ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കർഷകർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. 16 ലക്ഷത്തിലധികം കർഷകരുടെ വായ്പ എഴുതി തള്ളാൻ തീരുമാനം. സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളുക. മുഖ്യമന്ത്രി ഇ. പളനിസാമി നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

'കോവിഡ് മഹാമാരി, തുടർച്ചയായി വന്ന രണ്ടു ചുഴലിക്കാറ്റ്, അപ്രതീക്ഷിത മഴ തുടങ്ങിയ സാഹചര്യങ്ങളിൽ കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ കർഷകരെ സഹായിക്കുന്നത് പ്രധാനമാണ്', പളനിസാമി പറഞ്ഞു.

എഴുതി തള്ളുന്ന തുക സർക്കാർ ഫണ്ടിൽനിന്ന് നീക്കിവെക്കുമെന്നും ഉടൻ ഇത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 70 ശതമാനവും കാർഷികവൃത്തി ചെയ്യുന്നവരാണ്.