രോഗിയുടെ സമ്മത പത്രം പരിശോധിച്ച ഡോക്ടര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടും നോക്കേണ്ടതല്ലേ? മാറിടത്തില്‍ ക്യാന്‍സറില്ലെന്ന ലേക് ഷോറിലെ പത്തോളജി റിപ്പോര്‍ട്ട് 13ന് ആശുപത്രിയില്‍ കിട്ടിയിരുന്നു എന്ന വസ്തുത ഡോക്ടര്‍ ബോധപൂര്‍വ്വം മറച്ചു വയ്ക്കുന്നു; എല്ലാ പഴിയും തള്ളുന്നത് 16ന് രോഗിയെ അഡ്മിറ്റ് ചെയ്ത ഡോക്ടറുടെ തലയിലേക്കും; ഡോ ജോജോ വി ജോസഫിന്റെ വിശദീകരണം അപൂര്‍ണ്ണം; തെറ്റ് സംഭവിച്ചത് അജയ് തറയലിന്റെ ആശുപത്രിക്കോ?

Update: 2025-10-31 05:45 GMT

കെച്ചി: ക്യാന്‍സറില്ലാ മാറിടം മുറിച്ചു മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി ഡോ ജോജോ വി ജോസഫ് എത്തുമ്പോഴും പ്രധാന വിഷയത്തില്‍ ഉത്തരമില്ല. ക്യാന്‍സറില്ലെന്ന റിപ്പോര്‍ട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച് മാറ്റിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന കുറ്റാരോപണം.തൃശൂരിലെ ആശുപത്രിയില്‍ വച്ച് മാറിലെ മുഴ നീക്കം ചെയ്തതെന്നും പരിശോധന ഫലം ബ്രസ്റ്റ് ക്യാന്‍സറെന്നുമായിരുന്നെന്നും, രോഗിയുടെ ആവശ്യപ്രകാരവും സമ്മതത്തോടെയുമാണ് സര്‍ജറി ചെയ്തതെന്നും ഡോക്ടര്‍ പറയുന്നു. അംഗീകൃത പതോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ചികിത്സയും സര്‍ജറിയും നടക്കുന്നത്. ഇതല്ലാതെ മറ്റൊരു റിപ്പോര്‍ട്ടും തന്നെ കാണിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു. ഇവിടെ ഒരു സംശയത്തിന് മാത്രം ഡോക്ടര്‍ മറുപടി പറയുന്നില്ല. 2024 ഫെബ്രുവരി 17നാണ് സര്‍ജറി നടന്നത്. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ രോഗി 16ന് എത്തിയെന്നും പറയുന്നു. മറ്റൊരു ഡോക്ടറാണ് അഡ്മിറ്റ് ചെയ്തതെന്നും വിശദീകരിക്കുന്നു. എന്നാല്‍ ഇതേ ആശുപത്രിയില്‍ ഫെബ്രുവരി 13ന് തന്നെ ഷീജാ പ്രഭാകരന് ക്യാന്‍സറില്ലെന്ന റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട് അഡ്മിറ്റ് ചെയ്ത ഡോക്ടറും കണ്ടില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. ആശുപത്രിയില്‍ എത്തിയ റിപ്പോര്‍ട്ട് എന്തുകൊണ്ട് ഡോക്ടര്‍മാര്‍ അവഗണിച്ചുവെന്നതിന് ഇപ്പോഴും ഉത്തരമില്ല.

