ശബരിമല സ്വര്‍ണ്ണ കൊള്ള: തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം ഹൈക്കോടതി സ്റ്റേ ചെയ്തു; എസ്.ഐ.ടി അപ്പീലില്‍ നോട്ടീസ്; ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കും; സര്‍ക്കാരിനും അന്വേഷണ സംഘത്തിനും താല്‍കാലിക ആശ്വാസം

Update: 2026-03-17 05:30 GMT

കൊച്ചി: ശബരിമല കൊള്ളക്കേസുമായി ബന്ധപ്പെട്ട് വിവാദമായ പീഡനക്കേസില്‍ പ്രതിയായ തന്ത്രിക്കെതിരെ തെളിവില്ലെന്ന കീഴ്ക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്ന നിരീക്ഷണമാണ് സെഷന്‍സ് കോടതി നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. ഇതോടെ കേസില്‍ സര്‍ക്കാരിനും അന്വേഷണ സംഘത്തിനും താല്‍ക്കാലിക ആശ്വാസമായി.

പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന സെഷന്‍സ് കോടതിയുടെ നിരീക്ഷണം വസ്തുതകള്‍ പരിശോധിക്കാതെയാണെന്ന് എസ്.ഐ.ടി ഹൈക്കോടതിയില്‍ വാദിച്ചു. അതീവ ഗൗരവകരമായ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലായിരിക്കെ, ഇത്തരമൊരു പരാമര്‍ശം നടത്തിയത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ തടസ്സപ്പെടുത്തുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദം ഗൗരവത്തിലെടുത്ത ഹൈക്കോടതി, വിവാദ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യുകയായിരുന്നു.

തന്ത്രിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഹൈക്കോടതി തന്ത്രിക്ക് നോട്ടീസ് അയച്ചു. പ്രതി പുറത്തിറങ്ങുന്നത് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന അപ്പീലില്‍ പ്രതിഭാഗത്തിന്റെ വിശദീകരണം ലഭിച്ച ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.

അന്വേഷണ സംഘം ശേഖരിച്ച തെളിവുകള്‍ ഗൗരവമുള്ളതാണെന്നും കീഴ്ക്കോടതി വിധിയില്‍ പിശകുണ്ടെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

Similar News