിരുത്തിയത്. സ്‌ക്രീനിങ് ഇന്നലെ പൂർത്തിയായി. മികച്ച നടനായി ജനപ്രിയ നായകൻ മമ്മൂട്ടിയും അഭിനയിച്ചതെല്ലാം പൊന്നാക്കിയ നിവിൻ പോളിയും ഒപ്പത്തിനൊപ്പം മത്സരത്തിലുണ്ടെന്നു സൂചന. സിദ്ധാർഥ് ശിവയുടെ ഐൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ മുസ്തഫയും ഫൈനൽ റൗണ്ടിൽ. ബാല്യകാലസഖി, മുന്നറിയിപ്പ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനായി പരിഗണിക്കപ്പെടുന്നത്. നിവിൻ പോളിക്ക് പരിഗണന നേടിക്കൊടുക്കുന്നത് 1983, ബാംഗ്ലൂർ ഡെയ്‌സ് എന്നിവ. ബാംഗ്ലൂർ ഡെയ്‌സ്, ഇയ്യോബിന്റെ പുസ്തകം എന്നിവയുടെ ബലത്തിൽ ഫഹദ് ഫാസിൽ, ബാംഗ്ലൂർ ഡെയ്‌സ്, ഞാൻ എന്നിവയിലൂടെ ദുൽഖർ സൽമാൻ, ഇയ്യോബിന്റെ പുസ്തകം, അപ്പോത്തിക്കരി എന്നിവയിലൂടെ ജയസൂര്യയും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ മികച്ച നടനായി പ്രഖ്യാപിക്കുമെന്നാണ് സൂചന. നിവിൻ പോളിക്ക് പ്രത്യേക പരാമർശം ലഭിക്കാനും സാധ്യതയുണ്ട്.
റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയിലെ പ്രകടനത്തിനു മഞ്ജു വാര്യരെയും അലിഫിലെ അഭിനയത്തിന് ലെനയെയും പത്മകുമാറിന്റെ ജലത്തിലെ പ്രകടനത്തിനു പ്രിയങ്കയെയും മികച്ച നടിമാരായി പരിഗണിക്കുന്നു. മുന്നറിയിപ്പിലെ മാദ്ധ്യമ പ്രവർത്തകയെ അവതരിപ്പിച്ച അപർണ ഗോപിനാഥ്, ബാംഗ്ലൂർ ഡേയ്‌സിലെ സാറയെ അവതരിപ്പിച്ച പാർവതി മേനോൻ എന്നിവരും അന്തിമ പട്ടികയിലുള്ളതായി സൂചനയുണ്ട്. എന്നാൽ മഞ്ജു വാര്യർക്കാണ് കൂടുതൽ മുൻതൂക്കം. മഞ്ജുവിന് തന്നെയാകും പുരസ്‌കാരമെന്ന സൂചനകളാണ് പുരസ്‌കാര നിർണ്ണയ സമിതിയിൽ നിന്ന് ലഭിക്കുന്നത്. മികച്ച സിനിമകളുടെ പട്ടികയിൽ നിരവധി ചിത്രങ്ങളാണ് ഇക്കുറി ഇടംപിടിച്ചിരിക്കുന്നത്. ജയരാജിന്റെ ഒറ്റാൽ, സനൽകുമാർ ശശിധരന്റെ ഒരാൾപൊക്കം, വേണുവിന്റെ മുന്നറിയിപ്പ്, പത്മകുമാറിന്റെ ജലം, എൻ.കെ. മുഹമ്മദ് കോയയുടെ അലിഫ്, സിദ്ധാർഥ് ശിവയുടെ ഐൻ, എബ്രിഡ് ഷൈന്റെ 1983, അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിവ തമ്മിൽ കടുത്ത മത്സരം.