ക്യാന്‍സര്‍ ഇല്ലാത്ത വീട്ടമ്മയുടെ മാറിടം ഡോക്ടറുടെ പിഴവ് മൂലം മുറിച്ചു മാറ്റിയെന്ന് പരാതി. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ തൃശൂരിലെ ജീവ ലബോറട്ടറിക്ക് എതിരെയും കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ സര്‍ജന്‍ ഡോ ജോജോ വി ജോസഫിനെതിരെയും നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി ഷീജ പ്രഭാകരന്‍. എന്നാല്‍ പാത്തോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ജറി നടത്തിയെന്നാണ് ഡോക്ടറുടെ പ്രതികരണം. പ്രതികരണത്തിലും യഥാര്‍ത്ഥ വിഷയത്തില്‍ ഡോക്ടര്‍ മറുപടി പറയുന്നില്ല. 2024 ഫെബ്രുവരിയിലാണ് സംഭവം. മാറിടത്തിലെ വേദനയെ തുടര്‍ന്നാണ് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി ഷീജാ പ്രഭാകരന്‍ കൊടകര ശാന്തി ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പ്രാഥമിക പരിശോധനയില്‍ സ്ഥാനാര്‍ബുദമാകാമെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചതോടെ സ്ഥിരീകരിക്കാനായി തൃശൂരിലെ ജീവാ ലബോറട്ടറീസിലേക്ക് ബയോപ്‌സി പരിശോധനയ്ക്ക് അയച്ചു, ഫലം പോസിറ്റീവായിരുന്നു. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ശാന്തി ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചു. ഉറപ്പുവരുത്താന്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയില്‍ കൂടി പോയി രോഗം സ്ഥിരീകരിക്കാന്‍ തീരുമാനിച്ചാണ് കുടുംബം കൊച്ചിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തുന്നത്. ഫെബ്രുവരി 17ന് ആണ് ഓങ്കോളജി സര്‍ജന്‍ ഡോ ജോജോ വി ജോസഫ് ശസ്ത്രക്രിയ നടത്തി ഷീജയുടെ മാറിടം നീക്കം ചെയ്യുന്നത്. എന്നാല്‍ ജീവ ലബോറട്ടറിയില്‍ പരിശോധിച്ച ബയോപ്‌സി സാംപിള്‍ വീണ്ടും പരിശോധന നടത്തിയിരുന്നു, ഇതില്‍ ഫലം നെഗറ്റീവ് ആയിട്ടും അത് പരിശോധിക്കാതെയാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ പരിശോധനാ ഫലം 13ന് ആശുപത്രിയില്‍ കിട്ടിയിരുന്നു. എന്തുകൊണ്ടാണ് ലേക് ഷോറില്‍ നിന്നും ലഭിച്ച ഈ ഫലത്തെ കുറിച്ച് ഡോ ജോജോ വി ജോസഫ് പ്രതികരിക്കാത്തത്. ഈ റിപ്പോര്‍ട്ട് എന്തു കൊണ്ട് ഡോക്ടര്‍ പരിഗണിച്ചില്ലെന്നിടത്താണ് മെഡിക്കല്‍ എത്തിക്‌സിന്റെ ലംഘനം വിഷയമായി മാറുന്നതും.

