അരി കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ നീക്കി ഇന്ത്യ; ലോക വിപണിയിലെ 40 ശതമാനം അരിയും നിയന്ത്രിക്കുന്ന ഇന്ത്യയിലേക്ക് അരിവാങ്ങാന്‍ കുതിച്ച് 140 രാജ്യങ്ങള്‍; ഭാരതത്തിന്റെ അരി വിപണിയുടെ കഥ

അരി കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ നീക്കി ഇന്ത്യ

Update: 2024-09-30 01:21 GMT

ന്യൂഡല്‍ഹി: ഇന്ത്യ 2023 ല്‍ അരിയുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ പിന്‍വലിച്ചു. ശരാശരിയിലധികം മണ്‍സൂണ്‍ മഴ ലഭിച്ചതിനാല്‍ വിളവെടുപ്പ് പൊതുവെ വൃദ്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് 2022 ല്‍ ലോക അരി വിപണിയുടെ 40 ശതമനവും ഇന്ത്യയില്‍ നിന്നുള്ള അരിയായിരുന്നു. 2022 വര്‍ഷത്തില്‍ ലോക വിപണിയില്‍ എത്തിയ 55.4 മില്യന്‍ മെട്രിക് ടണ്‍ അരിയില്‍ 22.2 മില്യന്‍ മെട്രിക് ടണ്‍ അരി ഇന്ത്യയില്‍ നിന്നായിരുന്നു.

അരി കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ തൊട്ടുപുറകിലുള്ളത് തായ്ലാന്‍ഡ്, വിയറ്റ്‌നാം, പാകിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ്. ഈ നലു രാജ്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന അരിയുടെ അളവുകള്‍ കൂട്ടിയാല്‍ പോലും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്ര വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 140 ല്‍ അധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നത്. ബസ്മതി ഇനത്തില്‍ പെട്ടതല്ലാത്ത അരി കൂടുതലായി ഇന്ത്യയില്‍ നിന്നും വാങ്ങുന്നത് ബെനിന്‍, ബംഗ്ലാദേശ്, അംഗോള, കാമറൂണ്‍, ഡിബോട്ടി, ഗിനിയ, ഐവറി കോസ്റ്റ്, കെനിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ്.

ഇന്ത്യയില്‍ നിന്നുള്ള പ്രീമിയം ക്വാളിറ്റി ബസ്മതി അരി പ്രധാനമായും വാങ്ങുന്നത് ഇറാന്‍, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ്. 2023 ല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ലോക വിപണിയില്‍ ഇന്ത്യന്‍ അരിയുടെ പങ്ക് 20 ശതമാനമായി കുറഞ്ഞ് 17.8 മില്യന്‍ മെട്രിക് ടണിലെത്തി. മാത്രമല്ല, 2024 ലെ ആദ്യ ഏഴു മാസങ്ങളിലെ അരിയുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിലൊന്ന് കുറയുകയും ചെയ്തു.ഇന്ത്യ അരിയുടെ കയറ്റുമതി നിയന്ത്രിച്ചതോടെ പല ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും തായ്ലാന്‍ഡ്, വിയറ്റ്‌നാം, പാകിസ്ഥാന്‍, യാന്മാര്‍ എന്നീ രാജ്യങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി.

ആവശ്യക്കാര്‍ പെട്ടെന്ന് വര്‍ദ്ധിച്ചതും, ആവശ്യത്തിലധികം സ്റ്റോക്ക് ഇല്ലാതിരുന്നതും ഈ രാജ്യങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തിനിടയില്‍ ആദ്യമായി അരിയുടെ കയറ്റുമതി വില വര്‍ദ്ധിക്കാന്‍ ഇടയാക്കി. ഇപ്പോള്‍ ഇന്ത്യ വീണ്ടും ലോക വിപണിയില്‍ സജീവമാകുന്നതോടെം ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News