ജയരാജ്, രഞ്ജിത്ത്, എബ്രിഡ് ഷൈൻ എന്നിവരെയാണ് അവസാന റൗണ്ടിൽ മികച്ച സംവിധായകരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പി. ജയചന്ദ്രനും വാണി ജയറാമും മികച്ച ഗായകരുടെ ഷോർട്ട് ലിസ്റ്റിൽ. അഞ്ചു സുന്ദരികളിലെ അഭിനയത്തിനു ബേബി അനിഘ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കാനിടയുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ചു പുരസ്‌കാര പ്രഖ്യാപനം ഇത്തവണ ഏറെ വൈകി. ജൂറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണിതിനു കാരണമായത്. ജൂറി അംഗങ്ങളെല്ലാം ഒരുമിച്ചിരുന്നാണു സ്‌ക്രീനിങ് നടത്തിയതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം വിവാദം കത്തിപടരാനുള്ള സാധ്യതയുമുണ്ട്. ജ്യൂറിയിലെ ഒരംഗത്തിന്റെ പ്രവർത്തനങ്ങളിൽ പരാതി വ്യാപകമാണ്.
സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്‌കാരം കെ.ജി. ജോർജിന് നൽകാനാണ് നീക്കം. മുതിർന്ന സിനിമാ പ്രവർത്തകരായ ആർ.എസ്. പ്രഭു, പി.കെ. നായർ, എം.ഒ. ജോസഫ് എന്നിവരുടെ പേരുകളായിരുന്നു സജീവ പരിഗണനയിലുണ്ടായിരുന്നത്. ഒത്തുതീർപ്പിന്റെ ഭാഗമായാണ് ജോർജിനെ തെരഞ്ഞെടുക്കുന്നത്. ജൂറി രൂപീകരണത്തിലും തുടർന്ന് സിനിമാ തെരഞ്ഞെടുപ്പിലും ലാഘവത്വവും പുറമെ നിന്നുള്ള ഇടപെടലും തുടക്കത്തിലേ വിവാദമായിരുന്നു. മണിരത്‌നം, ഹരിഹരൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയവരുടെ പേരുകളാണ് ജൂറി ചെയർമാൻ സ്ഥാനത്തേക്ക് ചലച്ചിത്ര അക്കാദമി നിർദ്ദേശിച്ചത്. നിർദ്ദേശങ്ങളെ അവഗണിച്ച് സിനിമാവകുപ്പ് തിരക്കഥാകൃത്ത് ജോൺപോളിനെ ചെയർമാനായി തീരുമാനിക്കുകയായിരുന്നു. സംവിധായകരായ ഭദ്രൻ മട്ടേൽ, ബാലുകിരിയത്ത്, എഡിറ്റർ ജി. മുരളി, സൗണ്ട് റിക്കോർഡിസ്റ്റ് രഞ്ജിത്, ക്യാമറാമാൻ സണ്ണി ജോസഫ്, സംഗീതജ്ഞ പ്രൊഫ. ഓമനക്കുട്ടി, നിർമ്മാതാവ് എം.എം. ഹംസ എന്നിവരാണ് അംഗങ്ങൾ.
വഴിവിട്ടമാർഗത്തിൽ അക്കാദമിയിൽ അംഗത്വം ലഭിച്ച യുവതിയുടെ ഇടപെടലിനെതിരെ തുടക്കത്തിലേ പരാതിയുണ്ടായിരുന്നു. താൻ പറഞ്ഞവരാണ് ജൂറിയിലെന്നും തനിക്ക് താത്പര്യമുള്ളവർക്കായിരിക്കും അവാർഡെന്നും ഇവർ പരസ്യമായി പറഞ്ഞത് പരാതിയായി വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരെ ജൂറിയിൽ കുത്തിനിറച്ചതിനു പിന്നിൽ ഈ യുവതിയെന്നാണ് പ്രധാനആരോപണം. മുൻ സാംസ്‌കാരികമന്ത്രിയുടെ അടുപ്പക്കാരിയായ അവരെ അക്കാദമിയിൽ അംഗമാക്കിയതിനെതിരെ കോൺഗ്രസിലും എതിർപ്പുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേകതാത്പര്യപ്രകാരം നിയമനം നൽകുകയായിരുന്നു.