പ്രമുഖ കാന്‍സര്‍ സര്‍ജനും കൊച്ചി കടവന്ത്രയിലെ ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ മിഷന്‍ കാന്‍സര്‍ കെയര്‍ വിസിറ്റിംഗ് കണ്‍സള്‍ട്ടന്റുമായ ഡോ. ജോജോ വി. ജോസഫ് നല്‍കുന്ന വിശദീകരണത്തില്‍ എവിടെയാണ് പിഴച്ചത് എന്ന് പറയാതെ പറയുന്നുമുണ്ട്. രോഗിയായ വനിത തൃശ്ശൂരിലെ ഒരു ഡോക്ടറെ സമീപിച്ച് ബ്രസ്റ്റിലെ മുഴ നീക്കം ചെയ്തു. ഇത് ബയോപ്സി ആയിരുന്നില്ല, മറിച്ച് 'എക്സിഷന്‍ ബ്രസ്റ്റ് ലംപ്' (മുഴ പൂര്‍ണ്ണമായി നീക്കം ചെയ്യല്‍) ആയിരുന്നു. നീക്കം ചെയ്ത മുഴ തൃശ്ശൂരിലെ എന്‍.എ.ബി.എല്‍.അക്രഡിറ്റഡ് ലാബായ ജീവ ലാബില്‍ പരിശോധിച്ചു. 30 വര്‍ഷത്തെ പരിചയസമ്പന്നനായ പത്തോളജിസ്റ്റ് ഡോ. വി.പി. ഗോപിനാഥന്‍, രോഗിക്ക് ഇന്‍ഫില്‍ട്രേറ്റിങ് ഡക്ട് കാര്‍സിനോമ (ബ്രെസ്റ്റ് കാന്‍സര്‍) ആണെന്ന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടുമായി വനിത ഡോ. വി.പി. ഗംഗാധരന്‍ സാറിനെ കാണുകയും, തുടര്‍ന്ന് സര്‍ജറിക്കായി തന്നെ റഫര്‍ ചെയ്യുകയുമായിരുന്നു. താന്‍ ആദ്യം ബ്രസ്റ്റ് കണ്‍സര്‍വേഷന്‍ സര്‍ജറിയാണ് (മുഴയെടുത്ത ഭാഗം റിവൈസ് ചെയ്യുക, കക്ഷത്തിലെ കഴലകള്‍ നീക്കം ചെയ്യുക) നിര്‍ദ്ദേശിച്ചതെന്നും, എന്നാല്‍ രോഗിയുടെ നിര്‍ബന്ധപ്രകാരം മോഡിഫൈഡ് റാഡിക്കല്‍ മാസ്റ്റക്ടമി (മുഴുവന്‍ ബ്രസ്റ്റും നീക്കം ചെയ്യല്‍) ചെയ്യേണ്ടിവന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച്, രോഗിയുടെ സമ്മതത്തോടെയാണ് സര്‍ജറി ചെയ്തതെന്നും അദ്ദേഹം അറിയിച്ചു. എന്‍.എ.ബി.എല്‍. അക്രഡിറ്റഡ് ലാബില്‍ നിന്നുള്ളതും പ്രഗത്ഭനായ പത്തോളജിസ്റ്റ് സ്ഥിരീകരിച്ചതുമായ കാന്‍സര്‍ റിപ്പോര്‍ട്ട് വിശ്വസനീയമാണ്. സര്‍ജിക്കല്‍ ട്രീറ്റ്മെന്റിന് കാന്‍സര്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് മതി, വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. പാഥമികമായി ട്യൂമര്‍ അടങ്ങിയ മുഴ തൃശ്ശൂരില്‍ വെച്ച് നീക്കം ചെയ്തതിനാല്‍, അതിനുശേഷം ചെയ്ത മോഡിഫൈഡ് റാഡിക്കല്‍ മാസ്റ്റക്ടമിയില്‍ ട്യൂമര്‍ കാണാതിരിക്കുന്നത് സാധാരണമാണ്. താന്‍ വിസിറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയതുകൊണ്ട് അഡ്മിഷന്‍ നടപടികളോ റിപ്പോര്‍ട്ടുകളോ നേരിട്ട് കൈകാര്യം ചെയ്യുന്നില്ലെന്നും പറയുന്നു.

