വെള്ളപ്പൊക്കത്തില്‍ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട കര്‍ഷകര്‍; അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന രണ്ട് ജര്‍മ്മന്‍ കമ്പനികള്‍ക്ക് എതിരെ പാക്കിസ്ഥാനിലെ ഒരു സംഘം കര്‍ഷകര്‍ നിയമനടപടിയ്ക്ക്

Update: 2025-10-31 04:31 GMT

ന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന രണ്ട് ജര്‍മ്മന്‍ കമ്പനികള്‍ക്ക് എതിരെ പാക്കിസ്ഥാനിലെ ഒരു സംഘം കര്‍ഷകര്‍ നിയമനടപടിയുമായി രംഗത്ത്. മൂന്ന് വര്‍ഷം മുമ്പ് വെള്ളപ്പൊക്കത്തില്‍ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട കര്‍ഷകരാണ് ഇവര്‍ക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. സിന്ധ് മേഖലയില്‍ നിന്നുള്ളവരാണ് ഈ കര്‍ഷകര്‍. ഊര്‍ജ്ജ സ്ഥാപനമായ ആര്‍.ഡബ്ല്യു.ഇയ്ക്കും സിമന്റ് നിര്‍മ്മാതാവായ ഹൈഡല്‍ബെര്‍ഗിനും എതിരെയാണ് ഇവര്‍ നീങ്ങുന്നത്.

ഇത് സംബന്ധിച്ച ഔദ്യോഗിക കത്തുകളും ഇവര്‍ നല്‍കിയിട്ടുണ്ട്. ആഗോള കാലാവസ്ഥാ അപകട സൂചിക പ്രകാരം, 2022 ല്‍ തീവ്രമായ കാലാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായിരുന്നു പാകിസ്ഥാന്‍ അതിശക്തമായ മഴ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലാക്കി. കുറഞ്ഞത് 1,700 പേരെങ്കിലും കൊല്ലപ്പെടുകയും 33 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. വിശാലമായ കൃഷിഭൂമി നശിപ്പിക്കുകയും 30 ബില്യണ്‍ ഡോളര്‍ വരെ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു. സിന്ധ് മേഖലയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത്.

നിരവധി ജില്ലകള്‍ ഒരു വര്‍ഷത്തിലേറെ വെള്ളത്തിനടിയിലായി. ഇതിനാണ് രണ്ട് കമ്പനികളില്‍ നിന്നും ബാധ്യതയുടെ അംഗീകാരവും ഒരു പരിധിവരെ നഷ്ടപരിഹാരവും അവര്‍ ആഗ്രഹിക്കുന്നു. ഇത് ലഭിച്ചില്ലെങ്കില്‍, ഡിസംബറില്‍ കോടതിയില്‍ പോകാനാണ് അവര്‍ പദ്ധതിയിടുന്നത്. ജര്‍മ്മനിയിലെ ഏറ്റവും മലിനീകരണമുണ്ടാക്കുന്ന രണ്ട് കമ്പനികളാണ് ആര്‍.ഡബ്ല്യൂ.ഇ, ഹീഡല്‍ബെര്‍ഗ് മെറ്റീരിയില്‍സ് എന്നിവ. 1965 മുതല്‍ ഇവര്‍ വലിയ തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയാണ്. നാശനഷ്ടം വരുത്തുന്നവര്‍ അതിനുള്ള പണവും നല്‍കണം എന്നാണ് കര്‍ഷകര്‍ പറയുന്നത്.

അതേ സമയം കമ്പനിഅധികൃതര്‍ ഇനിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു വക്കീല്‍ നോട്ടീസ് ലഭിച്ചതല്ലാതെ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച, ഫിലിപ്പീന്‍സിലെ ഒരു കൂട്ടം ആളുകള്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഷെല്ലിനെതിരെ യുകെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍, സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു കോടതി, ഇന്തോനേഷ്യന്‍ ദ്വീപായ പുലാവു പാരിയിലെ നാല് പേര്‍ സ്വിസ് സിമന്റ് കമ്പനിയായ ഹോള്‍സിമിനെതിരെ സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍ ആദ്യ വാദം കേട്ടു. 2022 ലെ പാക്കിസ്ഥാന്‍ വെള്ളപ്പൊക്കവും പ്രത്യേകിച്ച് സിന്ധ് മേഖലയും ഉള്‍പ്പെടെ മഴയുടെ പാറ്റേണുകളില്‍ മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം കാണിക്കുന്ന പഠനങ്ങള്‍ അവര്‍ സമര്‍പ്പിക്കും.

ഹോള്‍സിം കേസിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സിലെ ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ കോ-പ്രോഗ്രാം ഡയറക്ടര്‍ ക്ലാര ഗോണ്‍സാലസ്, കേസ് ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

Similar News