അന്വേഷണം പ്രാരംഭഘട്ടത്തിൽ, ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കും; കസ്റ്റഡി അപേക്ഷ ഉടൻ നൽകും; ദീപക്കിന്‍റെ ആത്മഹത്യയിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; റിമാൻഡിൽ കഴിയുന്ന യുവതിക്ക് ഇന്ന് നിർണ്ണായകം

Update: 2026-01-27 01:55 GMT

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചത്തിന്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. റിമാൻഡിൽ കഴിയുന്ന ഷിംജിതക്ക് ഇത് നിർണ്ണായക ദിവസമാണ്. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഷിംജിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ കോളേജ് പോലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പോലീസ് റിപ്പോർട്ട് ഉൾപ്പെടെ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിയത്. കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലാണ് ഷിംജിത മുസ്തഫ പ്രതിചേർക്കപ്പെട്ടത്. ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയാണ് ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

ഈ വീഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം, ഷിംജിതയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇതുവരെ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടില്ല. അതിനിടെ, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും, ആളുകൾ തെറ്റിദ്ധരിക്കുമെന്നും ചൂണ്ടിക്കാട്ടി വീഡിയോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദീപക്കിനൊപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി കണ്ണൂർ സിറ്റി സൈബർ പോലീസിനെ സമീപിച്ചിരുന്നു.

ഈ പരാതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പോലീസിന് വിവരാവകാശ അപേക്ഷയും നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയ്ക്കിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ദീപക് തന്റെ ശരീരത്തിൽ സ്പർശിച്ചെന്നും, ഇത് താൻ വീഡിയോയിൽ ചിത്രീകരിക്കുന്നത് കണ്ടിട്ടും അതിക്രമം തുടർന്നുവെന്നുമായിരുന്നു ഷിംജിത സമൂഹ മാധ്യമത്തിൽ ഉന്നയിച്ച ആരോപണം. ദീപക്കിന്റെ പേര് പരാമർശിക്കാതെ, എന്നാൽ മുഖം വ്യക്തമാകുംവിധമായിരുന്നു ഈ വീഡിയോ.

രണ്ട് ഭാഗങ്ങളായി പുറത്തുവന്ന വീഡിയോയിൽ, ആദ്യത്തേത് ബസ് യാത്രയിലെ ദൃശ്യങ്ങളും രണ്ടാമത്തേത് സംഭവത്തെക്കുറിച്ചുള്ള ഷിംജിതയുടെ വിശദീകരണവുമായിരുന്നു. ഒരു ദിവസം കൊണ്ട് 23 ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് മാനക്കേട് താങ്ങാനാകാതെ മാനസികമായി തകർന്നാണ് മകൻ ജീവനൊടുക്കിയതെന്ന് ദീപക്കിന്റെ അമ്മ കന്യക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News