രാത്രിയാത്രയില്‍ സ്ത്രീകള്‍ സുരക്ഷിതരോ? ആഗ്രയില്‍ ടൂറിസ്റ്റാണെന്ന വ്യാജേന വനിത പൊലീസ് ഉദ്യോഗസ്ഥയുടെ പട്രോളിങ്ങ്; ഓട്ടോറിക്ഷ യാത്രയും; അസിസ്റ്റന്റ് കമ്മീഷണറായ സുകന്യ ശര്‍മയുടെ അനുഭവം ഇങ്ങനെ

വനിത പൊലീസ് ഉദ്യോഗസ്ഥ വേഷം മാറി നൈറ്റ് പട്രോളിങ്ങ്

Update: 2024-09-29 13:37 GMT

ആഗ്ര: രാത്രിയാത്രയില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ? പൊലീസിന്റെ സുരക്ഷ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ. തന്റെ അധികാര പരിധിയിലുള്ള ആഗ്രയില്‍ ടൂറിസ്റ്റാണെന്ന വ്യാജേന യാത്ര നടത്തിയാണ് വനിത പൊലീസ് ഉദ്യോഗസ്ഥ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ചത്. സാധാരണ വേഷം ധരിച്ചാണ് വനിത പൊലീസ് ഉദ്യോഗസ്ഥ ആഗ്രയില്‍ നൈറ്റ് പട്രോളിങ്ങിനിറങ്ങിയത്. നഗരത്തില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് പരിശോധിക്കാനായിരുന്നു അസിസ്റ്റന്റ് കമ്മീഷണറായ സുകന്യ ശര്‍മ ഇറങ്ങിത്തിരിച്ചത്.

എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ഉടന്‍ ഡയല്‍ ചെയ്യാവുന്ന അടിയന്തര സര്‍വീസ് നമ്പറായ 112ല്‍ അവര്‍ വിളിച്ചുനേക്കി. ആഗ്രയില്‍ താജ്മഹല്‍ കാണാനെത്തിയ ടൂറിസ്റ്റാണെന്നാണ് അവരോട് പറഞ്ഞത്. സഹായത്തിനായി പൊലീസിനെ വേണമെന്നും അര്‍ധരാത്രിയായതിനാല്‍ സുരക്ഷ കണക്കിലെടുത്താണ് താന്‍ സഹായം തേടുന്നതെന്നും സഹായത്തിനായി പൊലീസിനെ വേണമെന്നും അവര്‍ പറഞ്ഞു.

എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ തുടരണമെന്നും സഹായിക്കാന്‍ ആളുകളെ അയക്കാമെന്നും ടെലിഫോണ്‍ ഓപറേറ്റര്‍ മറുപടി നല്‍കി. അതിനുശേഷം അവര്‍ക്ക് വിമന്‍സ് പട്രോളിങ് ടീമിന്റെ വിളി വന്നു. കൊണ്ടുപോകാന്‍ വരികയാണെന്നായിരുന്നു അറിയിച്ചത്. താന്‍ അസിസ്റ്റന്റ് കമ്മീഷണറാണെന്നും സ്ത്രീകളുടെ സുരക്ഷ പ്രശ്‌നം നേരിട്ടറിയാന്‍ ഇറങ്ങിയതാണെന്നും പരിശോധനയില്‍ അവര്‍ ടെസ്റ്റ് പാസായി എന്നും സുകന്യ പറഞ്ഞു.

അതിനു ശേഷം അര്‍ധരാത്രിയില്‍ ഓട്ടോറിക്ഷയില്‍ സ്ത്രീകള്‍ യാത്ര ചെയ്താല്‍ എങ്ങനെയായിരിക്കും എന്നറിയാനും അവര്‍ ശ്രമം നടത്തി. ഓട്ടോയില്‍ യാത്ര ചെയ്യുമ്പോഴും സുകന്യ താന്‍ പൊലീസാണെന്ന് പറയാതെ, രാത്രി കാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞു. അപ്പോള്‍ പൊലീസ് പരിശോധന പൂര്‍ത്തിയാക്കിയാണ് തന്നെ ഓട്ടത്തിന് അയക്കുന്നതെന്ന് ഡ്രൈവര്‍ മറുപടി നല്‍കി.

ഡ്രൈവര്‍ സുരക്ഷിതമായി വനിത പൊലീസ് ഉദ്യോഗസ്ഥയെ പറഞ്ഞ സ്ഥലത്ത് എത്തിക്കുകയും ചെയ്തു. ആക്ടിവിസ്റ്റ് ദീപിക നാരായണന്‍ ഭരദ്വാജ് സുകന്യയുടെ പ്രവര്‍ത്തനത്തെ ശ്ലാഘിച്ചു. എല്ലാ നഗരങ്ങളിലും പൊലീസ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും എങ്കില്‍ സാധാരണക്കാര്‍ അറിയുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാമെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

Tags:    

Similar News