തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം: വെന്റിലേറ്ററില്‍ നിന്ന് പുകയുയര്‍ന്നു; ഐസിയുവില്‍ നിന്ന് രോഗികളെ മാറ്റിപ്പാര്‍പ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം; ആര്‍ക്കും പരിക്കില്ലെന്ന് റിപ്പോര്‍ട്ട്; വന്‍ പൊട്ടിത്തെറിയുണ്ടായെന്ന് സൂചന; തീ പിടിച്ചത് ഗുരുതര രോഗമുള്ളവരെ ചികില്‍സിച്ചിരുന്ന ഐസിയുവില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ സര്‍ജിക്കല്‍ ഐസിയുവിലാണ് സംഭവം. ഐസിയുവില്‍ ഉണ്ടായിരുന്ന ഒരു വെന്റിലേറ്ററില്‍ നിന്നാണ് തീപടര്‍ന്നത്. കൃത്യസമയത്ത് രോഗികളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ആദ്യ നിലയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് തീ പിടിത്തമുണ്ടായത്.
ഐസിയുവില്‍ പുക പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. ചെങ്കല്‍ചൂളയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. വെന്റിലേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരിക്കേറ്റില്ല. തിരുവനന്തപുരം മേയര്‍ വിവി രാജേഷ് അടക്കം സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മേയര്‍ അറിയിച്ചു.
തീപിടിത്തമുണ്ടായ സമയത്ത് ഐസിയുവില്‍ ഉണ്ടായിരുന്ന രോഗികളെയും തൊട്ടടുത്ത വാര്‍ഡുകളിലെ രോഗികളെയും അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പുക ഉയര്‍ന്നത് രോഗികള്‍ക്കിടയിലും കൂട്ടിരിപ്പുകാര്‍ക്കിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല എന്നത് ആശ്വാസകരമാണ്. ആരോഗ്യ വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.