ഞാന്‍ ഈ പ്രസ്തുത വനിതയെ കാണുന്നത് 2024 ഫെബ്രുവരി മാസം 12-ാം തീയതിയാണ്. അവരുടെ ആവശ്യപ്രകാരം സര്‍ജറിക്ക് പോസ്റ്റ് ചെയ്യുന്നു. അവരോട് പോയിട്ട് പ്രിപ്പറേഷന്‍സ് ആയിട്ട് വെള്ളിയാഴ്ച അതായത് 16ാം തീയതി അഡ്മിഷന്‍ വരാന്‍ പറയുന്നു. സര്‍ജറി ചെയ്യാമെന്നേക്കുന്നു. അതോടുകൂടി അവിടുത്തെ ഭാഗം തീര്‍ന്നു. 12-ാം തീയതിക്ക് ശേഷം ഞാന്‍ പിന്നെ ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പോകുന്നത് 17-ാം തീയതിയാണ്. ഇവര്‍ 16-ാം തീയതി വന്ന് ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ ജനറല്‍ സര്‍ജനായ ഡോക്ടര്‍ ബിനില്‍ കേശവന്‍ ബാബുവിന്റെ അണ്ടറില്‍ അഡ്മിറ്റ് ആകുന്നു. അവരുടെ പ്രീഓഫ് വര്‍ക്കപ്പുകള്‍ നടക്കുന്നു. പിറ്റേ ദിവസം 17 ാം തീയതിയാണ് ഞാന്‍ വീണ്ടും ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ എത്തുന്നത്. രാവിലെ ഏഴര ആകുമ്പോള്‍ ഞാന്‍ ഹോസ്പിറ്റലില്‍ എത്തുന്നു. അവിടെ ഞാന്‍ ഇവരെ കാണുന്നത് പ്രീ ഓപ്പറേറ്റീവ് റൂമില്‍ വെച്ചാണ.് പ്രീ ഓപ്പറേറ്റീവ് റൂമില്‍ വെച്ച് സ്ട്രിക്റ്റ് ആയിട്ടും സര്‍ജറിക്ക് മുമ്പ് ഞാന്‍ പേഷ്യന്റിനെ കണ്ടിരിക്കും. കാരണം പേഷ്യന്റിന്റെ ഓപ്പറേഷന്‍ ചെയ്യാന്‍ പോകുന്ന സൈഡ് സൈറ്റ് പിന്നെ അവരുടെ സമ്മതപത്രം കണ്‍സെന്റ് ഇത്രയും സാധനം പെര്‍ഫെക്റ്റ് ആണോ എന്ന് ഞാന്‍ നോക്കും. ആ രീതിയില്‍ അത് നോക്കി അവരെ സര്‍ജറി ചെയ്യുകയും ചെയ്തു ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം. ഇവിടെ എനിക്ക് എന്ത് കൈപ്പിഴയാണ് പറ്റിയിട്ടുള്ളതെന്നും ഡോക്ടര്‍ ചോദിക്കുന്നു. ഇവിടെയാണ് സര്‍ജന് പിഴവ് പറ്റിയതും. എന്തുകൊണ്ട് രോഗിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം. ആ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇതേ രോഗിക്ക് ക്യാന്‍സറില്ലെന്ന് പറയുന്ന ലാബ് റിപ്പോര്‍ട്ടുണ്ടായിരുന്നു. 13ന് ആശുപത്രിയില്‍ കിട്ടിയതാണ് ഇത്. ജോജോ ഡോക്ടര്‍ ഈ രോഗിയെ കാണുന്നത് ആദ്യം 12നാണ്. എന്നാല്‍ അതിന് മുമ്പേ ഇതേ ആശുപത്രിയില്‍ അവര്‍ എത്തി. അന്ന് സാമ്പിള്‍ ലേക് ഷോറിലേക്ക് പരിശോധനയ്ക്കും അയച്ചു. ഈ ലാബ് റിപ്പോര്‍ട്ട് 13 ഇതേ ആശുപത്രിയില്‍ കിട്ടി. എന്തു കൊണ്ട് ഈ റിപ്പോര്‍ട്ട് ഡോ ജോജോ കണ്ടില്ലെന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. ഇത് ആശുപത്രി മറച്ചു വച്ചതാണോ എന്ന് ഡോക്ടര്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ഏതായാലും ഈ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടേ ഇല്ലെന്ന് ഡോക്ടര്‍ പറയുന്ന സാഹചര്യത്തില്‍ ഈ ചോദ്യത്തിന് കൂടി വിശദീകരണം നല്‍കേണ്ടതാണ്.

കോണ്‍ഗ്രസ് നേതാവ് അജയ് തറയിലാണ് വിവാദത്തില്‍ കുടുങ്ങിയ ആശുപത്രിയുടെ ചെയര്‍മാന്‍. ഈ ആശുപത്രിയുടെ മെഡിക്കല്‍ രേഖകളുടെ ഭാഗമായ ക്യാന്‍സറില്ലെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഡോക്ടറുടെ കൈയ്യില്‍ എത്താത്തതിന് പിന്നിലെ വസ്തുത പറയാതെ ചികില്‍സാ പിഴവില്‍ വേദന അനുഭവിക്കുന്നയാളിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നതാണ് ഡോക്ടറുടെ വീഡിയോ.

Tags:    

Similar News